കുരുമുളകിന്റെ വിലയിടിവ് തുടരുന്നു.കർഷകരുടെ പക്കൽനിന്ന് ഉൽപന്നം വിപണിയിലേക്ക് എത്താതിരുന്നതാണ് പ്രധാന കാരണം. അടുത്ത സീസൺ ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ വില ഇടിയുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നു. അതിനിടെ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ ചണ്ടി വ്യാപകമായി വിപണിയിലേക്ക് എത്തുന്നതും വിലത്തകർച്ചയ്ക്ക് വഴിവയ്ക്കാൻ കാരണമായി.
മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ സത്ത് എടുത്തശേഷം ചണ്ടി കുറഞ്ഞ വിലയ്ക്ക്, ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളിലേക്ക് എത്തുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗബാധകളും മൂലം വൻതോതിൽ കൃഷി നശിക്കുകയും ഉൽപാദനം കുറയുകയും ചെയ്തിട്ടും കുരുമുളക് വിലയിൽ ഉയർച്ച ഉണ്ടായിട്ടില്ല. 6 വർഷത്തിനു ശേഷമുള്ള വൻ വിലയിടിവിൽനിന്ന് കുരുമുളക് വിപണി ഇനിയും കരകയറിയിട്ടില്ല. 3 വർഷം മുൻപ് 730 രൂപയിൽ എത്തിയിരുന്നു. ഇക്കൊല്ലം ഏപ്രിലിൽ .345 രൂപയായിരുന്നതാണ് ഇപ്പോൾ 290 രൂപയിൽ എത്തിനിൽക്കുന്നത്.