തമിഴ്നാട് കേരളീയർക്ക് മാതൃദേശം പോലെയാണ്. ജീവിതശൈലിയിലും ആഘോഷങ്ങളിലും വിഭിന്നമായ കാഴ്ചപ്പാടുകളും ആചാരങ്ങളുമാണെങ്കിലും തമിഴ് മണ്ണിലെ കലയും കഥയും ജീവിതവും മലയാളവും പിന്തുടരാറുണ്ട്.
മലയാളിക്ക് ഓണമെന്ന പോലെയാണ് തമിഴകത്തിന് പൊങ്കൽ. തമിഴ് ജനതയുടെ വിളവെടുപ്പ് ഉത്സവം. ഭോഗി, തൈ പൊങ്കൽ അഥവാ സൂര്യ പൊങ്കൽ, മാട്ടു പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ വിവിധ ആഘോഷങ്ങളായി ജനുവരി 13 മുതൽ 16 വരെയാണ് ഈ ദിവസങ്ങൾ കൊണ്ടാടാറുള്ളത്.
കുടുംബക്കാരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാവരുമായുള്ള ഒത്തുചേരൽ എന്നത് കൂടിയാണ് പൊങ്കൽ എന്ന ഉത്സവത്തിലൂടെ അർഥമാക്കുന്നത്. പുത്തൻ പ്രതീക്ഷകളുടെയും, സ്വപ്നങ്ങളുടെയും ഒരു പ്രാരംഭം കൂടിയാണ് പൊങ്കൽ ആഘോഷമെന്നും വിശ്വാസമുണ്ട്.
പൊങ്കൽ പ്രമാണിച്ച് തമിഴ്നാട് സർക്കാർ നിരവധി ആനുകൂല്യങ്ങളും സബ്സിഡികളും സൗജന്യങ്ങളും പൊതുജനങ്ങൾക്ക് നൽകി വരികയാണ്. തിരുവനന്തപുരത്തിന്റെ ഒരു മികച്ച ശതമാനവും ഉൾക്കൊള്ളുന്ന, കേരളത്തിനോട് തൊട്ടുചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ ജില്ലയാണ് കന്യാകുമാരി. പൊങ്കൽ പ്രമാണിച്ചുള്ള, ജില്ലയിലെ റേഷൻകട വഴിയുള്ള സർക്കാരിന്‍റെ പൊങ്കൽ കിറ്റ് വിതരണം ആരംഭിച്ചു. പച്ചരി, ശർക്കര, കരിമ്പ് തുടങ്ങി 21 സാധനങ്ങളും മറ്റ് ആവശ്യ വസ്തുക്കളും അടങ്ങിയതാണ് പൊങ്കൽ കിറ്റ്.
കന്യാകുമാരിയിലെ അഞ്ചര ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്കായാണ് കിറ്റ് വിതരണം നടപ്പിലാക്കുന്നത്. അതായത്, ജില്ലയിലെ 831 റേഷൻ കടകൾ വഴി 5,65,805 കുടുംബങ്ങൾക്കാണ് സൗജന്യ കിറ്റ് ലഭ്യമാകുന്നത്. പൊങ്കൽ കിറ്റിനെ സവിശേഷമാക്കുന്ന മറ്റൊരു ഘടകം ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലുള്ളവർക്കും കിറ്റ് ലഭിക്കുമെന്നതാണ്.
വീഡിയോ കോൺഫറൻസ് മുഖേന ചെന്നൈയിൽ നിന്ന് മന്ത്രി ടി. മനോതങ്കരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
പൊങ്കൽ കിറ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ജനുവരി 4ന് നിർവഹിച്ചു. ജില്ലയിൽ കലക്ടർ എം. അരവിന്ദ്, സഹകരണ മേഖല ജോ. രജിസ്ട്രാർ ആർ.കെ. ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.
കേരളത്തിൽ പൊങ്കലിന് വിപുലമായ ആഘോഷങ്ങൾ ഇല്ലെങ്കിലും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് പോലുള്ള ജില്ലകളിൽ പൊങ്കൽ ആചരിക്കാറുണ്ട്. മുൻ വർഷങ്ങളിൽ ഈ ആറ് ജില്ലകൾക്കും കേരള സർക്കാർ പ്രാദേശിക അവധിയും പ്രഖ്യാപിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളെന്നതിന് പുറമെ, തമിഴ്നാട്ടിൽ നിന്നുള്ളവർ കൂടുതലായി വസിക്കുന്ന ജില്ലകൾ കൂടിയാണിവ.
ബന്ധപ്പെട്ട വാർത്തകൾ: വിളവെടുപ്പ് കഴിഞ്ഞ വാഴത്തണ്ട് മണ്ണിന് ഗുണകരമാക്കാം; സാങ്കേതികവിദ്യ പരിചയപ്പെടുത്തി കെവികെ
ഒമിക്രോൺ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലെ പൊങ്കൽ ആഘോഷങ്ങൾക്ക് ഇത്തവണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.