2022 - ലെ കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. നടപ്പില്‍ വരുത്താനുള്ള 'സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍' നയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് വെബിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.
''ഈ പദ്ധതി രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. പദ്ധതിക്ക് കീഴില്‍ 11 കോടി കൃഷിക്കാര്‍ക്കായി 1.75 ലക്ഷം കോടി രൂപ വിതരണം ചെയ്തു''- പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം വാര്‍ഷികത്തെക്കുറിച്ച് പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു. വിത്ത് മുതല്‍ വിപണി വരെയുളള ഘട്ടങ്ങളില്‍ പുതുതായി ആവിഷ്‌കരിക്കുന്ന രീതികളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി കാര്‍ഷിക മേഖലയിലെ പഴഞ്ചന്‍ രീതികളെ നവീകരിച്ച കാര്യവും സൂചിപ്പിച്ചു. ''വെറും ആറ് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ബജറ്റിലെ തുക പലമടങ്ങുകളായി. കഴിഞ്ഞ 7 വര്‍ഷത്തിനിടെ കാര്‍ഷിക വായ്പ രണ്ടര ഇരട്ടിയായി വര്‍ധിച്ചു''- അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് പ്രത്യേക നടപടിയുടെ ഭാഗമായി 3 കോടി കൃഷിക്കാര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ലഭ്യമാക്കിയതായി പറഞ്ഞ പ്രധാനമന്ത്രി മൃഗസംരക്ഷണവും മത്സ്യബന്ധനവും ഉപജീവനമാക്കിയവരെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതായി പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ചെറുകിട ജലസേചനശൃംഖല ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
പുതുതായുണ്ടായ ശ്രമഫലമായി കൃഷിക്കാര്‍ ഉല്‍പ്പാദനത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. കുറഞ്ഞ താങ്ങുവിലയിലെ ശേഖരണത്തിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവകൃഷി വിപണിയിലെ ഉല്‍പ്പന്നങ്ങളുടെ മൂല്യം 11,000 കോടി രൂപയിലെത്തി. ഇതില്‍ 6 വര്‍ഷം മുമ്പുണ്ടായിരുന്ന 2000 കോടി രൂപയുടെ കയറ്റുമതി ഇപ്പോള്‍ 7000 കോടി രൂപയായി ഉയര്‍ന്നു.
കൃഷിയെ ആധുനികവും സ്മാര്‍ട്ടുമാക്കി മാറ്റുന്നതിനുള്ള ഏഴ് വഴികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ആദ്യമായി ഗംഗാനദിയുടെ രണ്ട് തീരങ്ങളിലും അഞ്ച് കീലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ജൈവക്കൃഷി നടത്താനാണ് പദ്ധതി. രണ്ടാമതായി, കൃഷി-പൂന്തോട്ടക്കൃഷി രംഗങ്ങളില്‍ ആധുനികവല്‍ക്കരണം വ്യാപിപ്പിക്കും. മൂന്നാമതായി, ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിന് ഓയില്‍ പാം ദൗത്യം ശക്തമാക്കുന്നതിനുളള നടപടി ആരംഭിച്ചു. നാലാമതായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ സഞ്ചാരത്തിന് പിഎം ഗതി ശക്തി പദ്ധതി മുഖേന പുതിയ വിതരണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അഞ്ചാമതായി കാര്‍ഷിക മാലിന്യങ്ങളുടെ സംസ്‌കരണം മെച്ചപ്പെട്ട രീതിയിലാക്കുകയും മാലിന്യത്തെ ഊര്‍ജ്ജമാക്കി മാറ്റി കൃഷിക്കാര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന നടപടികള്‍ ശക്തമാക്കുകയും ചെയ്യും. ആറാമതായി 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ സാധാരണ നിലയിലുള്ള ബാങ്കിടപാട് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക വഴി കൃഷിക്കാരെ സഹായിക്കും. ഏഴാമതായി ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ നൈപുണ്യ വികസനവും മനുഷ്യവിഭവശേഷി വികസനവും ഉള്‍പ്പെടുത്തി കാര്‍ഷിക ഗവേഷണത്തിലെയും വിദ്യാഭ്യാസത്തിലെയും സിലബസില്‍ ഉചിതമായ മാറ്റങ്ങള്‍ കൊണ്ടുവരും.
