തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90 വർഷം ആഘോഷിക്കുന്ന RBI@90 എന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെ അഭിസംബോധന ചെയ്തു. ആർബിഐയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് സ്മാരകനാണയവും ശ്രീ മോദി പുറത്തിറക്കി. 1935 ഏപ്രിൽ ഒന്നിനു പ്രവർത്തനം ആരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്ന് 90-ാം വർഷത്തിലേക്കു കടന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് 90 വർഷം പൂർത്തിയാക്കി ചരിത്രപരമായ നാഴികക്കല്ലിൽ എത്തിയെന്ന്, ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമുള്ള കാലഘട്ടങ്ങൾക്കു റിസർവ് ബാങ്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അതിന്റെ പ്രൊഫഷണലിസത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ ലോകമെമ്പാടും പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആർബിഐ 90 വർഷം പൂർത്തിയാക്കിയതിൽ എല്ലാ ജീവനക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇന്നത്തെ റിസർവ് ബാങ്ക് ജീവനക്കാരെ ഭാഗ്യവാന്മാരായി കണക്കാക്കിയ പ്രധാനമന്ത്രി, ഇന്നു തയ്യാറാക്കിയ നയങ്ങൾ ആർബിഐയുടെ അടുത്ത ദശകത്തെ രൂപപ്പെടുത്തുമെന്നും അടുത്ത 10 വർഷം ആർബിഐയെ അതിന്റെ ശതാബ്ദിവർഷത്തിലേക്കു കൊണ്ടുപോകുമെന്നും പറഞ്ഞു. “അടുത്ത ദശകം വികസിത ഭാരതമെന്ന ദൃഢനിശ്ചയത്തിനു വളരെ പ്രധാനമാണ്” - വേഗതയേറിയ വളർച്ചയ്ക്കും വിശ്വാസത്തിലും സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ആർബിഐയുടെ മുൻഗണന ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ലക്ഷ്യങ്ങളും തീരുമാനങ്ങളും പൂർത്തീകരിക്കുന്നതിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു.
രാജ്യത്തിന്റെ ജിഡിപിയിലും സമ്പദ്‌വ്യവസ്ഥയിലും പണ-ധനനയങ്ങളുടെ ഏകോപനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, 2014 ലെ ആർബിഐയുടെ 80 വർഷത്തെ ആഘോഷം അനുസ്മരിക്കുകയും അക്കാലത്തു രാജ്യം നേരിട്ട എൻപിഎ, ബാങ്കിങ് സംവിധാനത്തിന്റെ സ്ഥിരത തുടങ്ങിയ വെല്ലുവിളികളും പ്രശ്നങ്ങളും ഓർമ്മിക്കുകയും ചെയ്തു. അവിടെ നിന്ന് ആരംഭിച്ച്, ലോകത്തിലെ ശക്തവും സുസ്ഥിരവുമായ ബാങ്കിങ് സംവിധാനമായി കാണുന്ന ഘട്ടത്തിലേക്കു നാം എത്തിയെന്നും അക്കാലത്തെ മോശം ബാങ്കിങ് സംവിധാനം ഇപ്പോൾ ലാഭത്തിലാണെന്നും റെക്കോർഡ് ക്രെഡിറ്റ് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ പരിവർത്തനത്തിനായുള്ള നയങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും തീരുമാനങ്ങളുടെയും വ്യക്തതയെ പ്രധാനമന്ത്രി പ്രശംസിച്ചു. “ഉദ്ദേശ്യങ്ങൾ ശരിയാകുന്നിടത്തു ഫലങ്ങളും ശരിയാകും” - പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങളുടെ സമഗ്ര സ്വഭാവത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, അംഗീകാരം, പ്രമേയം, പുനർമൂലധനവൽക്കരണം എന്നീ തന്ത്രങ്ങളിലാണു ഗവണ്മെന്റ് പ്രവർത്തിച്ചതെന്നു പറഞ്ഞു. ഭരണവുമായി ബന്ധപ്പെട്ട നിരവധി പരിഷ്കാരങ്ങൾക്കൊപ്പം പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നതിനായി 3.5 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം ഏറ്റെടുത്തു.
പാപ്പരത്ത കോഡ് 3.25 ലക്ഷം രൂപയുടെ വായ്പകൾ പരിഹരിച്ചു - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 9 ലക്ഷം കോടിയിലധികം രൂപയുടെ വീഴ്ച വരുത്തിയ 27,000-ലധികം അപേക്ഷകൾ ഐബിസിക്കുകീഴിൽ പ്രവേശനത്തിനു മുമ്പുതന്നെ പരിഹരിച്ചതായും അദ്ദേഹം രാജ്യത്തെ അറിയിച്ചു. 2018ൽ 11.25 ശതമാനമായിരുന്ന ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 2023 സെപ്‌റ്റംബറോടെ 3 ശതമാനത്തിൽ താഴെയായി. ഇരട്ട ബാലൻസ് ഷീറ്റുകളുടെ പ്രശ്നം പഴയകാല പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിവർത്തനത്തിനു റിസർവ് ബാങ്ക് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.