കോർപ്പറേറ്റുകൾക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന് ഉത്തമമായ മറുപടിയാണ് പ്രധാനമന്ത്രി മുദ്ര യോജന. ഇന്ത്യയിലെ ചെറുകിട വാണിജ്യ- വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങും പ്രതീക്ഷയുമാണിതെന്നും മറ്റൊരു വിധത്തിൽ പറയാം.
കൊവിഡ് പ്രതിസന്ധി ഒട്ടനവധി പേരുടെ വ്യവസായങ്ങളെയും സംരഭങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വരുമാനത്തിലും വൻ ഇടിവുണ്ടാക്കി. ഇങ്ങനെയൊരു സാഹചര്യത്തിൽ, സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് നന്നായി പ്രയോജനപ്പെടും.
ഒരു സംരഭകൻ ആകാൻ ആഗ്രഹമുണ്ടെങ്കിലും ആവശ്യമായ പണം പക്കലില്ലെന്ന കാരണത്താൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നവർക്കും കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി മികച്ച രീതിയിൽ പ്രയോജനപ്പെടും.
സർക്കാർ പദ്ധതികളിലെ ഏറ്റവും വിജയകരമായ പദ്ധതിയെന്ന് കൂടി വിശേഷിപ്പിക്കാവുന്ന പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ 10 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നു.
പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.
-
ചെറുകിട സംരംഭകർക്ക് പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ വായ്പകൾ എളുപ്പത്തിൽ ലഭ്യമാകുന്നു.
-
മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് & റീഫിനാൻസിങ് ഏജൻസി (മുദ്ര) എന്നാണ് മുഴുവൻ പേര്.
-
പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ വായ്പ ഇതിനോടകം തന്നെ സർക്കാർ ഉപയോക്താക്കളിലേക്ക് എത്തിച്ചുകഴിഞ്ഞു.
വായ്പയെ സംബന്ധിച്ചുള്ള വിവരങ്ങൾ
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ, വായ്പയെടുക്കുന്നവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു-
ശിശു: നിങ്ങൾക്ക് 50,000 രൂപ വരെ വായ്പ ലഭിക്കുന്നു.
കിഷോർ: നിങ്ങൾക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
തരുൺ: നിങ്ങൾക്ക് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
മുദ്ര ലോണിന് എങ്ങനെ അപേക്ഷിക്കാം?
സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുദ്ര യോജന നന്നായി പ്രയോജനപ്പെടുത്താം. ഈ പദ്ധതിയിൽ അംഗത്വം എടുക്കുന്ന നടപടിക്രമങ്ങളും വളരെ ലളിതവും എളുപ്പവുമാണ്.
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ വായ്പ എടുക്കുന്നതിന്, ആദ്യം നിങ്ങളുടെ അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
വീടിന്റെ ഉടമസ്ഥാവകാശം അല്ലെങ്കിൽ വാടക രേഖകൾ, ജോലി സംബന്ധമായ വിവരങ്ങൾ, ആധാർ കാർഡ്, പാൻ നമ്പർ എന്നിവയുൾപ്പെടെയുള്ള മറ്റ് രേഖകൾ അപേക്ഷയ്ക്കൊപ്പം ഹാജരാക്കേണ്ടതുണ്ട്.
പലിശ നിരക്ക്?
പ്രധാനമന്ത്രി മുദ്ര യോജന നൽകുന്ന വായ്പകൾക്ക് നിശ്ചിത പലിശ നിരക്കില്ല. വിവിധ ബാങ്കുകളിൽ വ്യത്യസ്ത പലിശ നിരക്കുകളായിരിക്കും ഈടാക്കുന്നത്.
ബിസിനസിന്റെ സ്വഭാവവും അതിൽ ഉൾക്കൊള്ളുന്ന അപകടസാധ്യതയും കണക്കാക്കിയാണ് പലിശ നിശ്ചയിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി ബാങ്കുകൾ ഉചിതമായ പലിശ നിരക്ക് ഈടാക്കുന്നു.
നേരിട്ടുള്ള കാർഷിക പ്രവൃത്തിയ്ക്ക് പ്രധാനമന്ത്രി മുദ്ര യോജനയുടെ സേവനം ലഭ്യമല്ല. എന്നാൽ, കാർഷിക ഉൽപ്പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേടു കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. അതുപോലെ തന്നെ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്.