Provident Fund അക്കൗണ്ടുകൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പുകളി (Online Frauds)ലൂടെ പണം നഷ്ടമായേക്കാമെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. വഞ്ചനാപരമായ സ്‌കീമുകളിലൂടെയും തട്ടിപ്പുകളിലൂടെയും പലരുടെയും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാകുന്നുവെന്നും അതിനാൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളെ (PF Accounts) സംരക്ഷിക്കുന്നതിനുള്ള ഉപായങ്ങളും EPFO പങ്കുവച്ചു.
EPFO നൽകുന്ന നിർദേശശങ്ങൾ (Instructions From EPFO)
തങ്ങളുടെ പ്രതിനിധിയാണെന്ന് അവകാശപ്പെട്ട് മെസേജുകളോ കോളുകളോ വന്നാൽ നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ഒടിപി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ വെളിപ്പെടുത്തരുതെന്ന് EPFO ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
തങ്ങൾ ഒരിക്കലും വാട്ട്സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സമൂഹമാധ്യമങ്ങൾ വഴിയോ പണം നിക്ഷേപിക്കാനും വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടില്ല. EPFO ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഈ ആവശ്യങ്ങളുമായി ആരെങ്കിലും ബന്ധപ്പെട്ടാൽ അതിനോട് പ്രതികരിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ, ആധാര്‍, പാന്‍ നമ്പര്‍, യുഎഎന്‍ എന്നീ രേഖകൾ പങ്കിടാനോ പണം അയക്കാനോ ആവശ്യപ്പെട്ട് കോളുകളും സന്ദേശങ്ങളും ലഭിച്ചാൽ അംഗങ്ങൾ സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും EPFOയുടെ ട്വിറ്റർ പേജിൽ വിശദീകരിക്കുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് പരിശോധിക്കാം.
വ്യാജ മെസേജുകൾക്കും കോളുകൾക്കും എങ്ങനെ പ്രതികരിക്കണം? (How To Respond With Fraud Messages And Calls?)
EPFO ഉദ്യോഗസ്ഥരെന്ന വ്യാജേന യുഎഎന്‍ വിവരങ്ങളും, പാന്‍ നമ്പർ- ആധാര്‍ നമ്പർ എന്നിവ പങ്കിടാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോളുകളും സന്ദേശങ്ങളും ലഭിച്ചാൽ ഉടന്‍ തന്നെ ആ വിവരം EPFOയെ അറിയിക്കുക. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ www.epfindia.gov.inയിലൂടെ നിങ്ങൾക്കിത് ചെയ്യാവുന്നതാണ്. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും ഉപയോക്താക്കൾക്ക് EPFOയുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ വിവരങ്ങൾ എങ്ങനെ തട്ടിപ്പുകാരില്‍ നിന്ന് സുരക്ഷിതമാക്കാം? (How To Protect Your Data From Fraudulent Calls And Messages?)
ഇതിനായി നിങ്ങൾക്ക് ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്താം. അതായത്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാനായി EPFO വിവരങ്ങൾ ഡിജിലോക്കറില്‍ സൂക്ഷിക്കാം.
എന്താണ് ഡിജിലോക്കർ? (What is Digi locker?)
ആധാർ പോലുള്ള തിരിച്ചറിയൽ രേഖകളും സര്‍ട്ടിഫിക്കറ്റുകളും സൂക്ഷിക്കുകയും പങ്കിടുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന സുരക്ഷിതമായ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ് ഡിജിലോക്കര്‍. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രാലയമാണ് ഇത് കൈകാര്യം ചെയ്യുന്നത്.
ഡിജിലോക്കറിൽ ലോഗിൻ ചെയ്യുന്നത് എളുപ്പമാണ്. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പർ അല്ലെങ്കിൽ ആധാര്‍ നമ്പറാണ് ആവശ്യമായിട്ടുള്ളത്. ഡിജിലോക്കറിൽ സൈൻ അപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കുകയും ഇങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പർ അല്ലെങ്കിൽ ആധാര്‍ നമ്പർ സ്ഥിരീകരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE PPF: ദിവസം 150 രൂപ, മികച്ച കൂട്ടുപലിശയടക്കം വർഷങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാം…
ശേഷം ടു ഫാക്ടര്‍ ഓതന്റിഫിക്കേഷനിലൂടെ സെക്യൂരിറ്റി പിന്‍ സജ്ജീകരിക്കും. തുടർന്ന് 'അപ്‍ലോഡ് ഡോക്യുമെന്റ്' എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് നിങ്ങൾക്ക് സൂക്ഷിക്കേണ്ട രേഖകൾ അപ്ലോഡ് ചെയ്യുക.ഡിജിലോക്കർ PDF, JPEG, PNG എന്നിങ്ങനെയുള്ള ഫോര്‍മാറ്റുകളില്‍ രേഖകൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഫയലുകൾക്ക് പരമാവധി വലിപ്പം 10MBയാണ്. ഇങ്ങനെ ആധാറും മൊബൈൽ നമ്പറും ഡിജിലോക്കര്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.