അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന മേഖലാതലയോഗത്തിന് മുന്നോടിയായുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി, നവകേരളമിഷന്‍, പൊതുമരാമത്ത്, മാലിന്യമുക്ത കേരളം, ജില്ല അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചാണ് മേഖലാതല യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ അര്‍ഹര്‍ക്ക് അവകാശരേഖകള്‍ ലഭ്യമാക്കുന്നതിനൊപ്പം അവര്‍ക്ക് വീട്, തൊഴില്‍, ആരോഗ്യസേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തും. ജില്ലയിലെ തുമ്പമണ്‍ പഞ്ചായത്ത് അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി, നവകേരളമിഷന്‍, പൊതുമരാമത്ത്, മാലിന്യമുക്ത കേരളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയാണ് സര്‍ക്കാര്‍ ഓരോ ചുവടും വയ്ക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഏനാത്ത് നിര്‍മിക്കുന്ന ലൈഫ് ടവറിന്റെ നിര്‍മാണം മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 56 യൂണിറ്റുകളാണ് ഇവിടെയുള്ളത്.
പന്തളം മുടിയൂര്‍ക്കോണത്ത് നിര്‍മിക്കുന്ന ലൈഫ് ഫ്ളാറ്റും ഉടന്‍ പൂര്‍ത്തീകരിക്കും. ഹരിതകേരളം മിഷനിലുള്‍പ്പെടുത്തി നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയായ ഇനി ഞാന്‍ ഒഴുകട്ടെ ഓഗസ്റ്റോടെ പൂര്‍ത്തീകരിക്കും. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ജലബജറ്റ് ജില്ലയില്‍ മല്ലപ്പള്ളി ബ്ലോക്കില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയിലെ മറ്റ് ബ്ലോക്കുകളിലും ഇത് ഉടന്‍ നടപ്പാക്കും. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജലഗുണ നിലവാര ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.
ജില്ലയിലെ പച്ചത്തുരുത്ത് സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. മല്ലപ്പുഴശേരി ഇടപ്പാറക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തുള്ള പച്ചതുരുത്ത് ജില്ലയിലെ പ്രധാനപ്പെട്ട ഒന്നാണ്. നിലവില്‍ 97 പച്ചത്തുരുത്തുകളാണ് ഉള്ളത്. ആറെണ്ണം പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചെണ്ണം മാതൃകാപച്ചതുരുത്തായി കണ്ടെത്തി സംരക്ഷിക്കുന്ന പദ്ധതിയും ഉടന്‍ ആരംഭിക്കും. ചുറ്റുമതിലില്ലാത്ത നാല് സ്‌കൂളുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുള്‍പ്പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കും. മഴയുടെ അളവ് കൂടുതലായ ജില്ലയായിട്ടും കുടിവെള്ളം വിതരണം ചെയ്യുന്ന അവസ്ഥയുണ്ട്. ഇത് തിരുവനന്തപുരത്ത് ചേരുന്ന മേഖലാതല കാബിനറ്റില്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് യൂസര്‍ഫീ നല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും വിമുഖത കാണിക്കുന്നവരുണ്ട്. അക്കാര്യത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വേണ്ടപ്രവര്‍ത്തനങ്ങള്‍ നടത്തും. ദ്രവമാലിന്യ സംസ്‌കരണത്തിനായി ജില്ലയില്‍ എഫ്എസ്ടിപി പ്ലാന്റ് (ഫീക്കല്‍ സ്ളഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്), തെരുവുനായകളുടെ വന്ധ്യംകരണത്തിനായുള്ള എബിസി സെന്റര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള റീഹാബിലിറ്റേഷന്‍ സെന്റര്‍, മല്ലപ്പള്ളി ഫയര്‍സ്റ്റേഷന്‍, വിമുക്തി റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ചും ജില്ലയിലെ 100 ഹോം ഗാര്‍ഡുകളുടെ കുറവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാരില്‍ നിന്ന് തേടുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ആംബുലൻസുകൾക്ക് ജിപിഎസ് നിർബന്ധമാക്കും; മന്ത്രി ആൻ്റണി രാജു