പ്ലാസ്റ്റിക് നിരോധനം വന്നതോടെ ബദൽ ഉത്പന്നങ്ങള്‍ വിപണി കൈയടക്കുകയാണ്. ബേക്കറികളിലും കൂള്‍ബാറുകളിലും ജ്യൂസും മറ്റും കുടിക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് പകരം കടലാസുകൊണ്ടുള്ള സ്ട്രോകളാണ് ഇപ്പോൾ വിപണിയിലെ പ്രധാന ആകര്‍ഷണം.
ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും കുടില്‍വ്യവസായ കൂട്ടായ്മകള്‍ ഗ്രാമങ്ങളില്‍ സജീവമായിരിക്കുകയാണ്.വിവിധ വര്‍ണങ്ങളിലുള്ള കട്ടികൂടിയ ആകര്‍ഷകമായ സ്ട്രോയാണ് ജ്യൂസ് കടകളില്‍ എത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്.
എന്നാൽ , കടലാസുകൊണ്ടുള്ള ഇത്തരം ഉത്പന്നങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ കിട്ടുന്ന ലാഭം കുറയുന്നുണ്ടെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.100 പ്ലാസ്റ്റിക് സ്ട്രോയടങ്ങുന്ന ഒരു പാക്കറ്റിനുമുമ്പ് 13 രൂപയാണ് വിലയുണ്ടായിരുന്നതെങ്കില്‍ കടലാസുകൊണ്ടുള്ള സ്ട്രോ ഒരു പാക്കറ്റ് കിട്ടണമെങ്കില്‍ 40 രൂപമുതല്‍ 45 രൂപവരെ മുടക്കണം. ശരാശരി തിരക്കുള്ള കൂള്‍ബാറുകളില്‍ ഒരുദിവസം അഞ്ഞൂറോളം സ്ട്രോ ആവശ്യം വരുന്നുണ്ട്.
ഇങ്ങനെ വരുമ്പോള്‍ ദിവസേന 65 രൂപ വേണ്ടിടത്ത് ഇപ്പോള്‍ 200 രൂപയിലധികം മുടക്കേണ്ട സ്ഥിതിയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കടലാസ് കിറ്റുകളുടെ കാര്യവും വ്യത്യസ്തമല്ല. പ്ലാസ്റ്റിക് സഞ്ചിക്ക് ഒരെണ്ണത്തിന് ഒരു രൂപയുണ്ടായിരുന്നിടത്ത് കടലാസുസഞ്ചിക്ക് ഒരെണ്ണത്തിന് നാലുരൂപമുതല്‍ അഞ്ചുരൂപവരെയാണ് വില. കൂടുതല്‍ സാധനങ്ങളിട്ടാല്‍ പൊട്ടിപ്പോകുന്നുണ്ടെന്ന പരാതിയും ഉപഭോക്താക്കള്‍ക്കുണ്ട്.ഒരുകിലോഗ്രാം കടലാസുസഞ്ചിക്ക് 135 രൂപവരെ വിലയുണ്ട്. ജൈവരീതിയിലുള്ള കിറ്റിന് ഒരു കിലോഗ്രാമിന് 380 രൂപവരെ വിലവരും.ഉപഭോക്താക്കള്‍ വീട്ടില്‍നിന്ന് സഞ്ചിയുമായി വരാന്‍ മടിക്കുന്നതിനാല്‍ ചെറിയ ഭാരം കുറഞ്ഞ സാധനങ്ങള്‍പോലും സഞ്ചിയിലിട്ട് നല്‍കേണ്ട സ്ഥിതിയാണ്.ഇല്ലെങ്കില്‍ വാങ്ങാതെ തിരിച്ചുപോവും. അതിനാല്‍, നഷ്ടം സഹിച്ചും വ്യാപാരികള്‍ കടലാസ് കിറ്റുകള്‍ വാങ്ങിവെക്കുകയാണ്.