2023നെ അന്താരാഷ്ട്ര ചോളം വര്‍ഷമായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ചോളത്തെ ബ്രാന്‍ഡ് ചെയ്യാനും പ്രോത്സാഹിപ്പിക്കാനും മുന്നോട്ട് വരാന്‍ കോര്‍പ്പറേറ്റുകളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ചോളത്തിന്റെ ഗുണനിലവാരവും പ്രയോജനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് പ്രോത്സാഹന നടപടികള്‍ ആരംഭിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇന്ത്യന്‍ ദൗത്യസംഘങ്ങളോട് ആവശ്യപ്പെട്ടു. പ്രകൃതിയുമായി ഇണങ്ങിയുളള ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപിപ്പിക്കാനും അതുവഴി പ്രകൃതിദത്ത ജൈവ ഉല്‍പ്പന്നങ്ങളുടെ വിപണി സൃഷ്ടിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാമങ്ങളെ ദത്തെടുത്ത് പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ബോധവല്‍ക്കരണം നടത്താന്‍ കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യയില്‍ മണ്ണ് പരിശോധന സംസ്‌കാരം വര്‍ദ്ധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതില്‍ ഗവണ്‍മെന്റിനുള്ള താല്‍പര്യം ഊന്നിപ്പറഞ്ഞ ശ്രീ മോദി കൃത്യമായ ഇടവേളകളില്‍ മണ്ണ് പരിശോധിക്കുന്ന നടപടികളുമായി മുന്നോട്ട് വരാന്‍ സ്റ്റാര്‍ട്ടപ്പുകളോട് നിര്‍ദ്ദേശിച്ചു.
ജലസേചന മേഖലയില്‍ ആധുനികത ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി 'ഓരോ തുള്ളിയിലും കൂടുതല്‍ വിള' പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. ഇക്കാര്യത്തിലും കോര്‍പ്പറേറ്റ് ലോകത്തിന് നിരവധി സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ കെന്‍-ബെത്വ ലിങ്ക് പരിയോജന വഴിയുണ്ടായ മാറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. നിര്‍മാണം പുരോഗമിക്കുന്ന ജലസേചന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
21ാം നൂറ്റാണ്ടില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ പ്രവണതകളും നിര്‍മിതബുദ്ധി ഉപയോഗിച്ച് പൂര്‍ണമായി മാറുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. കാര്‍ഷിക വൃത്തിയില്‍ ഡ്രോണുകളുടെ വര്‍ദ്ധിച്ച ഉപയോഗം ഈ മാറ്റത്തിന്റെ ഭാഗമാണ്. ''അഗ്രി സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മാത്രമേ ഡ്രോണ്‍ സാങ്കേതിക വിദ്യ എല്ലാവര്‍ക്കും പ്രാപ്യമാകൂ. കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ രാജ്യത്ത് 700ലധികം കൃഷിയടിസ്ഥാന സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കപ്പെട്ടു''- പ്രധാനമന്ത്രി പറഞ്ഞു.
വിളവെടുപ്പുമായി ബന്ധപ്പെട്ട നടപടികളുമായി ബന്ധപ്പെട്ട് സംസ്‌കരിച്ച ഭക്ഷണത്തിന്റെ വ്യാപനവും അന്താരാഷ്ട്രതലത്തിലുള്ള ഗുണനിലവാരവും ഉറപ്പാക്കുന്നതിന് ഗവണ്‍മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഈ രംഗത്ത് കിസാന്‍ സമ്പദാ യോജനയ്‌ക്കൊപ്പം പിഎല്‍ഐ പദ്ധതിക്കും പ്രാധാന്യമുണ്ട്. ഇക്കാര്യത്തില്‍ മൂല്യശൃംഖലയ്ക്കും പ്രധാന പങ്ക് വഹിക്കാനുണ്ട്. അതിനാല്‍ 1 ലക്ഷം കോടി രൂപയുടെ പ്രത്യേക കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടിന് രൂപം കൊടുത്തിട്ടുണ്ട്''- അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക മേഖലയിലെ അവശിഷ്ടങ്ങളുടെ സംസ്‌കരണം പ്രധാനപ്പെട്ട വിഷയമാണ്. ''ഇതുമായി ബന്ധപ്പെട്ട് പുതിയ ബജറ്റില്‍ ചില നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിനാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയുകയും കര്‍ഷകര്‍ക്ക് വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും'' - പ്രധാനമന്ത്രി വിശദീകരിച്ചു. പാക്കേജിംഗ് ജോലികള്‍ ചെയ്യാന്‍ കാര്‍ഷിക മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതി ഉപയോഗപ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു.