1. പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കാൻ തപാൽ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കും. 13-ാം ഗഡുവിനായി കാത്തിരിക്കുന്ന കർഷകർ ഈ മാസം 15 വരെ ആധാർ ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസുകളിൽ നിന്നും അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും. ഈ വർഷം മാർച്ചിൽ 13-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. അതേസമയം, ഇകെവൈസി അപ്ഡേറ്റ് ചെയ്യാത്ത കർഷകർക്ക് കഴിഞ്ഞ തവണയും തുക ലഭിച്ചിരുന്നില്ല.
PM Kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം. അതേസമയം, രാജ്യത്തെ 2 കോടിയോളം കർഷകർക്ക് പിഎം കിസാൻ നിധിയുടെ 12-ാം ഗഡു ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതു മൂലമാണ് 12-ാം ഗഡു ലഭിക്കാത്തതെന്നാണ് നിഗമനം. അടുത്ത ഗഡു ലഭിക്കാനിരിക്കെ കർഷകരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാനാണ് കേന്ദ്ര നിർദേശം.
കൂടുതൽ വാർത്തകൾ: ഗ്യാസ് സിലിണ്ടറുകൾ ലാഭകരമായ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കും: കേന്ദ്രം ..കൂടുതൽ വാർത്തകൾ
2. കന്നുകാലികൾക്ക് മായം കലരാത്ത തീറ്റ ഉറപ്പാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. തൃശൂർ മണ്ണുത്തിയിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം 'പടവ് 2023' ലെ സാംസ്‌കാരിക സായാഹ്നത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ഫീഡ്‌സ് ബ്രാൻഡ് അംബാസഡറായ നടൻ ജയറാം പരിപാടി ഉദ്ഘാടനം ചെയ്തു. പാലുൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും കാലിത്തീറ്റയിൽ മാലിന്യവും അണുബാധയും ഇല്ലെന്ന് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നും ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.
3. ലേലത്തിൽ തിളങ്ങി പൂവൻ കോഴി, ഇരുട്ടിയിൽ വിറ്റു പോയത് 34,000 രൂപയ്ക്ക്. ഉത്സവ പറമ്പുകളിൽ ഏറ്റവും രസകരം ലേലമാണ്. വീറും ആവേശവും നിറഞ്ഞ ലേലം വിളികളിലൂടെ നിരവധി സാധനങ്ങളാണ് നല്ല വിലയ്ക്ക് വിറ്റുപോകുന്നത്. അത്തരത്തിലൊരു ലേലം വിളിയാണ് ഇരുട്ടിയിലെ പെരുമ്പറമ്പ് ക്ഷേത്രത്തിലെ ഉത്സവ പറമ്പിൽ നടന്നത്. ഇവിടെ നടന്ന ലേലത്തിൽ ഒരു പൂവൻ കോഴി വിറ്റു പോയത് 34,000 രൂപയ്ക്കാണ്. 10 രൂപയിൽ തുടങ്ങിയ ലേലം വിളി ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. ഇളന്നീർ എഫ്ബി കൂട്ടായ്മയാണ് 4 കിലോ വരുന്ന പൂവൻ കോഴിയെ സ്വന്തമാക്കിയത്.
4. എറണാകുളം വെളിയത്തുനാട്ടിൽ 180 ഏക്കർ പാടത്ത് നൂറുമേനി വിളഞ്ഞ് പൊന്മണി നെല്ല്. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നടന്ന കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെയും വെളിയത്തുനാട് ഈസ്റ്റ് പാടശേഖര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കൃഷി നടത്തിയത്.
5. തലശേരി ഇനം നാടൻ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരു മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒന്നിന് 120 രൂപ നിരക്കില്‍ വാങ്ങാം.
6. കമുക് കർഷകരെ പ്രതിസന്ധിയിലാക്കി ഇലപ്പുള്ളി രോഗം വ്യാപിക്കുന്നു. കേരളത്തിലെ കാസർകോട്, കണ്ണൂർ ജില്ലകളിലും കർണാടകയിലെ ചിക്കമംഗളൂരു, ഷിമോഗ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ മേഖലകളിലുമാണ് രോഗം രൂക്ഷമായി പടരുന്നത്. കൊളിറ്റോ ട്രിക്കം ഗ്ലിയോസ്പോറിയോയിഡസ് എന്ന കുമിൾ മൂലമുണ്ടാകുന്ന രോഗം കാലവർഷത്തോട് അനുബന്ധിച്ചാണ് സാധാരണ കാണപ്പെടുന്നത്.
