എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാര്‍ഷിക ഗ്രാമപഞ്ചായത്താണ് പൂത്തൃക്ക. ഈ പ്രദേശത്ത് ഉണ്ടായിരുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തിന്റെ നാമത്തില്‍ നിന്നാണ് പൂത്തൃക്ക എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. 1953ലാണ് സമീപപ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി പൂത്തൃക്ക ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. കൃഷിക്കും വിദ്യാഭ്യാസത്തിനും ഏറെ പ്രാമുഖ്യം നല്‍കുന്ന പഞ്ചായത്ത് ഭിന്നശേഷി സൗഹൃദ പദ്ധതികളെയും പ്രാധാന്യത്തോടെയാണ് കാണുന്നത്. മൂവാറ്റുപുഴയാറിന്റെ സമീപസ്ഥമായ പഞ്ചായത്തില്‍ ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭരണസമിതി. പൂത്തൃക്ക പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും മനസ് തുറക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.പി വര്‍ഗീസ്.
കൃഷിക്കും മാലിന്യസംസ്‌കരണത്തിനും ഊന്നല്‍ നല്‍കി വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
കോവിഡ് പ്രതിരോധത്തിലെ മാതൃക
ജില്ലയില്‍ ആദ്യമായി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴിയുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത് പൂത്തൃക്ക പഞ്ചായത്തിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 30ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം ഏറെക്കുറെ പൂര്‍ത്തിയായി. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ പഞ്ചായത്ത് കാര്യാലയത്തിന് തൊട്ടടുത്തുള്ള പൂത്തൃക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡി.സി.സി ആരംഭിച്ചിരുന്നു. ഒരുവേള 98 പേര്‍ വരെ ഇവിടെ ചികിത്സ തേടിയിരുന്നു. സമൂഹഅടുക്കളകള്‍ വഴി കോവിഡ് ബാധിതരേയും ഭക്ഷണം ആവശ്യമുള്ളവരേയും സഹായിക്കാനായി.
കര്‍ഷക സൗഹൃദ നടപടികള്‍
കാര്‍ഷിക ഗ്രാമമായതിനാല്‍ തന്നെ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പഞ്ചായത്താണ് പൂത്തൃക്ക. 1400ലധികം പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം പെര്‍മിറ്റോടെ വളം നല്‍കിയത്. നെല്ലാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക വിള. ഏഴ് പാടശേഖര സമിതികളാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്കായി നിലമുഴുന്നത് മുതല്‍ കറ്റമെതിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ പഞ്ചായത്ത് സഹായമെത്തിക്കുന്നുണ്ട്. ട്രാക്ടറും കൊയ്ത്തുമെതി യന്ത്രവും കുറഞ്ഞ വാടകയ്ക്കാണ് നല്‍കുന്നത്. ഒന്‍പത് ഏക്കറോളം തരിശുഭൂമിയാണ് ഒരു വര്‍ഷത്തിനിടെ തിരിച്ചെടുത്തത്. നെല്‍കൃഷിക്ക് മുന്നോടിയായി നിലമൊരുക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ഇതിനുശേഷം വൈകാതെ നെല്‍കൃഷി ആരംഭിക്കും. കര്‍ഷകര്‍ നടത്തുന്ന ആഴ്ച്ച ചന്തയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ആഴ്ചയിലെ പ്രധാന കാർഷിക വാർത്തകൾ
വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസന മാതൃക
ജില്ലാ പഞ്ചായത്തുമായി സഹകരിച്ചാണ് വിദ്യാഭ്യാസ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിവിധ സ്‌കൂളുകളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂള്‍ അങ്കണം മനോഹരമാക്കുന്നതിനൊപ്പം കുട്ടികളുടെ അഭിരുചി കൂടി വര്‍ധിപ്പിക്കാനായി വര്‍ണ വസന്തം പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിന്റെ സഹകരണത്തോടെ സ്‌കൂളിലെ ചുമരുകളില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രം വരച്ച് ഭംഗിയാക്കുന്ന പദ്ധതിയാണിത്. ഇതിനായി ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 27 വിദ്യാലയങ്ങളില്‍ ഒന്നാണ് പൂത്തൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
സ്‌കൂള്‍ കുട്ടികള്‍ക്കായി പഠനമുറി
എട്ടാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി പഠനമുറി നിര്‍മിച്ച് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിയുന്നതിന് മുന്‍പ് പഠിക്കാനായി സ്വന്തമായി മുറി നിര്‍മിച്ച് നല്‍കുക എന്നതാണ് ലക്ഷ്യം.
