കർഷകരെയും കാർഷിക മേഖലയിലെ സംരഭകരെയും നവസംരഭകരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി സംഘടിപ്പിച്ച പിഎം കിസാൻ സമ്മാൻ സമ്മേളനം 2022ന്റെ രണ്ടാം ദിവസത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർല, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി എന്നിവരും സാന്നിധ്യമറിയിച്ചു.
ന്യൂഡൽഹിയിലെ പൂസയിൽ സംഘടിപ്പിച്ച മേള കർഷകർക്കും സംരഭകർക്കും സംവദിക്കാനുള്ള മികച്ച വേദിയാണെന്ന് മന്ത്രി നരേന്ദ്ര സിംഗ് തോമർ വിശദമാക്കി.
രാജ്യത്തിന്റെ ശക്തി രാഷ്ട്രീയ വേദിയിൽ വരണം. രാജ്യത്തിന്റെ നിർമാണത്തിൽ സംഭാവന നൽകുന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. അതിന്റെ പ്രതിഫലനമാണ് സമീപഭാവിയിൽ ഭൂരിഭാഗം പേരും വിദേശത്തെ നല്ല ജോലി പോലും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്നതും, നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് സംഭാവന നൽകുകയും ചെയ്യുന്നത്. ഇന്ന് ഇന്ത്യയിൽ 2000-ലധികം കാർഷിക സ്റ്റാർട്ടപ്പുകൾ ഉണ്ട്. എന്നാൽ, 2014ൽ 100 മുതൽ 200 കാർഷിക സ്റ്റാർട്ടപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
8 വർഷത്തെ പ്രധാനമന്ത്രിയുടെ കഠിനാധ്വാനത്തിലാണ് ഇത്രയധികം സ്റ്റാർട്ടപ്പുകൾ വന്നത്. ഇതിന് പുറമെ, കേന്ദ്രം കാർഷിക സ്റ്റാർട്ടപ്പുകൾക്കും ധനസഹായം നൽകുന്നുണ്ട്. ഇപ്പോൾ സ്റ്റാർട്ടപ്പുകളുടെ എണ്ണം 2000ൽ നിന്ന് 10,000 ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമർ കൂട്ടിച്ചേർത്തു.
മേളയിൽ ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർല, കേന്ദ്ര സഹമന്ത്രി കൈലാഷ് ചൗധരി എന്നിവരും കർഷകരുമായി സംവദിച്ചു. സംരഭകരുടെ സ്റ്റാളുകൾ സന്ദർശിക്കുന്നതിനും മന്ത്രിമാർ സമയം ചെലവഴിച്ചു.
കഴിഞ്ഞ ദിവസമാണ് പി.എം കിസാന്‍ സമ്മാന്‍ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത്. പൂസയിലെ ഐസിഎർ- ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-Indian Agricultural Research Institute)ലാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പിഎം കിസാൻ സമ്മാൻ നിധിയുടെ പന്ത്രണ്ടാം ഗഡു പുറത്തിറക്കിയിരുന്നു. കൂടാതെ, 'പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന' - ഒരു രാഷ്ട്രം, ഒരു വളം എന്ന പദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. രാജ്യത്തെ വളം നിർമാണ കമ്പനികളെ 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡിന്റെ കീഴിൽ വിപണനം ചെയ്യുന്ന പദ്ധതിയാണ് ഒരു രാഷ്ട്രം ഒരു വളം. ഇതിന്റെ ഭാഗമായി ഭാരത് യൂറിയ ബാഗുകളും പ്രധാനമന്ത്രി പുറത്തിറക്കി.
ബന്ധപ്പെട്ട വാർത്തകൾ: Profitable Farming: വേനൽക്കാലത്ത് ഇത് കൃഷി ചെയ്താൽ സമ്പന്നനാകാം, ശ്രദ്ധിക്കേണ്ട നിസ്സാര കാര്യങ്ങൾ