ഒരു മനുഷായുസ്സിലെ സമ്പാദ്യം മുഴുവനും ചിലവാക്കിയാലും വിവാഹ ആവശ്യങ്ങൾക്ക് മതിയായെന്ന് വരില്ല. സ്വന്തം വിവാഹത്തിനോ മകളുടെയോ സഹോദരിയുടെയോ വിവാഹത്തിനോ സാധാരണക്കാരനും സമ്പന്നനും പലപ്പോഴും ബാങ്ക് ലോണുകളെയാണ് ആശ്രയിച്ചു പോരുന്നത്.
സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളും പലപ്പോഴും കുഴപ്പിക്കുന്ന കാര്യമാണ്. പഴയ സ്വർണങ്ങൾ പണയം വച്ചോ വിറ്റോ അതിനാൽ തന്നെ പണം സ്വരുക്കൂട്ടുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരും. വീടിന്‍റെയും ഭൂമിയുടെയും ആധാരം പണയപ്പെടുത്തി ലോൺ എടുത്തും വ്യക്തിഗത വായ്പകളിലൂടെയുമാണ് ഭൂരിഭാഗവും ഇതിന് ഉപായം കണ്ടെത്തുന്നത്.
ഇതിൽ തന്നെ വെഡ്ഡിങ് ലോൺ എന്ന വിഭാഗത്തിലുള്ള വ്യക്തിഗത വായ്പകൾ അനുവദിക്കുന്ന ലോണിനായി ശ്രമിച്ചാൽ വായ്പയുടെ പലിശ നിരക്കിൽ കുറച്ച് ഇളവുണ്ടായേക്കാം. ഇത് പല ബാങ്കുകൾക്കും വ്യത്യാസപ്പെട്ടിരിക്കുന്നു.
എച്ച്ഡിഎഫ്‍സി മാര്യേജ് ലോൺ
രാജ്യത്തെ പ്രമുഖ ബാങ്കായ എച്ച്ഡിഎഫ്‍സി ബാങ്ക് മാര്യേജ് 10.25 ശതമാനം മുതൽ 20.40 ശതമാനം വരെ നിരക്കിൽ ആണ് വിവാഹ ലോൺ പാസാക്കുന്നത്. ഇത് തിരിച്ചടയ്ക്കാനുള്ള കാലാവധി ഒരു വര്‍ഷം മുതൽ മൂന്ന് വര്‍ഷം വരെയാണ്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങൾ, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ലോൺ ലഭിക്കും.
ഇതിന് പുറമെ, തെരഞ്ഞെടുത്ത പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും ലോൺ അനുവദിക്കുന്നുണ്ട്.
എന്നാൽ, നിലവിലെ തൊഴിലുടമയ്ക്ക് കീഴിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്ത വ്യക്തികൾക്കാണ് ഈ ലോൺ അനുവദിക്കുന്നത് എന്ന നിബന്ധനയുണ്ട്. അപേക്ഷകന് ഏറ്റവും കുറഞ്ഞത് രണ്ട് വർഷമായി എങ്കിലും ജോലി ഉള്ള ആളായിരിക്കണം.
21 വയസിനും 60 വയസിനും ഇടയിലാണ് പ്രായ പ്രായപരിധി. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയ വിവരങ്ങളാണ് ഇതിനായി ഹാജരേക്കണ്ടത്. എച്ച്ഡിഎഫ്സിയുടെ ഈ ലോണിലൂടെ പരമാവധി 75 ലക്ഷം രൂപ വരെ ലഭിക്കും.
ഐസിഐസിഐ ലോൺ
10.5 ശതമാനം നിരക്കിലാണ് ഐസിഐസിഐ ബാങ്ക് മാര്യേജ് ലോൺ നൽകുന്നത്. ഈ നിരക്കിൽ ഏറ്റവും കുറഞ്ഞത് 50,000 രൂപ വരെ ലഭിക്കും. ലോണിലൂടെ ലഭ്യമാകുന്ന പരമാവധി തുക 25 ലക്ഷം രൂപയാണ്.
ലോണിനായി ബാങ്കിൽ നീണ്ട നിരയിലും മറ്റും കാത്തുകിടക്കേണ്ട. ഓൺലൈനിലൂടെയും ഈ മാര്യേജ് ലോണിനായി അപേക്ഷിക്കാം. മറ്റ് ബാങ്കുകളിലെ സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇതിന് ഡോക്യുമെന്‍റേഷനും കുറവാണ്.
വായ്പക്ക് അപേക്ഷിക്കുന്നയാൾ 23 വയസ് പൂര്‍ത്തിയായിരിക്കണം. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്നും, സ്ഥിരവരുമാനം ഉണ്ടായിരിക്കണമെന്നും നിബന്ധയുണ്ട്. എന്നാൽ, ഓരോ വിഭാഗത്തിലെ വ്യക്തികളുടെയും യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.
ഐസിഐസിഐ ബാങ്ക് ആപ്പിലൂടെയും ഇൻറര്‍നെറ്റ് ബാങ്കിംഗ്, ഐമൊബൈൽ ആപ്പിലൂടെയും ഓൺലൈനായി ലോണിന് അപേക്ഷിക്കാം. കൂടാതെ, ഐസിഐസിഐയുടെ ബാങ്ക് ശാഖയിലൂടെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓൺലൈനായി അപേക്ഷിക്കുന്നവർ 5676766 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക. ശേഷം പേഴ്‌സണൽ ലോൺ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിക്കും.