ഭിന്നശേഷി സൗഹൃദ പഞ്ചായത്ത്
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രത്യേകം പദ്ധതികള്‍ പഞ്ചായത്തിലുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള തെറാപ്പി സെന്ററാണ് എടുത്ത് പറയേണ്ടത്. പൂത്തൃക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററില്‍ സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി അടക്കമുള്ള സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തില്‍ ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കാനുള്ള പദ്ധതി അവസാനഘട്ടത്തിലാണ്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പുത്തന്‍ പ്രതീക്ഷയുണര്‍ത്തുന്ന ടൂറിസം പദ്ധതി
പഞ്ചായത്തിലെ തീരപ്രദേശമായ തമ്മാനിമറ്റത്ത് മൂവാറ്റുപുഴയാറിനോട് ചേര്‍ന്ന് ഷഡ്കാല ഗോവിന്ദ മാരാര്‍ സ്മാരകം നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സാംസ്‌കാരിക കേന്ദ്രവും കുട്ടികള്‍ക്കുള്ള പാര്‍ക്കും നടപ്പാതയും അടക്കമുള്ള സൗകര്യങ്ങളാണ് പദ്ധതിയിലുള്ളത്. ഒഴിവ് ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതി മുതല്‍ക്കൂട്ടാകും. രണ്ട് പ്രളയങ്ങളില്‍ നശിച്ചുപോയ തൂക്കുപാലത്തിന്റെ പുനരുദ്ധാരണം പൂര്‍ത്തിയായാല്‍ തമ്മാനിമറ്റത്ത് നിന്ന് രാമമംഗലം ക്ഷേത്രത്തിലേക്കുള്ള യാത്ര എളുപ്പമാകുന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയും. ജല സ്രോതസായ പുറച്ചിറയുടെ അരിക് കെട്ടി ചുറ്റും നടപ്പാത നിര്‍മിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു.
വനിതാ വികസനത്തിന്റെ നാട്ടുരുചിയും ദിവസ ചന്തയും
കോലഞ്ചേരിയിലെ രണ്ട് വനിതാ വ്യവസായകേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനുള്ള സാധ്യതകള്‍ തുറന്നിടുന്നവയാണ്. പലതരത്തിലുള്ള രുചിയൂറും വിഭവങ്ങളുടെ കലവറയായ നാട്ടുരുചിയും പച്ചക്കറി വില്‍പ്പനയ്ക്കുള്ള ദിവസ ചന്തയും സ്ത്രീകളുടെ തന്നെ സംരംഭങ്ങളാണ്. സ്വയംതൊഴിലിനുള്ള സഹായങ്ങളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നല്‍കുന്നുണ്ട്. കോലഞ്ചേരി ബസ് സ്റ്റാന്‍ഡിനകത്ത് സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാന്‍ കിയോസ്‌കുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനവും മികച്ച രീതിയിലാണ് മുന്നേറുന്നത്.
സ്മാര്‍ട്ടാകുന്ന അങ്കണവാടികള്‍
പഞ്ചായത്തിലാകെ 22 അങ്കണവാടികളാണുള്ളത്. ഇതില്‍ 20 എണ്ണവും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സ്മാര്‍ട്ട് അങ്കണവാടിയാണ് പൂത്തൃക്ക പഞ്ചായത്തിലുള്ളത്. കൂടുതല്‍ അങ്കണവാടികള്‍ സ്മാര്‍ട്ടാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി.
കുടിവെള്ളക്ഷാമത്തെ നേരിടാന്‍ ചെറു പദ്ധതികള്‍
കുടിവെള്ളക്ഷാമം നേരിടുന്നതിനായി മുടങ്ങിക്കിടന്ന ചെറു പദ്ധതികള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാണ്. നാല് പദ്ധതികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 120ലധികം വീടുകള്‍ക്കാണ് ഇതുവഴി കുടിവെള്ളം ലഭിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ജലജീവന്‍ പദ്ധതി വഴി 500 കുടിവെള്ള കണക്ഷനുകളാണ് നല്‍കാന്‍ കഴിഞ്ഞത്. അവശ്യ സാഹചര്യങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴിയുള്ള കുടിവെള്ള വിതരണവും നടക്കുന്നുണ്ട്.
ലൈഫ് ഭവന പദ്ധതിയിലും മുന്‍പന്തിയില്‍
ലൈഫ് ഭവന പദ്ധതി മികച്ച രീതിയില്‍ മുന്നേറുന്ന പഞ്ചായത്തുകളിലൊന്നാണ് പൂത്തൃക്ക. ഒരു വര്‍ഷത്തിനിടെ 17 വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയത്. 15 വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
അടിസ്ഥാന സൗകര്യ വികസനവും മുന്നോട്ട്
അടിസ്ഥാന സൗകര്യ വികസനത്തിനും പൂത്തൃക്ക പഞ്ചായത്ത് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വഴിവിളക്കുകള്‍ രണ്ട് മാസത്തിലൊരിക്കല്‍ പരിശോധിച്ച്, ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നു. വയോജനങ്ങള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും വനിതകള്‍ക്കുള്ള മുട്ടക്കോഴി, ആട്, കന്നുകുട്ടി വിതരണവും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.