1. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും ചെയ്ഞ്ച് ചെയ്യുന്നതിനും അവസരം. ഇതിനായി pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഫാർമേഴ്സ് കോർണർ ഭാഗത്ത്, 'ആധാർ ഒത്തുപോകാത്ത റെക്കോർഡുകൾ എഡിറ്റ് ചെയ്യുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിൽ ആധാർ നമ്പർ കൊടുത്ത് സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ വിവരങ്ങൾ കാണാൻ സാധിക്കും. ഇതിൽ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. എഡിറ്റ് ചെയ്ത ശേഷം സേവ് ചെയ്യുക. ശേഷം നിങ്ങളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ഒടിപി വരും. നമ്പർ കൊടുത്ത ശേഷം സബ്മിറ്റ് ചെയ്യുന്നതോടെ അപ്ഡേഷൻ പൂർത്തിയാകും.
കൂടുതൽ വാർത്തകൾ: കോഴി മൃഗം തന്നെ! ഗുജറാത്ത് സർക്കാരിന്റെ മറുപടി..കൂടുതൽ വാർത്തകൾ
2. റേഷൻകടകൾ കെസ്റ്റോറുകൾ വഴി സ്മാർട്ടാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കെസ്റ്റോറുകളുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെസ്റ്റോറുകളുടെ സംസ്ഥാന തല ഉദ്ഘാടനം മെയ് 14ന് മുഖ്യമന്ത്രി നിർവഹിക്കും. കെ-സ്റ്റോറുകൾ വഴി മിനി ബാങ്കിംഗ് സംവിധാനം, യൂട്ടിലിറ്റി പേയ്മെന്റ്, ഗ്യാസ് വിതരണം, ഓൺലൈൻ സേവനങ്ങൾ എന്നിവ നൽകുകയാണ് ലക്ഷ്യം.
3. 'REPOSITIONING MILMA- 2023' പദ്ധതിയ്ക്ക് കേരളത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്റെയും 3 മേഖലാ യൂണിയനുകളുടെയും ഉൽപാദനം, സംഭരണം, ഗുണനിലവാരം, വിപണനം തുടങ്ങിയവ ഒരു ഏകീകൃത സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മില്‍മ പാലുകള്‍, തൈര്, സെറ്റ് കര്‍ഡ്, നെയ്യ്, ഫ്ളേവേര്‍ഡ് മില്‍ക്ക് എന്നീ ഉല്‍പ്പന്നങ്ങൾ വിപണിയിൽ ഇറക്കാനാണ് തീരുമാനം.
4. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ഒപ്പം പദ്ധതിക്ക് തുടക്കമായി. റേഷന്‍ വാങ്ങാൻ സാധിക്കാത്ത അവശരായ ഗുണഭോക്താക്കൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ ഭക്ഷ്യോൽപന്നങ്ങൾ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് ഒപ്പം. പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകളില്‍ പ്രത്യേകമായി കാര്‍ഡ് ഉടമകള്‍ക്ക് മാനുവല്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട്.
5. തൃശൂർ ജില്ലയിൽ മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. ഈ മാസം 27ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മുതൽ 4 വരെ പരിശീലനം നടക്കും. കൂടാതെ, പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പിയും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്; 9188522713, 0491 2815454.
6. കേരൾഅഗ്രോ പ്രചരണ പരിപാടികൾക്ക് എറണാകുളത്ത് തുടക്കം. സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കാർഷിക ഉൽപന്നങ്ങൾ കേരൾഅഗ്രോ എന്ന ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിപണനം ചെയ്യുന്ന പരിപാടി ഈ മാസം 24 ന് ജില്ലയിൽ ആരംഭിക്കും. പരിപാടിയുടെ പ്രചരണാർത്ഥം ജില്ലാ കൃഷിഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
7. വനംവകുപ്പ് ജനസൗഹൃദമാകണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മൂന്നാര്‍ പഞ്ചായത്തിൽ സംഘടിപ്പിച്ച വനസൗഹൃദസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചിന്നക്കനാല്‍ മേഖലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രോജക്ട് എലിഫെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സോളാര്‍ വേലി നിര്‍മ്മാണം, ആര്‍ ആര്‍ റ്റി ശക്തിപ്പെടുത്തല്‍, ചെക്ക്പോസ്റ്റ് നിര്‍മ്മാണം, ആനയെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നതായി ചടങ്ങിൽ മന്ത്രി പറഞ്ഞു.
8. ഷാർജയിലെ മലീഹയിൽ വിളയിച്ച ഗോതമ്പിന് വൻ ഡിമാൻഡ്. മണിക്കൂറുകൾക്കുള്ളിലാണ് സബ്ആ സനാമിൽ എന്ന പേരിലുള്ള ഗോതമ്പ് വിറ്റുപോയത്. നാല് മണിക്കൂറിനുള്ളിൽ 45 ടൺ ഗോതമ്പ് വിറ്റുപോയതായി ഷാർജ സഹകരണ സ്ഥാപനങ്ങളുടെ മേധാവി അറിയിച്ചു. ഷാർജയിലെ സഹകരണ സ്ഥാപനങ്ങൾ വഴിയാണ് ഗോതമ്പ് വിൽപന ചെയ്യുന്നത്.
9. തെക്കൻ-മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, വടക്കൻ കേരളത്തിൽ ചൂട് വർധിക്കുന്നു. പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്.