1. News

ഗ്യാസ് സിലിണ്ടറുകൾ ലാഭകരമായ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കും: കേന്ദ്രം ..കൂടുതൽ വാർത്തകൾ

ഗ്യാസിന്റെ അന്താരാഷ്ട്ര വില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ പാചക വാതക സിലിണ്ടറുകൾ ആവശ്യാനുസരണം ലഭ്യമാക്കാൻ സാധിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി അറിയിച്ചു

Darsana J

1. എൽപിജി സിലിണ്ടറുകൾ ജനങ്ങൾക്ക് ലാഭകരമായ നിരക്കിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് കേന്ദ്രം. ഗ്യാസിന്റെ അന്താരാഷ്ട്ര വില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ പാചക വാതക സിലിണ്ടറുകൾ ആവശ്യാനുസരണം ലഭ്യമാക്കാൻ സാധിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരി അറിയിച്ചു. ലോക്സഭയിൽ പാചകവാതകത്തിന്റെ വിലയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആഗോള വില, മെട്രിക് ടണ്ണിന് 750 യുഎസ് ഡോളറിൽ നിന്ന് കുറഞ്ഞാൽ വിലയിളവ് സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നോക്ക വിഭാഗക്കാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നും സിലിണ്ടർ ഉപഭോഗത്തിന്റെ 60 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: സുരക്ഷിതം, ഭാരം കുറവ്; കോംപോസൈറ്റ് ഗ്യാസ് സിലിണ്ടറുകൾ വിപണിയിൽ

2. കേരളത്തിലെ കാർഷിക ഉത്‌പന്നങ്ങൾ ‘കേരൾ അഗ്രോ’ ബ്രാൻഡിൽ ഓൺലൈൻ വിപണന പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. 65 മൂല്യവർധിത ഉത്‌പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണെന്നും മാർച്ചോടെ 100 ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. ഇവയിൽ 24 ഉത്‌പന്നങ്ങൾക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടുണ്ട്. ‘ഒരു കൃഷിഭവനിൽനിന്ന്‌ ഒരു ഉത്പന്നം’ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 416 കൃഷിഭവനുകളിൽ നിന്നാണ് ഉൽപന്നങ്ങൾ എത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

3. കേരളത്തിലെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് പ്രാബല്യത്തിൽ. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. 10 വർഷത്തിന് ശേഷമാണ് കേരളത്തിലെ 1.20 ലക്ഷം തോട്ടം ഉടമകളുടെ ആവശ്യത്തിന് പരിഹാരം കണ്ടത്. റബ്ബർ, കാപ്പി, ഏലം, തേയില എന്നിവയ്ക്ക് ഹെക്ടറിന് 700 രൂപയായിരുന്നു നികുതി ഏർപ്പെടുത്തിയിരുന്നത്.

4. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൊല്ലം മുളന്തുരുത്തിയിൽ "ഹരിതം സഹകരണം" മഞ്ഞൾകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എറണാകുളം റീജിയണൽ മാനേജർ സി.രാംദാസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ജൈവ രീതിയിൽ കൃഷി ചെയ്ത മഞ്ഞൾ സംസ്കരിച്ച് ഹരിതം സഹകരണം എന്ന പേരിലുള്ള മഞ്ഞൾപൊടി ഏപ്രിൽ മുതൽ വിപണിയിലെത്തിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് സി.കെ റെജി പറഞ്ഞു.

5. സീസൺ തുടങ്ങിയതോടെ വിപണിയിൽ മുളക് വില കുത്തനെ കുറഞ്ഞു. 320 രൂപയായിരുന്ന ഗുണ്ടൂർ പാണ്ടി മുളകിന് ഇപ്പോൾ 260 രൂപയാണ് വില. ആന്ധ്ര പിരിയൻ 400ൽ നിന്നും 280 ആയും, കാശ്മീരി പിരിയൻ 600ൽ നിന്നും 490 ആയും താഴ്ന്നു. മുളകിന് പുറമെ മല്ലി വിലയും കുറഞ്ഞു. 120 രൂപയായിരുന്ന മല്ലിയ്ക്ക് 100 രൂപയാണ് വില.

