1. രാജ്യത്തെ കർഷകർക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള കേന്ദ്രബജറ്റിലുണ്ടാകുമെന്ന് സൂചന. മൂന്ന് ഗഡുക്കളായി ലഭിക്കുന്ന പിഎം കിസാൻ ആനുകൂല്യം 6000 രൂപയിൽ നിന്നും 8000 രൂപയായി ഉയർത്തുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 2023 നവംബർ മുതൽ ഇതുവരെ പുതുതായി 40 ലക്ഷത്തിലധികം പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. വനിതാ കർഷകരുടെ എണ്ണവും വർധിച്ചു. അതേസമയം, പിഎം കിസാൻ സമ്മാൻ നിധിയുടെ 16-ാം ഗഡു ലഭിക്കുന്നതിനായി കർഷകർ പോസ്റ്റ് ഓഫീസ് മുഖേന ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ വാർത്തകൾ: അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ
2. മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റവന്യുമന്ത്രി കെ.രാജൻ നിർവഹിച്ചു. 100 ഹെക്ടറിലാണ് ഇത്തവണ പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് കേരഗ്രാമം നാളികേര വികസന പദ്ധതി മാടക്കത്തറയിൽ ആരംഭിച്ചത്. ഉത്പാദനവർദ്ധനവിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും കേരകർഷകർക്ക് ധനസഹായം ലഭ്യമാക്കും. പുതിയ കർഷകരെ കണ്ടെത്തിക്കൊണ്ട് പദ്ധതി വിപുലീകരിക്കാനും രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നുണ്ട്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
3. ആത്മ പദ്ധതിയുടെ ഭാഗമായി കൃഷിയിട സന്ദർശനവും പരിശീലനവും സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട, കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര കൃഷിഭവനുകളിലെ കർഷകർക്കായാണ് പരിപാടി സംഘടിപ്പിക്കുക. പച്ചക്കറി കൃഷിയിൽ തുള്ളിനന ചെയ്യാൻ താല്പര്യമുള്ള കർഷകർക്കും, കൃത്യത കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്കും അപേക്ഷിക്കാം.
ജനുവരി 30ന് പരിശീലനം നടക്കും. Phone; 9895074349, 9446975200.
3. കുടുംബശ്രീ പ്രവര്‍ത്തകരുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷരഹിത പച്ചക്കറികള്‍ ഇനി വെജിറ്റബിള്‍ കിയോസ്‌കിലൂടെ ഉപഭോക്താക്കളിലേക്ക്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, തിരുന്നാവായ, പുളിക്കല്‍, പോരൂര്‍, നന്നമുക്ക്, എടപ്പാള്‍, കുറ്റിപ്പുറം, ഊരകം എന്നീ ഗ്രാമപഞ്ചായത്തുകളിൽ ‘നേച്ചര്‍സ് ഫ്രഷ്’ എന്ന പേരിലാണ് കിയോസ്‌കുകള്‍ പ്രവർത്തിക്കുക. പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം 100 കുടുംബശ്രീ അഗ്രി കിയോസ്‌കുകൾ പ്രവര്‍ത്തനസജ്ജമാകും. കുടുംബശ്രീ കാര്‍ഷിക ഗ്രൂപ്പുകള്‍ വിളയിക്കുന്ന പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍, പാല്‍, മുട്ട, മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്പന്നങ്ങള്‍ എന്നിവ കിയോസ്‌ക് വഴി ലഭിക്കും. മലപ്പുറം ജില്ലയില്‍ 5,599 കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്തില്‍ 961.52 ഹെക്ടറിലാണ് കൃഷി നടക്കുന്നത്.