തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയിൽ സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്സിനേഷൻ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വർഷവും ഫെബ്രുവരി നാലാം തീയതിയാണ് ലോക കാൻസർ ദിനമായി ആചരിക്കപ്പെടുന്നത്. 'Close the Care Gap' എന്നതാണ് ഈ വർഷത്തെ ക്യാൻസർ ദിന സന്ദേശം. കാൻസർ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവർക്കും കാൻസർ ചികിത്സയിൽ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
കാൻസർ പരിചരണത്തിനും ചികിത്സയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. നവകേരള കർമ്മ പദ്ധതി ആർദ്രം മിഷനിൽ പ്രധാന പദ്ധതികളിലൊന്നാണ് കാൻസർ പരിചരണം. കാൻസർ രോഗികളുടെ വർധനവ് മുന്നിൽ കണ്ട് അവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി സംസ്ഥാനത്ത് കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ട്. അധികദൂരം യാത്ര ചെയ്യാതെ കാൻസർ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 3 അപ്പെക്സ് കാൻസർ സെന്ററുകൾക്ക് പുറമേ 5 മെഡിക്കൽ കോളേജിലും സമഗ്ര കാൻസർ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ കാൻസർ ചികിത്സ ഉറപ്പാക്കാൻ സ്റ്റാന്റേർഡ് ട്രീറ്റ്മെന്റ് ഗൈഡ്ലൈൻ പുറത്തിറക്കി. ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല കാൻസർ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് എല്ലാ സർക്കാർ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇത് മറ്റ് സർക്കാർ ആശുപത്രികളിൽ വ്യാപിപ്പിക്കുന്നതാണ്.
കാൻസർ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ആർദ്രം ജീവിതശൈലി രോഗ നിർണയ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 1.53 കോടിയിലധികം പേരുടെ വാർഷികാരോഗ്യ പരിശോധന നടത്തി. ഇതിലൂടെ കാൻസർ സംശയിച്ചവർക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഇതുവരെ 9 ലക്ഷത്തിലേറെ പേരെ കാൻസർ സ്‌ക്രീനിംഗിന് റഫർ ചെയ്തു. ഇതിൽ 41,000 പേരെ വദനാർബുദം, 79,000 പേരെ സ്തനാർബുദം, 96,000 പേരെ ഗർഭാശയഗളാർബുദം എന്നിവ പരിശോധിക്കാനായി റഫർ ചെയ്തു.
കേരളത്തിലെ എംസിസിയിലേയും ആർസിസിയിലേയും ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി കണക്കുകൾ പ്രകാരം പുരുഷൻമാരിൽ ശ്വാസകോശ കാൻസറും സ്ത്രീകളിൽ സ്തനാർബുദവുമാണ് കൂടുതലായി കണ്ടു വരുന്നത്. തെക്കൻ ജില്ലകളിൽ പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ തൈറോയ്ഡ് കാൻസറും വടക്കൻ ജില്ലകളേക്കാൾ കൂടുതലായി കണ്ടുവരുന്നു. വടക്കൻ ജില്ലകളിൽ ആമാശയ കാൻസർ തെക്കൻ ജില്ലകളേക്കാൾ കൂടുതലായും കണ്ടുവരുന്നുണ്ട്.
കാൻസർ അവബോധത്തിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ബോധവത്ക്കരണം ശക്തിപ്പെടുത്തുകയും രോഗ നിർണയ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. താലൂക്ക്തല ആശുപത്രികളിൽ ബയോപ്സി ഉൾപ്പെടെയുള്ള സൗകര്യമൊരുക്കും. രോഗികളെ ചികിത്സയ്ക്കായി വളരെ ദൂരം യാത്ര ചെയ്യിക്കാതിരിക്കാൻ റഫറൽ പാത്ത് വേ രൂപീകരിക്കും. ഇതിലൂടെ തൊട്ടടുത്തില്ലാത്ത സങ്കീർണ ചികിത്സകൾക്ക് മാത്രം അപെക്സ് കാൻസർ സെന്ററിലേക്ക് പോയാൽ മതിയാകും. ഈ പ്രക്രിയ സുഗമമാക്കുന്നതിന് കാൻസർ കെയർ സ്യൂട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇവ ഏകോപിപ്പിക്കാൻ കേരള കാൻസർ ഗ്രിഡും രൂപീകരിച്ചിട്ടുണ്ട്.
കാൻസറിന്റെ മൂന്നും നാലും സ്റ്റേജിലാണ് പലരും ചികിത്സയ്ക്കായി എത്തുന്നത്. അതിനാൽ തന്നെ സങ്കീർണതകളും കൂടുന്നു. നേരത്തെ കാൻസർ കണ്ടെത്തി ചികിത്സ ഉറപ്പാക്കിയാൽ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.