പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെയും വിജ്ഞാപനമായി.വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുളളത്. ഈ പദ്ധതിയില്‍ ഓരോ പഞ്ചായത്തടിസ്താനത്തിലുളള വിളവിന്റെ തോതനുസരിച്ചുളള ഉത്പാദനനഷ്ടത്തിനും, നടീല്‍ തടസ്സപ്പെടുന്നതിനും, ഇടക്കാലനഷ്ടങ്ങള്‍ക്കും (പരമാവധി 2 ആഴ്ചവരെ), വെളളക്കെട്ട്, ആലിപ്പഴമഴ, ഉരുള്‍പ്പെട്ടല്‍, ഇടിമിന്നല്‍ മൂലമുളള തീപിടിത്തം, മേഘവിസ്‌ഫോടനം എന്നിവ മൂലമുളള വ്യക്തിഗതവിള നാശങ്ങള്‍ക്കും പദ്ധതിയുടെ മാനദണ്ഡങ്ങളനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.
കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കശുമാവ്, മാവ്, കരിമ്പ്, പൈനാപ്പിള്‍, പയര്‍, പടവലം, പാവല്‍, ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികള്‍ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുളളത്. ഈ പദ്ധതി പ്രകാരം വിജ്ഞാപനം ചെയ്തിട്ടുളള വിളകള്‍ക്ക് പദ്ധതി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. കൂടാതെ വെളളപ്പൊക്കം, മണ്ണിടിച്ചില്‍ (ആലപ്പുഴ, കാസര്‍ഗോഡ്, ജില്ലകളൊഴികെ), ശക്തമായ കാറ്റ് (വാഴ, ജാതി, കവുങ്ങ്, കുരുമുളക്, ഏലം എന്നീ വിളകള്‍ക്ക് മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്കും വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്.
രണ്ടു പദ്ധതികളിലും വ്യക്തിഗത നാശനഷ്ടമുണ്ടായാല്‍ കര്‍ഷകര്‍ 72 മണിക്കൂറിനകം കൃഷിഭവന്‍/ബാങ്ക് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടതാണ്. ഓരോ വിളയുടേയും ഇന്‍ഷുറന്‍സ് തുകയും പ്രീമിയം നിരക്കും വ്യത്യസ്ഥമായിരിക്കും. പദ്ധതിയില്‍ ചേരേണ്ട അവസാന തീയതി 2020 ജനുവരി 15 ആണ്. വിജ്ഞാപനം ചെയ്തിട്ടുളള വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകരെ അതാത് ബാങ്കുകള്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതാണ്. വായ്പ എടുക്കാത്ത കര്‍ഷകര്‍ ഏറ്റവും അടുത്തുളള സിഎസ്‌സി കേന്ദ്രങ്ങള്‍ (ഡിജിറ്റല്‍ സേവാ കേന്ദ്ര/അക്ഷയ) അംഗീകൃത ബ്രോക്കര്‍/മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റ്/അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി മേഖലാ ഓഫീസ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, നികുതി/ പാട്ടച്ചീട്ട് എന്നിവയുടെ കോപ്പിയും നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍; 1800-425-7064.