ഗ്രാമീണ ജനതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി തപാല്‍ വകുപ്പ് അവതരിപ്പിച്ച പദ്ധതിയാണ് ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്.
മികച്ച സാമ്പത്തികഭദ്രതയും ജീവിതസുരക്ഷയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1995ലാണ് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം അഞ്ച് വ്യത്യസ്ത ഇൻഷുറൻസ് പദ്ധതികളാണ് തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്.
ഗ്രാമ സുമംഗൽ, ഗ്രാമ സുരക്ഷ, ഗ്രാമ സന്തോഷ്, ഗ്രാമ വിധ, ഗ്രാമ പ്രിയ എന്നിവയാണവ.
പദ്ധതികളുടെ സവിശേഷത
കുറഞ്ഞ പ്രീമിയത്തിൽ വൻ തുക വരുമാനം ലഭിക്കുന്ന പദ്ധതികളാണിവ. അഷ്വർ ചെയ്ത തുകയ്ക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഉറപ്പ്, ആകർഷകമായ ബോണസ്, ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലും പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, ആദായ നികുതി ഇളവുകൾ, ക്ലെയിമുകൾ അതിവേഗം തീർപ്പാക്കുന്നു, പോളസിയിൻമേൽ വായ്പ സൗകര്യം, നാമനിർദേശത്തിനുള്ള സൗകര്യം എന്നിവയാണ് പദ്ധതികളുടെ സവിശേഷത. കൂടാതെ ആറ് മാസത്തെ പ്രീമിയം മുൻകൂട്ടി അടച്ചാൽ ഒരു ശതമാനവും ഒരു വർഷത്തെ പ്രീമിയം മുൻകൂട്ടി അടച്ചാൽ രണ്ട് ശതമാനവും ഇളവും ലഭിക്കും.
നിക്ഷേപങ്ങൾ ഇങ്ങനെ
30, 40, 45, 50, 55, 58, 60 എന്നീ വയസുകളിൽ കാലാവധി പൂർത്തിയാക്കുന്ന എൻഡോവ്മെൻ്റ് അഷ്വറൻസ് പദ്ധതികളാണ് ഗ്രാമ സന്തോഷ്. സർക്കാരിന്റെ ഉറപ്പുള്ള ആജീവനാന്ത ഇൻഷുറൻസ് പദ്ധതിയാണ് ഗ്രാമ സുരക്ഷ. 55, 58, 60 വയസുവരെ പ്രമീയം അടയ്ക്കാം. പരിവർത്തനം ചെയ്യാവുന്ന ആജീവനാന്ത ഇൻഷുറൻസ് പദ്ധതിയാണ് ഗ്രാമ സുവിധ. 15, 20 വർഷം കാലാവധിയുള്ള മണി ബാക്ക് ഇൻഷുറൻസ് പദ്ധതിയാണ് ഗ്രാമ സുമംഗൽ ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതി. പണവും ഇൻഷുറൻസ് പരിരക്ഷയും ഒരുമിച്ച് നൽകുന്ന എൻഡോവ്‌മെൻറ് പദ്ധതിയാണിത്.
ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി
സമയാസമയങ്ങളിൽ പണം ആവശ്യമുള്ള ആളുകൾക്ക് വളരെ പ്രയോജനകരമായ പദ്ധതിയാണ് ഗ്രാമ സുമംഗൽ. പരമാവധി 10 ലക്ഷം രൂപയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മെച്യൂരിറ്റി കാലാവധി പൂർത്തിയായതിനുശേഷവും അക്കൗണ്ട് ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിൽ പദ്ധതിയുടെ മുഴുവൻ ആനുകൂല്യവും അദ്ദേഹത്തിന് ലഭിക്കും. പോളിസി ഹോൾഡറിന്റെ മരണശേഷം നോമിനിയ്ക്കാണ് അഷ്വേർഡ് തുകയും ബോണസ് തുകയും ലഭിക്കുക. സുമംഗൽ പദ്ധതി 15, 20 എന്നിങ്ങനെ രണ്ട് കാലയളവുകളിൽ ലഭ്യമാണ്. പോളിസിയിൽ ചേരുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 19 വയസ് ആണ്.
കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പണം നൽകും
15 വർഷം കാലാവധിയുള്ള പോളിസി തിരഞ്ഞെടുക്കുന്ന ഒരാൾക്ക് പരമാവധി 45 വയസേ ഉണ്ടാകൂ. 20 വർഷത്തെ പോളിസിയിൽ ചേരുന്നയാളുടെ പ്രായപരിധി 40 വർഷമാണ്. 15 വർഷത്തെ പോളിസി 6 വർഷമോ 9 വർഷമോ, 12 വർഷമോ പൂർത്തിയാക്കിയാൽ 20-20 ശതമാനം പണം തിരികെ ലഭിക്കും. ബോണസ് ഉൾപ്പെടെയുള്ള ബാക്കി 40 ശതമാനം കാലാവധി പൂർത്തിയായതിന് ശേഷം മാത്രമേ ലഭിക്കൂ. അതുപോലെ 20 വർഷത്തെ പോളിസി 8 വർഷമോ 12 വർഷമോ 16 വർഷമോ പൂർത്തിയാക്കാലാണ് 20-20 ശതമാനം പണം ലഭിക്കുക. ബാക്കി 40 ശതമാനം പണം ബോണസായി മെച്യൂരിറ്റി കാലാവധി പൂർത്തിയാക്കുമ്പോൾ നൽകും.
പ്രീമിയം വെറും 95 രൂപ മാത്രം
പ്രതിദിനം 95 രൂപ പ്രീമിയം അടച്ച് കാലാവധി അവസാനിക്കുമ്പോൾ 14 ലക്ഷം രൂപ നേടാൻ ഈ പദ്ധതി വഴി സാധിക്കും. അതായത് 25 വയസുള്ള ഒരു വ്യക്തി 20 വർഷത്തേക്ക് ഈ പോളിസിയിൽ നിക്ഷേപം നടത്തുമ്പോൾ മെച്യൂരിറ്റി കാലാവധി പൂർത്തിയാകുമ്പോൾ 7 ലക്ഷം രൂപ അദ്ദേഹത്തിന് ഉറപ്പായും ലഭിക്കും. അയാൾ പ്രതിമാസം 2,853 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. അങ്ങനെയാകുമ്പോൾ പ്രതിദിനം 95 രൂപ അടച്ചാൽ മതി. ഇവിടെ മൂന്ന് മാസത്തെ പ്രീമിയം 8,449 രൂപയും അർദ്ധ വാർഷിക പ്രീമിയം 16,715 രൂപയും വാർഷിക പ്രീമിയം 32,735 രൂപയുമാണ്.
8, 12, 16 വർഷങ്ങളിൽ 20 ശതമാനം വച്ച് 1.4 ലക്ഷം രൂപയാണ് പോളിസി നൽകുന്നത്. ഇരുപതാമത്തെ വർഷം 2.8 ലക്ഷം രൂപ ഉറപ്പായും ലഭിക്കും. ആയിരത്തിന് വാർഷിക ബോണസ് 48 രൂപയാകുമ്പോൾ 7 ലക്ഷം രൂപയ്ക്ക് 33,600 രൂപയാണ് വാർഷിക ബോണസായി ലഭിക്കുക. അതായത്, മുഴുവൻ പോളിസി കാലയളവിലെയും ബോണസ് തുക 20 വർഷത്തേക്ക് 6.72 ലക്ഷം രൂപയാണ്. 20 വർഷത്തിനുള്ളിൽ മൊത്തം 13.72 ലക്ഷം രൂപ ലാഭമുണ്ടാക്കും.
ഇതിൽ 4.2 ലക്ഷം രൂപ ഇതിനകം തന്നെ പണം തിരികെ ലഭിക്കുകയും 9.52 ലക്ഷം രൂപ ഒരേസമയം മെച്യൂരിറ്റി സമയത്ത് നൽകുകയും ചെയ്യും.