7. കാലിത്തീറ്റയ്ക്കും വയ്ക്കോലിനും വില വർധിക്കുന്ന സാഹചര്യത്തിൽ ക്ഷീര കർഷകർ പോത്തുവളർത്തലിലേക്ക് ചുവടുവയ്ക്കുന്നു. ഇതോടെ ക്ഷീരസംഘങ്ങളുടെ പാൽസംഭരണം പ്രതിസന്ധിയിലായി. നാട്ടിൻപുറങ്ങളിലെ ക്ഷീരകർഷകരാണ് കൂടുതലും പോത്തുപരിപാലനത്തിലേക്ക് മാറിയത്. കറവപ്പശുക്കൾക്ക് പാലിന്റെ അളവ് നോക്കിയാണ് വില നിശ്ചയിക്കുന്നത്. എന്നാൽ പശുവളർത്തലിനെ അപേക്ഷിച്ച് പോത്ത് വളർത്തൽ സമയ ലാഭം ഉണ്ടാക്കുമെന്നും ലാഭകരമാണെന്നും കർഷകർ പറയുന്നു.
8. കാപ്പികൃഷിയ്ക്ക് നല്ലകാലം. വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ മെച്ചപ്പെട്ട വില ലഭിക്കുന്നതായി കർഷകർ പറയുന്നു. വയനാട്ടിൽ 60,000 ഹെക്ടറിലാണ് കാപ്പി കൃഷി ചെയ്യുന്നത്. 1 ഹെക്ടറിൽ ശരാശരി ഉൽപാദിപ്പിക്കുന്നത് 800 കിലോ കാപ്പിയാണ്. ഭൂരിഭാഗവും ചെറുകിട കർഷകരാണ് കാപ്പി കൃഷി ചെയ്യുന്നത്. നിലവിൽ കാപ്പി പരിപ്പ് ക്വിന്റലിന് 16,000 രൂപയാണ് വില. അതേസമയം കാലാവസ്ഥ പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്കായി നൈപുണ്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോഫി ശാസ്ത്ര, ബാരിസ്റ്റ സ്കിൽസ്, സംരംരഭകത്വ വികസനം, കാപ്പി ചെറുകിട വ്യാപാരം എന്നീ പദ്ധതികളും കോഫി ബോർഡ് ആവിഷ്കരിച്ചിട്ടുണ്ട്.
9. ലോകത്താകമാനം 21 ശതമാനം തണ്ണീർത്തടങ്ങളും 1700 മുതൽ നാശം നേരിട്ടതായി പഠനം. 1700 മുതൽ 2020 വരെയുള്ള കാലയളവിൽ 3.4 മില്യൺ സ്ക്വയർ കിലോമീറ്റർ തണ്ണീർത്തടങ്ങളാണ് മൺമറഞ്ഞത്. യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം തണ്ണീർ പ്രദേശങ്ങൾ നാശം നേരിട്ടത്. ഇത് ഭൂമിയുടെ കരഭാഗത്തിന്റെ 2 ശതമാനത്തോളം വരുമെന്ന് നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമേരിക്കയിൽ മാത്രം 40 ശതമാനത്തോളം തണ്ണീർത്തടങ്ങൾ നശിച്ചതായും പഠനത്തിൽ വിശദീകരിക്കുന്നു.
10. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ തുടരുന്നു. പകൽ സാധാരണ ചൂടും, രാത്രി തണുപ്പും ചേർന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. താപനില കൂടുന്നത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കർഷകരുടെ ആശങ്ക. മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമോ നൽകേണ്ട സാഹചര്യം നിലവിലില്ല. ജനുവരി 1 മുതൽ സംസ്ഥാനത്ത് 68 ശതമാനം അധിക മഴയാണ് ലഭിച്ചത്.