പൊട്ടാസ്യം ഉള്‍പ്പെടെയുള്ള പോഷകങ്ങളുടെ അളവും പഞ്ചസാരയുടെ അളവും കൂടുതലുള്ള പഴവര്‍ഗ്ഗങ്ങള്‍ കേടാകാതെ സംരക്ഷിച്ച് ജനങ്ങളുടെ പോഷണം മെച്ചപ്പെടുത്തി മികച്ച സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോക്ടര്‍.കെ.എന്‍.ശിവ അഭിപ്രായപ്പെട്ടു. തൃശൂരില്‍ നടക്കുന്ന വൈഗ 2020 ല്‍ വാഴപ്പഴമേഖലയിലെ സാധ്യതകള്‍-ഉത്പ്പാദനവും കയറ്റുമതിയും എന്ന സെമിനാറില്‍ വാഴപ്പഴ സംസ്‌ക്കരണവും മൂല്യവര്‍ദ്ധനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴപ്പഴം ഉണക്കിപ്പൊടിച്ച് കുട്ടികളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്് ആറുമാസം വരെ കേടാകാതെയിരിക്കും. നന്നായി പഴുത്ത പഴം കാന്‍സറിനെ പ്രതിരോധിക്കുമെന്നാണ് പുതിയ കണ്ടുപിടുത്തം.
ആഭ്യന്തര വിപണിക്കു പുറമെ കയറ്റുമതിക്കും വലിയ സാധ്യതയുള്ളതാണ് വാഴപ്പഴം. അതിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഗുണമേന്മയാണ്. വാഴയുടെ പരിപാലനം പോലെ പ്രധാനമാണ് കുലയുടെ പരിചരണവും. കൃത്യമയി വായുസഞ്ചാരമുള്ള കവറുകളിലെ കുല പൊതിഞ്ഞു നിര്‍ത്താവൂ. അല്ലെങ്കില്‍ അവ കേടാവും. പ്‌ളാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുത്. പഴുക്കുന്നതിന് ചെറിയ അളവില്‍ എത്തിലിന്‍ ഗ്യാസ് ഉപയോഗിക്കാം. 100-150 പിപിഎം ആണ് അനുവദനീയ അളവ്. ഇത് 80-100 രൂപ നിരക്കില്‍ ചെറിയ കുപ്പികളില്‍ ലഭിക്കും.
വാഴ ഒരു കല്‍പ്പതരുവാണ്. എല്ലാ ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയും. വാഴക്കായ പ്രധാനമായും ഉപ്പേരിയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ പൊപ്പോലി വര്‍ഗ്ഗത്തിലെ കായകള്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് പോലെ നൈട്രജന്‍ ഗ്യാസ് നിറച്ച പാക്കറ്റിലും വില്‍ക്കുന്നുണ്ട്. വാഴയുടെ കൂമ്പ് ഉണക്കിപൊടിച്ചും വിഭവങ്ങളുണ്ടാക്കുന്നു. ബനാന ബിസ്‌ക്കിറ്റ്, കുക്കീസ്, കപ്പമാവ് ചേര്‍ന്ന പൊടികള്‍ കേക്ക്് തുടങ്ങിയ ബേക്കറി വിഭവങ്ങള്‍, മുറുക്ക്,മിക്‌സ്ചര്‍,പക്കോട തുടങ്ങിയ സ്‌നാക്ക്‌സ് ഇവയെല്ലാം നിര്‍മ്മിക്കാന്‍ ഫലപ്രദമാണ്. മുപ്പത് ശതമാനം ബനാന പൊടിയും 70 ശതമാനം ഗോതമ്പും ചേര്‍ത്ത് ചപ്പാത്തിയും മറ്റും തയ്യാറാക്കാവുന്നതാണ്. ഇതിന് പുറമെ പാസ്താ,അച്ചാര്‍, ജാം,ജല്ലി,സിപ് അപ് എന്നിവയും തയ്യാറാക്കാം. ഔഷധം എന്ന നിലയില്‍ ബനാന പിണ്ടിയുടെ നീരും ഉപയോഗിക്കാവുന്നതാണ്. ഫൈബര്‍ കൂടുതലുള്ളതിനാല്‍ മൂത്രത്തിലെ കല്ല് നീങ്ങാന്‍ വലിയതോതില്‍ ഇത് സഹായിക്കും. രുചി കിട്ടാനായി ഇഞ്ചി നീര് ചേര്‍ത്തും നന്നാറി ചേര്‍ത്തും ഇത് തയ്യാറാക്കുന്നുണ്ട്. വാഴപ്പിണ്ടി അച്ചാര്‍ ഇഡലി,ചപ്പാത്തി, ബറോട്ട എന്നിവയ്‌ക്കൊപ്പം സ്വാദിഷ്ടമായ സൈഡ് ഡിഷാണ്. വാഴക്കൂമ്പ് പക്കോട തമിഴ്‌നാട്ടിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്നു. വാഴപ്പഴത്തില്‍ നിന്നും ജല്ലി,സ്‌ക്വാഷ് ,ഹല്‍വാ തുടങ്ങിയ ഇനങ്ങള്‍ക്കു പുറമെ വൈനും ബിയറും ഉണ്ടാക്കാന്‍ കഴിയും.
തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ കേന്ദ്രത്തില്‍ നിന്നും പരിശീലനം ലഭിച്ച നല്ല സംരംഭകര്‍ ഇന്ത്യയിലുടനീളമുണ്ട്. പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെടാവുന്ന നമ്പര്‍ --- ഡോക്ടര്‍ കെ.എന്‍.ശിവ - 9965726699