1. 2024, സാമ്പത്തിക വർഷത്തേക്കുള്ള യൂണിയൻ ബജറ്റിൽ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന(PMUY)യ്ക്ക് കീഴിൽ LPG ഗുണഭോക്താക്കൾക്ക്, പാചക വാതക സിലിണ്ടറിന് പ്രതിവർഷം 12 സിലിണ്ടറുകൾക്ക് 200 രൂപ എന്ന തോതിൽ സബ്‌സിഡി നൽകുന്ന പദ്ധതി, മറ്റൊരു സാമ്പത്തിക വർഷത്തേക്ക് കൂടി നീട്ടാൻ സാധ്യത. ഗാർഹിക പാചക വാതകം സംസ്ഥാനങ്ങളിലെ അനാവൃതമായ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും, 100% LPG കവറേജ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി ഉജ്ജ്വല പദ്ധതി 2023 മാർച്ചിനുശേഷവും വിപുലികരിച്ചേക്കും. ഉയർന്ന അന്താരാഷ്‌ട്ര വാതക വിലയ്‌ക്കിടയിലുള്ള പണപ്പെരുപ്പ സമ്മർദ്ദം തടയുന്നതിനുള്ള ശ്രമത്തിൽ, 2021 മെയ് മാസത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജനയുടെ കീഴിൽ (PMUY), 90 ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് വർഷത്തിൽ 12 സിലിണ്ടറുകൾക്ക്, ഒരു സിലിണ്ടറിന് 200 രൂപ തോതിൽ സബ്‌സിഡി പ്രഖ്യാപിച്ചു.
2. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. . കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും, വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും.കേരളത്തിലെ ദേശീയ പാത വികസനത്തിന് സംസ്ഥാന സർക്കാർ നടത്തിവരുന്ന ഇടപെടലുകളും, പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജൽ ജീവൻ മിഷനും, വിവിധ നാഷണൽ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
3. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന Mission For Integrated Development Of Horticulture എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനം, എന്ന ഘടകത്തിന് ധനസഹായം നല്‍കി വരുന്നു. സംരംഭക പ്രേരിതമായ ഈ പ്രോജക്ടുകള്‍ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണ്ണയത്തിന് ആനുപാതികമായി സഹായധനം അനുവദിക്കുന്നതാണ്. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്‌റ്റേര്‍ഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്ക് സഹായത്തിന് അര്‍ഹതയുള്ളതായിരിക്കും. സമതല പ്രദേശങ്ങളിലെ ധന സഹായത്തിന് പുറമേ വയനാട്, ഇടുക്കി എന്നീ മലയോര പ്രദേശങ്ങള്‍ക്ക് 15% അധിക ധന സഹായവും അനുവദിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കൃഷി ഓഫീസുമായോ, കൃഷിഭവനുമായോ, www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
4. നൂറുമേനി കതിര്‍വിളഞ്ഞ കുന്നംകുളം നഗരസഭയിലെ കാണിയാമ്പാല്‍ പാടശേഖത്തില്‍ ആഘോഷ ആരവങ്ങളോടെ മുണ്ടകന്‍ കൊയ്ത്തുത്സവം തുടങ്ങി. 75 ഏക്കറില്‍ വിളഞ്ഞ നെല്‍ക്കതിരുകളാണ് കര്‍ഷകര്‍ കൊയ്തെടുത്തത്. വരുന്ന ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മുണ്ടകന്‍ കൊയ്ത്ത് പൂര്‍ത്തിയാവും. കര്‍ഷകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി കൊയ്തെടുക്കുന്ന നെല്ല് സപ്ലൈകോ വഴി മില്ലുകളില്‍ എത്തിക്കും. കൊയ്ത്തുത്സവം എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
5. കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, ആലങ്ങാട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കുന്ന കേരഗ്രാമം 'കുട്ടികളുടെ കൃഷി പാർലമെന്റ്' എന്ന പദ്ധതിയ്ക്കു ഇന്ന് തുടക്കമായി. ഇന്ന് രാവിലെ ആലങ്ങാടു കൃഷി ഭവനിൽ വെച്ച് 'കുട്ടികളുടെ കൃഷി പാർലമെന്റ്' എന്ന പദ്ധതിയുടെ ഉദ്‌ഘാടനം ആലങ്ങാടു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു.
6. ചിലവും അധ്വാനവും കുറഞ്ഞ കൃഷി രീതി പരിചയപ്പെടുത്തി കയ്യൂര്‍ ഫെസ്റ്റിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. R. A .S ബയോഫ്ളോക്ക് മത്സ്യ കൃഷിരീതികളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്റ്റാളിന്റെ മറ്റൊരു ആകര്‍ഷണമാണ് കല്ലുമ്മക്കായ റാക്ക് കള്‍ചര്‍ കൃഷി രീതി. കേരളത്തില്‍ ഏറ്റവും അധികം കല്ലുമ്മക്കായ കൃഷി ചെയ്യുന്ന ജില്ല കൂടിയായ കാസര്‍കോട്ടെ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ കൃഷി രീതിയാണിത്. ചെറിയ മുതല്‍ മുടക്കില്‍ വലിയ ലാഭം നേടാന്‍ സഹായിക്കുന്ന ഈ കൃഷി രീതിയുടെ പ്രദര്‍ശനം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഒപ്പം ഇവയ്ക്ക് ഫിഷറീസ് വകുപ്പ് നല്കുന്ന സബ്സിഡികളും പരിചയപ്പെടുത്തുന്നു. നിര്‍മാണ ചിലവിന്റെ 40 ശതമാനം സബ്സിഡിയായി നല്‍കുന്നു. എസ്.സി, എസ്.ടി വനിതാ അപേക്ഷകര്‍ക്ക് 60 ശതമാനം വരെ സബ്സിഡിയും നല്‍കുന്നു. ഇത്തരത്തില്‍ ഏറെ പ്രയോജനകരമാകുന്ന പ്രദര്‍ശനത്തോടെ ശ്രദ്ധേയമായി മാറുകയാണ് ഫിഷറീസ് സ്റ്റാള്‍.
7. സംസ്‌ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി J. ചിഞ്ചുറാണി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. M.L.A ഫണ്ടുപയോഗിച്ച് വാങ്ങിയ 13 ആട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ (A M C ) യൂനിറ്റുകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന സംഗമത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍ കൃഷ്ണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറ്റവും അധികം പാല്‍ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം എള്ളുവിള ക്ഷീര സംഘം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച ക്ഷീര കര്‍ഷകനുള്ള പുരസ്‌കാരം കൊല്ലയില്‍ സ്വദേശി വിനീതയ്ക്ക് ലഭിച്ചു. മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു.
8. കേരള വാട്ടര്‍ അതോറിറ്റിയുടെ ജല ഗുണനിലവാര പരിശോധന വിഭാഗം, വയനാട് ജില്ലയില്‍ N .A .B .L അംഗീകാരമുള്ള, I.S.O/ I.E.C നിലവാരത്തിലുള്ള മൂന്നു ജലപരിശോധന ലബോറട്ടറികള്‍ ആരംഭിച്ചു. നോര്‍ത്ത് കല്‍പ്പറ്റയിലുള്ള കേരള വാട്ടര്‍ അതോറിറ്റിയുടെ P. H സബ് ഡിവിഷന്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലും, മാനന്തവാടി മെഡിക്കല്‍ കോളേജ് റോഡിലുള്ള D.M.O ഓഫീസിനിലരികിലുള്ള ജലവിതരണ ടാങ്ക് ബില്‍ഡിങ്ങിലും, അമ്പലവയല്‍ ഗവ. ആശുപത്രിക്ക് സമീപവുമാണ് പുതിയ ലാബുകളുടെ പ്രവര്‍ത്തനം. സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ജലപരിശോധന ലാബിന്റെ പ്രവര്‍ത്തനം ബാക്റ്റീരിയോളജി ലാബിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം വൈകാതെ തന്നെ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ അധികൃതര്‍ അറിയിച്ചു.
9. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ പെണ്ണിടം – വനിതാ സാംസ്‍കാരികോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 2022 -23 ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശിശു,സ്ത്രീ സൗഹൃദമാക്കുകയും, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നതാണ് പെണ്ണിടത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന വനിതാ സാംസ്കാരികോത്സവത്തിന് ജനവരിയിൽ തിരി തെളിയും. ബ്ലോക്ക് പരിധിക്കുള്ളിൽ വരുന്ന വ്യത്യസ്‌ത കഴിവുകൾ ഉള്ളവരെ കണ്ടെത്തി, അവരുടെ കഴിവുകളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനു ഇതിലൂടെ അവസരമൊരുക്കുകയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്.
10 . ദേശീയ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ കീഴിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബിന്റെ നേതൃത്വത്തിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പയിൻ; കരുമാല്ലൂർ പഞ്ചായത്ത് കോമ്പൗണ്ടിൽ വെച്ചു സംഘടിപ്പിച്ചു. ജില്ല മണ്ണ് പരിശോധന ലാബിലെ ഉദ്യോഗസ്ഥർ 40 കർഷകരുടെ മണ്ണ് സാമ്പിൾ പരിശോധിച്ച് വിളകൾക്കുള്ള ശുപാർശകൾ നൽകുകയും, ബാക്കിയുള്ള മണ്ണ് സാമ്പിൾ പരിശോധിച്ച് ഉടനെ ഫലം ലഭ്യമാക്കുന്നതാണെന്നും അറിയിച്ചു. കൃഷി ഓഫീസർ എൽസ ജൈൽസ്, കൃഷി അസിസ്റ്റന്റ് മാരായ ലൈല, അഭിലാഷ്, ആത്മ ബി. ടി , ടി. എൻ നിഷിൽ, പെസ്റ്റ് സ്കൗട് രഹന എന്നിവർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.
11. 2022-23 വർഷത്തെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി പള്ളിപ്പുറം കൃഷിഭവനുമായി സഹകരിച്ച് ആരംഭിച്ച, സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ്, ദേശീയ കർഷക ദിനത്തിൽ നടത്തി കൊണ്ട് കുട്ടികൾക്ക് കാർഷിക സംസ്കാരത്തിന്റെ സന്ദേശം പകർന്നു നൽകിയിരിക്കുകയാണ് രാമവർമ്മ യൂണിയൻ LP സ്കൂൾ. കൃഷിഭവനിൽ നിന്ന് ലഭിച്ച കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നീ തൈകളിൽ നിന്ന് കോളിഫ്ലവറിന്റെ വിളവെടുപ്പാണ് കർഷക ദിനത്തിൽ നടന്നത്. സ്കൂൾ പ്രധാന അദ്ധ്യാപിക ബിന്ദു M S, മറ്റ് അദ്ധ്യാപകർ, കൃഷി ക്ലബ് കോഡിനേറ്റർ. ജബ്ബാർ, കൃഷി ഓഫീസർ നീതു ചന്ദ്രൻ, പി ടി എ ഭാരവാഹികൾ, കൃഷി അസിസ്റ്റന്റ് സൗമ്യ കെ സി എന്നിവർ പങ്കെടുത്തു. വിളവെടുത്ത കോളിഫ്ലവർ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി എടുക്കുകയും ചെയ്തു.
12. വൈപ്പിൻ ബ്ലോക്ക് നോഡൽ കൃഷി ശാസ്ത്രജ്ഞയായ Dr വീണ, ശില്പശാല കോർഡിനേറ്റ് ചെയ്തു; ആദ്യ ഘട്ടം എന്ന നിലയിൽ ഒരു പഞ്ചായത്തിൽ 10 മാതൃക തോട്ടങ്ങൾ, ഈ പദ്ധതി യുടെ കീഴിൽ കൊണ്ടുവരും. ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് ജേതാവ്, ജോഷി പി എം ശില്പ ശാലയിൽ പങ്കെടുത്ത കർഷകർക്ക് ഫാം ആസൂത്രണത്തിന്റെ സാധ്യതകളും നേട്ടങ്ങളും വിശദീകരിച്ചു. നിലവിൽ ഒരു വിളയെ അടിസ്ഥാനമാക്കി കൃഷിയുടെ വിസ്തൃത്തിയും ഉത്പാദനവും വർദ്ധിപ്പിക്കുക എന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, കർഷകന്റെ മുഖ്യ വിളയെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു ഫാം ആസൂത്രണം വഴി, കൃഷി വികസനം സാധ്യമാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. പഞ്ചായത്ത് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കർഷകരുടെ കൃഷിയിടങ്ങൾ; മാതൃക തോട്ടങ്ങളായി വികസിപ്പിക്കുന്നതിനും, കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിലേക്കുമായി, ഓരോ കൃഷിയിടത്തിനും അനുയോജ്യമായ ഫാം പ്ലാൻ കൃഷി ശാസ്ത്രജ്ഞരുടേയും, കൃഷി ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ കൃഷിഭവൻ വഴി തയാറാക്കി നൽകും.
13. കൃഷി വകുപ്പ് നടപ്പാക്കുന്ന 'കൃഷിയിടാധിഷ്ഠത ഉത്പ്പാദനപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു ബ്രാൻഡഡ് കാർഷികോത്പന്നങ്ങളുടെ വിപണനത്തിനായി; 60 പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം നൽകും. പദ്ധതിയുടെ ഭാഗമായി രൂപവത്ക്കരിക്കുന്നതും, നിലവിൽ പ്രവർത്തിക്കുന്നതുമായ കാർഷികോത്പാദക കമ്പനികൾ, കുറഞ്ഞത് മുന്ന് വർഷമെങ്കിലും ഇത്തരം അഞ്ചു വിപണന കേന്ദ്രങ്ങൾ നടത്തുന്ന സന്നദ്ധസംഘടനകൾ, കുടുംബശ്രീ, റെസിഡന്റിൽ അസോസിയേഷനുകൾ തുടങ്ങിയവർക്കു അതത് ജില്ലാ കൃഷി ഓഫീസർക്ക് മുൻപാകെ പ്രോജെക്ടുകൾ സമ്മർപ്പിക്കാം. ഔട്‍ലെറ്റിന്റെ അടിസ്ഥാന സൗകര്യത്തിനുവേണ്ടി ചിലവഴിക്കുന്ന തുകയുടെ പകുതിയായിരിക്കും സഹായം. പരമാവധി സബ്‌സിഡി അഞ്ചു ലക്ഷം രൂപയാണ്.
14. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൽ (National Company Law Appellate Tribunal) ജുഡീഷ്യൽ, ടെക്‌നിക്കൽ അംഗങ്ങളുടെ ആകെ മൂന്ന് തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷകൾ തേടിയത്.
N C L A Tയിൽ ഒരു ജുഡീഷ്യൽ അംഗത്തിന്റെയും, രണ്ട് സാങ്കേതിക അംഗങ്ങളുടെയും തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറപ്പെടുവിച്ച പൊതു അറിയിപ്പ് പ്രകാരം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജനുവരി 23 ആണ്.
15. ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യത.
ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോവരുതെന്ന് കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട വാർത്തകൾ: ന്യൂനമർദം; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്..കൃഷി വാർത്തകൾ