പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിനും മിനിമം ബാലൻസ് വരുന്നു: 500 രൂപ നിലനിർത്തിയില്ലെങ്കിൽ പിഴ ഈടാക്കും.
ദേശസാല്‍കൃത ബാങ്കുകള്‍ പോലെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലും മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഡിസംബര്‍ 11 നകം മിനിമം തുക ഉറപ്പാക്കാനാണ് കര്‍ശന നിര്‍ദ്ദേശം. 50 രൂപ മുടക്കിയാല്‍ പോസ്റ്റ് ഓഫീസുകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാമായിരുന്നു. കുറഞ്ഞ നിക്ഷേപ തുക നിശ്ചയിച്ചിട്ടില്ലാതിരുന്നതിനാല്‍ അക്കൗണ്ടില്‍ നിന്നും പരമാവധി പിന്‍വലിക്കാനും സാധിച്ചിരുന്നു. ഇനി എസ്ബി അക്കൗണ്ടു തുടങ്ങണമെങ്കില്‍ കുറഞ്ഞത് 500 രൂപ വേണം. അക്കൗണ്ടു നിലനില്‍ക്കണമെങ്കില്‍ അതില്‍ കുറഞ്ഞത് 500 രൂപ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
ഓരോ പോസ്റ്റ് ഓഫീസിലും നൂറു കണക്കിന് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളത്. ജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള ചെറിയ തുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാനും പിന്‍വലിക്കാനും അവസരം ഉള്ളതിനാല്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ജനപ്രിയമായിരുന്നു. ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകളില്‍ ഏറെയും ഇത്തരം അക്കൗണ്ടുകളാണ് ഉള്ളത്. മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയതോടെ അക്കൗണ്ട് ഉടമകള്‍ക്ക് അത് ഉടന്‍ തന്നെ നിക്ഷേപിച്ച് അക്കൗണ്ട് സംരക്ഷിക്കേണ്ടി വരും.
നിലവില്‍ 500 ല്‍ കുറഞ്ഞ നിക്ഷേപം ഉള്ള അക്കൗണ്ടുകളില്‍ വരുന്ന 11 നു മുമ്ബായി 500 രൂപ വരത്തക്ക വിധമുള്ള നിക്ഷേപം നടത്തണം. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും ഓരോ വര്‍ഷവും മെയിന്റനന്‍സ് ചാര്‍ജ് ഇനത്തില്‍ 100 രൂപയും ജി.എസ്.ടിയും കുറവു ചെയ്യുന്നതുമാണ്. ഇത്തരത്തില്‍ തുകയില്‍ കുറവു വരുകയും ബാക്കിനില്‍പ്പ് 100 രൂപയില്‍ താഴെ ആകുകയും ചെയ്യുന്നതോടെ ആ അക്കൗണ്ട് അവസാനിച്ചതായി കണക്കാക്കും.
സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം തുക 500 ആക്കിയെന്ന വിവരം തപാല്‍ ജീവനക്കാര്‍ പരമാവധി അക്കൗണ്ടുടമകളെ അറിയിക്കുന്ന തിരക്കിലാണ്. ഇതിനോടൊപ്പം അക്കൗണ്ട് ഉടമകളുടെ മൊബൈല്‍ ഫോണില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണമെന്നു കാണിച്ച് തപാല്‍ വകുപ്പ് സന്ദേശവും അയയ്ക്കുന്നുണ്ട്. നിലവിലുള്ള അക്കൗണ്ട് നഷ്ടമാകാതിരിക്കാന്‍ ജനങ്ങള്‍ മിനിമം ബാലന്‍സ് ആയ 500 രൂപ അക്കൗണ്ടില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.