ആലപ്പുഴ: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കൊതുക്, ഈച്ച തുടങ്ങിയ രോഗ വ്യാപന സ്വഭാവമുള്ള പ്രാണികളുടെ പ്രജനന സ്രോതസ്സുകള്‍ ഇല്ലാതാക്കണമെന്ന് ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദേശം നല്‍കി. നീര്‍ച്ചാലുകള്‍ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളിലെ നീരൊഴുക്ക് തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്നും അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല കോര്‍കമ്മിറ്റിയുടെ യോഗത്തില്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലും ഡ്രൈഡേ ആചരിക്കണം. മാലിന്യക്കൂനകള്‍, വെള്ളക്കെട്ട് പ്രദേശങ്ങള്‍ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്‌നമുളള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കണം. പട്ടിക വാര്‍ഡുതല ശുചിത്വസമിതികള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറണം. തദ്ദേശസ്ഥാപനം നിര്‍ദ്ദേശിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ രീതി പാലിക്കാത്ത സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ പറഞ്ഞു.
ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഹോട്സ്‌പോട്ടുകള്‍ കണ്ടെത്തി ഐ.ഇ.സി. പ്രവര്‍ത്തനങ്ങള്‍ നടത്തും. മാലിന്യ സംസ്‌കരണം നടക്കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറണം.
തെറ്റായ രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണതല വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിയമ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തും. ഇതിനായി ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനയും നിയമനടപടികളും സ്വീകരിക്കും. മഴക്കാലപൂര്‍വ്വ ശുചീകരണ മാര്‍ഗ്ഗരേഖ തദ്ദേശ സ്വയംഭരണ വകുപ്പ് വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍, മിഷനുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് വാര്‍ഡ് ഒന്നിന് 30,000 രൂപ ചെലവഴിക്കാം. രണ്ടുവര്‍ഷമായി ഹോട്ട്‌സ്‌പോട്ട് ആയി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ ശുചീകരണത്തിനായി കൂടുതല്‍ തുക ആവശ്യമാകുന്ന സാഹചര്യമുണ്ടെങ്കില്‍ കൗണ്‍സിലിന്റെ അംഗീകാരത്തോടെ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടില്‍നിന്നും അധികമായി 10,000 രൂപ ചെലവഴിക്കുന്നതിന് ഭരണസമിതിക്ക് ഉചിതമായ തീരുമാനം എടുക്കാം.
ജില്ല കളക്ടര്‍ ചെയര്‍മാനും ജില്ല മെഡിക്കല്‍ ഓഫീസര്‍ വൈസ് ചെയര്‍മാനും നവകേരളം കര്‍മ്മ പദ്ധതി ജില്ല കോ-ഓര്‍ഡിനേറ്റര്‍ കോ-ഓര്‍ഡിനേറ്ററും ശുചിത്വമിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറും വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികള്‍ അംഗങ്ങളായിട്ടുള്ളതുമാണ് ജില്ലാതല കോര്‍കമ്മിറ്റി.