6. പാലക്കാട് ജില്ലയിലെ പെരുമാട്ടി കൃഷിഭവനിൽ കർഷകർക്കായി ക്ലിനിക് ആരംഭിച്ചു. മണ്ണ്, ജലം എന്നിവയുടെ പിഎച്ച് നിലവാരം പരിശോധന, കീടരോഗനിർണയവും പരിഹാരവും, കർഷക ലൈബ്രറി, ബയോ ഫാർമസി, പരിശീലന പരിപാടി, കാർഷിക നിർദേശ പത്രികകൾ എന്നിവയാണ് ക്ലിനികിന്റെ പ്രധാന സേവനങ്ങൾ. കൂടാതെ വെള്ളിയാഴ്ചകളിൽ ഡോക്ടറുടെ സേവനവും ലഭ്യമാണ്.

7. എറണാകുളം ചിറ്റാറ്റുകര പഞ്ചായത്തിൽ 'ഒരുവിള കൃഷി' പദ്ധതിയ്ക്ക് തുടക്കം. കൃഷിഭവന്റെ സഹകരണത്തോടെ ജനകീയാസൂത്രണം 2023 പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എഎസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ പഞ്ചായത്തിലെ ഒരു വാർഡിൽ 1 പ്രധാന വിളയാണ് കൃഷി ചെയ്യുന്നത്.

8. 21 ലക്ഷം ടണ്ണിലധികം മത്സ്യ ഉൽപാദനം ലക്ഷ്യമിട്ട് കടലിൽ കൂടുമത്സ്യകൃഷിയ്ക്ക് ഒരുങ്ങുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. കടൽ തീരത്ത് നിന്ന് 10 കിലോമീറ്റർ പരിധിയിൽ അനുയോജ്യമായ 146 സ്ഥലങ്ങളിലാണ് കൃഷി നടത്തുന്നത്. കേരളത്തിൽ 4 ഇടങ്ങളാണ് ഇതിനായി കണ്ടെത്തിയത്. തീരദേശജനതയുടെ വരുമാനം വർധിപ്പിക്കുകയാണ് സമുദ്രജലകൃഷിയിലൂടെ ലക്ഷ്യമിടുന്നത്. CMFRI വികസിപ്പിച്ച സാങ്കേതികവിദ്യ വഴി 6 മീറ്റർ വിസ്തീർണമുള്ള ഒരു കൂട്ടിൽനിന്നും 8 മാസം കൊണ്ട് 3 ടൺ മീൻ ഉൽപാദിപ്പിക്കാം. ഇതിലൂടെ കർഷകർക്ക് ഒന്നര ലക്ഷം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാം.

9. ദുബായിൽ ജൈവ പച്ചക്കറിയ്ക്ക് തീവില. പ്രാദേശിക കാർഷിക ഉൽപന്നങ്ങളായാലും ഇറക്കുമതി ചെയ്തതായാലും സാധാരണ പച്ചക്കറിയുടെ ഇരട്ടിവില നൽകിയാണ് ജനങ്ങൾ ജൈവ പച്ചക്കറി വാങ്ങുന്നത്. 4.5 ദിർഹത്തിന് ലഭിക്കുന്ന 1 കിലോ തക്കാളി, ജൈവമാണെങ്കിൽ 14 ദിർഹം നൽകണം. വില കൂടുതലാണെങ്കിലും അവശ്യക്കാരിൽ വലിയ കുറവ് വന്നിട്ടില്ല. ജൈവ കാർഷിക ഉൽപന്നങ്ങൾക്ക് 40 ശതമാനത്തോളം ആവശ്യക്കാർ ഉയർന്നതായാണ് കണക്ക്.

10. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ തുടരുന്നു. പകൽ സാധാരണ ചൂടും, രാത്രി തണുപ്പും ചേർന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. താപനില കൂടുന്നത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കർഷകരുടെ ആശങ്ക. മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമോ നൽകേണ്ട സാഹചര്യം നിലവിലില്ല. ജനുവരി 1 മുതൽ സംസ്ഥാനത്ത് 68 ശതമാനം അധിക മഴയാണ് ലഭിച്ചത്.

English Summary: Gas cylinders are available at economical rates in India

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds