ഏതു സമയത്താണ് നമ്മുടെ ജീവിതത്തിൽ അപകടം സംഭവിക്കുക എന്നറിയില്ല. അതിനാൽ ഒരു ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നത് വളരെ ഗുണം ചെയ്യും. എന്നാൽ ഭാരിച്ച പ്രീമിയം അടയ്ക്കുന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. താങ്ങാനാവുന്ന പ്രീമിയവും അതേ സമയം മെച്ചപ്പെട്ട ഇൻഷുറൻസ് കവറേജും നൽകുന്ന പോളിസികൾ തെരഞ്ഞെടുക്കുന്നതായിരിക്കും
ഉത്തമം.
കുറഞ്ഞ പ്രീമിയം തുകയിൽ രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, ആക്സിഡന്റൽ ഇൻഷുറൻസ് പോളിസികൾ എല്ലാവർക്കും ലഭ്യമാക്കുന്ന സർക്കാർ പദ്ധതികളാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയും പ്രധാനമന്ത്രിസുരക്ഷ യോജനയും. എന്നാൽ ഇന്ത്യൻ പോസ്റ്റ്‍പെയ്മന്റ് ബാങ്ക് 10 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന പോളിസികൾ കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാക്കുന്നുണ്ട്. മികച്ച ഒരു ഇൻഷുറൻസ് പദ്ധതിയാണ് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പോളിസി.
ഇൻഷുറൻസ് ഉടമക്ക് മരണം സംഭവിച്ചാൽ പത്ത് ലക്ഷം രൂപ ലഭ്യമാണ്. നേരിട്ടോ അല്ലാതെയോ ഉള്ള അപകടത്തിലൂടെ മരണം സംഭവിച്ചാലും ലഭ്യമാണ്. ഒരു അപകടത്തിലൂടെ ശാശ്വത, ഭാഗിക അംഗവൈകല്യം സംഭവിച്ചാലും പോളിസി ഉടമകൾക്ക് 10 ലക്ഷം രൂപ ലഭ്യമാണ്. അംഗവൈകല്യവും പക്ഷാഘാതവും സംഭവിച്ചാലും ഇതേ തുക ലഭിക്കും. അപകടത്തിൽപെട്ട് കിടത്തിചികിതത്സിക്കുന്ന രോഗികൾക്ക് 60,000 രൂപ വരെ നൽകും. കിടത്തിചികിത്സിക്കേണ്ടതല്ലാത്ത രോഗികൾക്ക് 30,000 രൂപ വരെ ലഭിക്കും. അപകടത്തിൽ മരണമടഞ്ഞ ആളുടെ മൃതദേഹം സംസ്കരിക്കാനുള്ള ചെലവായി 5,000 രൂപ നൽകും. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വാഹന ചെലവായി 25,000 രൂപ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ജീവൻ ദീപം പദ്ധതി
ആശുപത്രി വാസത്തിന് അലവൻസായി 10 ദിവസം വരെ പ്രതിദിനം 1000 രൂപ വരെ ലഭിക്കും. അപകടത്തിൽ മരണമടയുന്നവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യമായി ഒരു ലക്ഷം രൂപ വരെ ലഭിക്കും. ഒരു വര്‍ഷത്തെ പോളിസി തുക 399 രൂപയാണ്. 200 രൂപയാണ് സര്‍വീസ് ചാര്‍ജായി അടയ്ക്കേണ്ടത്. നോമിനിയുടെ പേരും ജനനത്തീയതിയും സമര്‍പ്പിക്കണം.
18 വയസ് മുതൽ 65 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. പോളിസി കാലാവധി ഒരു വർഷമാണ്. ഇന്ത്യ പോസ്റ്റ് പെയ്മന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് പോളിസി ലഭ്യമാകും. ആധാര്‍കാര്‍ഡ്, പാൻകാര്‍ഡ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ (മൊബൈൽ നമ്പറിൽ ഒറ്റിപി ലഭ്യമാകും) എന്നിവയാണ് ആവശ്യമുള്ള രേഖകൾ.