പച്ചത്തേങ്ങയുടെ സംഭരണവില നേരിട്ടു കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും. സംഭരണം നടന്നു 30 ദിവസത്തിനകംമാണ് വില അക്കൗണ്ടിലേക്കു കൈമാറുക.കൃഷി ചെയ്യുന്ന സ്ഥലത്തിൻ്റെ വിസ്തീര്‍ണം, തെങ്ങുകളുടെ എണ്ണം, വാര്‍ഷിക ഉല്‍പാദനം എന്നിവ സംബന്ധിച്ച സാക്ഷ്യപത്രം ബന്ധപ്പെട്ട കൃഷി ഓഫിസര്‍മാര്‍ നല്‍കണം. സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പച്ചത്തേങ്ങ സംഭരണം ആവശ്യമായ കൃഷിഭവന്‍ മേഖലകള്‍ ഏതെന്നു കേരഫെഡ് നിശ്ചയിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന കൃഷിഭവനുകളില്‍ കേരഫെഡിന്റെ അക്കൗണ്ടന്റുമാരുണ്ടാകും. സംഭരണം നടക്കുന്ന ദിവസങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെയും നിയമിക്കും. സംഭരണത്തിന്റെ വിശദാംശങ്ങള്‍ മേഖലാ ഓഫിസുകളിലേക്കു ദിവസേന ഇമെയിലില്‍ അറിയിക്കണം. കര്‍ഷകര്‍ക്കു നല്‍കേണ്ട തുക നിശ്ചയിച്ചു മേഖലാ ഓഫിസ് തലത്തില്‍ നിന്നു തുക കൈമാറാന്‍ സംവിധാനം വരും. സംഭരണത്തിനുള്ള സംസ്ഥാന തല ഏജന്‍സിയായി കേരഫെഡിനെയും കേരഫെഡില്‍ നിന്നു കൊപ്ര സംഭരിക്കുന്നതിനു നാഫെഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു തെങ്ങില്‍ നിന്ന് 50 വീതം പച്ചത്തേങ്ങ കിലോ ഗ്രാമിന് 27 രൂപ നിരക്കില്‍ നല്‍കാം.
പ്രാഥമിക കാര്‍ഷിക വിപണന സഹകരണ സംഘങ്ങള്‍ നേരിട്ടു സംഭരണം നടത്തും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. കേരഫെഡില്‍ അംഗത്വമുള്ള പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ എന്നിവയും കേന്ദ്ര നാളികേര വികസന ബോര്‍ഡിനു കീഴിലുള്ള ഉല്‍പാദക സംഘം, ഫെഡറേഷന്‍, ഉണക്കി കൊപ്രയാക്കാന്‍ സൗകര്യമുള്ള സംഘങ്ങള്‍ എന്നിവയ്ക്കും സംഭരണം നടത്താം.
ഇതു നിശ്ചിത ഗുണനിലവാരമുള്ള കൊപ്രയാക്കി 30 ദിവസത്തിനകം കേരഫെഡ് അംഗീകരിച്ച വ്യവസായ യൂണിറ്റുകളില്‍ എത്തിക്കണം. സംഭരിച്ച പച്ചത്തേങ്ങ, കൊപ്ര എന്നിവയുടെ വിലയും സ്റ്റോക്കും ദിവസേന കേരഫെഡിന്റെ മേഖലാ ഓഫിസുകളില്‍ അറിയിക്കണം.തേങ്ങയില്‍ നിന്നു നീക്കം ചെയ്യുന്ന തൊണ്ട് സംഭരിക്കുന്നതിനു കയര്‍ഫെഡുമായി ബന്ധപ്പെട്ടു സംഘങ്ങള്‍ കരാറുണ്ടാക്കും. നാളികേരം ഉണക്കി കൊപ്രയാക്കുന്നതിനുള്ള ഡ്രയര്‍ യൂണിറ്റുള്ള സംഘങ്ങള്‍ക്കാണു പച്ചത്തേങ്ങ സംഭരണത്തിനു മുന്‍ഗണന നല്‍കുക.