നക്ഷത്ര ആമകളേയും നീർനായകളേയും ആഗോള സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി. ഇവയെ പിടികൂടുന്നതും കടത്തുന്നതും വളർത്തുന്നതും പൂർണ്ണമായി നിരോധിക്കാൻ ജനീവയിൽ നടന്ന ആഗോള പ്രകൃതിസംരക്ഷണ സംഗമത്തിൽ തീരുമാനമായി. വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കുവാനായി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കൺസർവേഷൻ ഓൺ ഇന്റർനാഷണൽ ട്രെയ്ഡ് ഇൻ എൻഡേഞ്ചേർഡ് സ്പീഷിസ് ഫോർ വൈൽഡ് ഫ്‌ളോറ ആന്റ് ഫോണാ എന്ന രാജ്യാന്തര സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഉച്ചക്കോടിയിൽ സമർപ്പിക്കപ്പെട്ട നിർദ്ദേശമാണ് അംഗീകരിക്കപ്പെട്ടത്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട നക്ഷത്ര ആമകൾ നിലവിൽ പട്ടിക രണ്ട് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ തീരുമാനപ്രകാരം ഇവയെ പട്ടിക രണ്ടിൽ നിന്നും പട്ടിക ഒന്നിലേക്ക് സംരക്ഷണ പദവി ഉയർത്തുന്നതോടു കൂടി ഇവയെ ജീവനോടെയോ, കൊന്നോ ശരീര ഭാഗങ്ങളോടെയോ കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.
ചിന്നാർ വന്യജീവി സങ്കേതത്തിലെ വനമേഖലകളിലാണ് ഇന്ത്യയിൽ നക്ഷത്ര ആമകൾക്ക് പ്രകൃതിദത്തമായി വളരാൻ അനുയോജ്യമായ സാഹചര്യമുള്ളത്.നൂറു കണക്കിന് നക്ഷത്ര ആമകൾ ഇവിടെ ഉണ്ട്. കേരളത്തിൽ എവിടെ നക്ഷത്ര ആമകളെ പിടികൂടിയാലും ഇവയെ ചിന്നാർ വനത്തിൽ എത്തിച്ചാണ് തുറന്നു വിടുന്നത്. നൂറുകണക്കിന് നക്ഷത്ര ആമകൾ ഇവിടെയുണ്ട്. കേരളത്തിൽ എവിടെ നക്ഷത്ര ആമകളെ പിടികൂടിയാലും അവയെ ചിന്നാർ വനത്തിലാണ് തുറന്നുവിടുന്നത്.