ആശുപത്രികളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി, രാജ്യത്തെ പൊതുജനാരോഗ്യസംവിധാനങ്ങളില്‍ 551
സമര്‍പ്പിത പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പി.എസ്.എ) മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കുന്നതിന് പി എം കെയര്‍സ് ഫണ്ട് തത്വത്തില്‍ അനുമതി നല്‍കി. ഈ പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓക്‌സിജന്റെ ലഭ്യത ജില്ലാതലത്തില്‍ വലിയതോതില്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പ്ലാന്റുകള്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ / കേന്ദ്രഭരണപ്രദേശങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത ഗവണ്‍മെന്റ് ആശുപത്രികളിലായിരിക്കും ഈ സമര്‍പ്പിത പ്ലാന്റുകള്‍ സ്ഥാപിക്കുക. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വഴിയായിരിക്കും സംഭരണം നടത്തുക.
രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിനുള്ളില്‍ 162 സമര്‍പ്പിത പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പി.എസ്.എ) മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ അധികമായി സ്ഥാപിക്കുന്നതിനായി പി.എം. കെയേഴ്‌സ് ഫണ്ടില്‍ നിന്ന് ഈ വര്‍ഷം ആദ്യം 201.58 കോടി രൂപ അനുവദിച്ചിരുന്നു.
ജില്ലാ ആസ്ഥാനങ്ങളിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ ഈ പി.എസ്.എ ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിന്നിലുള്ള അടിസ്ഥാന ലക്ഷ്യം പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഓരോ ആശുപത്രിക്കും സ്വാഭാവികമായി സ്വന്തമായ (ക്യാപ്റ്റീവ് പ്രൊഡക്ഷന്‍) നിലയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദന സൗകര്യം ഉറപ്പാക്കുകയുമാണ്. ഒരു സ്ഥാപനത്തിനുള്ളില്‍ തന്നെയുള്ള ഇത്തരത്തില്‍ സ്വാഭാവികമായും സ്വന്തമായും (ക്യാപ്റ്റീവ് )ഉള്ള ഓക്‌സിജന്‍ ഉല്‍പ്പാദന സൗകര്യം ഈ ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യങ്ങളെ അഭിസംബോധനചെയ്യും.
അതിനുപരിയായി ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍.എം.ഒ) ക്യാപ്റ്റീവ് ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് ഒരു ടോപ്പ് അപ്പ് ആയി വര്‍ത്തിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു സംവിധാനം ജില്ലകളിലെ ഗവണ്‍മെന്റ് ആശുപത്രികളില്‍ പൊടുന്നനെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെടില്ലെന്നത് ഉറപ്പാക്കുകയും കോവിഡ്-19 രോഗികളെയും സഹായം ആവശ്യമുള്ള മറ്റ് രോഗികളെയും കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ തടസ്സമില്ലാത്ത ഓക്‌സിജന്‍ വിതരണം പ്രാപ്യമാക്കുകയും ചെയ്യും.
രാജ്യത്താകമാനമുള്ള ജില്ലാ ആസ്ഥാനങ്ങളിലെ ഗവണ്‍മെന്റ് ആശുപത്രികളിലായിരിക്കും ഓക്‌സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുക.
ഈ പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഈ ഓക്‌സിജന്‍ പ്ലാന്റുകള്‍ ജില്ലാ ആസ്ഥാനങ്ങളിലെ ആശുപത്രികളില്‍ തടസരഹിതമായ ഓക്‌സിജന്‍ വിതരണം ഉറപ്പാക്കും