ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിച്ചിട്ടുള്ള പടുതാകുളങ്ങള്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന നിര്‍മിതികളില്‍ കാലവര്‍ഷക്കാലത്ത് അപകട സാധ്യതയുള്ളതിനാല്‍ ചുറ്റുവേലി കെട്ടി സുരക്ഷിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശിച്ചു.
ഇവയില്‍ നിന്നും വെള്ളം നിയന്ത്രിത അളവില്‍ തുറന്നു വിടുന്നതിനും ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. പടുതാക്കുളങ്ങള്‍, വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന മറ്റു നിര്‍മ്മിതികള്‍ എന്നിവമൂലം ജീവനും സ്വത്തിനും അപകടം സംഭവിക്കാതിരിക്കാന്‍ അവയ്ക്ക് ചുറ്റും സുരക്ഷാ വേലികള്‍ നിര്‍മിക്കുന്നതിനും വെള്ളം നിയന്ത്രിത അളവില്‍ ഒഴുക്കി കളയുന്നതിനും അവയുടെ ഉടമസ്ഥരോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു.
ഈ നിര്‍ദേശം പാലിക്കാതിരിക്കുന്ന വസ്തു ഉടമകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലയിൽ നിരവധിപേർ ഇപ്പോൾ പടുതാക്കുളങ്ങൾ നിർമ്മിച്ച് മത്സ്യകൃഷി ചെയ്യുന്നുണ്ട്. അതിനാൽ ഇടയ്ക്കിടെ നാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ കുറച്ചു ഭാഗം ഇങ്ങനെയുള്ള പടുതാക്കുളങ്ങളിൽ വീണുണ്ടാകുന്നഅപകടം ആണ്. അതുകൊണ്ടു തന്നെ ഇടുക്കിയിലെ ഓരോ താലൂക്കിലെയും പടുതാക്കുളങ്ങള്‍ / ജലസംഭരണികള്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയിക്കാനായി ഫോൺ നമ്പറുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തൊടുപുഴ താലൂക്ക്- 9895082650,
പീരുമേട് താലൂക്ക്- 8086007520,
ദേവികുളം താലൂക്ക്- 9495506413,
ഇടുക്കി താലൂക്ക്-9947575877,
ഉടുമ്പന്‍ചോല താലൂക്ക്- 9961795012