സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന പന്നിമൂക്കൻ തവള എന്ന പാതാള തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. സംസ്ഥാന വന്യജീവി സംരക്ഷണ ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സൂഓഗ്ലോസ്സിഡായെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. തവളയുടെ വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്കു വരുന്നത്. അതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരിൽ ഇതിനെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം.
2003 ഒക്ടോബറിൽ തിരുവനന്തപുരം പാലോട് ട്രോപ്പികൽ ബൊട്ടാണിക്കൽ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്.ഡി. ബിജു, ബ്രസ്സൽസ് ഫ്രീ യൂണിവേർസിറ്റിയിലെ ഫ്രാങ്കി ബൊസ്സൂയിട്ട് എന്നിവർ ഇടുക്കി ജില്ലയിലാണ് ഇതിനെ കണ്ടെത്തിയത്. പിന്നീടു കോതമംഗലം, എരുമേലി, പാലക്കാട് സൈലന്റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്നാട്ടിൽ ആനമലയിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തി. അടുത്ത കാലത്തായി 2012 ഡിസംബറിൽ തൃശൂരിലും കണ്ടെത്തി. പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടലവർണ്ണമായിരിക്കും. ഏകദേശം 7 സെന്റിമീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിന്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്,മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യാഹാരം. മൺസൂൺ കാലത്ത് പ്രത്യുല്പാദനസമയത്ത് മാത്രം രണ്ടാഴ്ചയോളം അവ പുറത്തേക്ക് വരും
മുൻപു തന്നെ ഇതേക്കുറിച്ചുള്ള പരാമർശം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയിരുന്നു.ഊതി വീർപ്പിച്ച പോലെയാണ് ആകൃതി. ശരീരം ധൂമ്ര നിറത്തിലുള്ളതാണ്. പന്നികളുടേതു പോലെ മൂക്ക് ഉള്ളതിനാൽ, ചിലയിടങ്ങളിൽ ‘പന്നി മൂക്കൻ തവള’ എന്നും പേരുണ്ട്. വെളുത്ത നിറമുള്ള കൂർത്ത മൂക്കാണ്. ദൃഡമായ കൈ കാലുകൾ മണ്ണു കുഴിച്ചു പോകാൻ സഹായിക്കുന്നു. ചിതലും മണ്ണിരയും മണ്ണിലെ മറ്റു ചെറു പ്രാണികളമാണു ഭക്ഷണം. പശ്ചിമ ഘട്ട മലനിരകളുടെ കാലാവസ്ഥ അനുസരിച്ചു പരിണമിച്ചതു പോലെയാണു പ്രജനനവും ജീവിത രീതികളും.
സ്വഭാവം കൊണ്ടും പ്രത്യേകത കൊണ്ടും ലോക ഉഭയജീവി ഭൂപടത്തില്‍ ഇന്ത്യയ്ക്ക്, കേരളത്തിന്, മികച്ച ഒരു സ്ഥാനം കൊടുക്കുന്നതില്‍ വലിയ ഒരു പങ്കു വഹിച്ച തവളയാണ് പാതാള തവള. പര്‍പ്പിള്‍ ഫ്രോഗ് എന്നു വിളിക്കുന്ന ഈ തവളയുടെ ശാസ്ത്രീയ നാമം നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasikabatrachus sahyadrensis)എന്നാണ്. ഇതുകൂടാതെ പന്നിമൂക്കന്‍ തവള, പാതാള തവള, മാവേലി തവള, പതാള്‍, കുറവന്‍, കുറത്തി, കൊട്ട്രാന്‍, പതയാള്‍, പാറമീന്‍ എന്നീ പേരുകളും ഇവയ്ക്കുണ്ട്.
മണ്ണിനടിയില്‍ ഇരുന്നു കൊണ്ട് ഭൂമിയില്‍ മഴയുടെ അളവും, അരുവിയിലെ ജലത്തിന്‍റെ അളവും ഇവ എങ്ങിനെ അളക്കുന്നു എന്നും മുട്ടയിടാന്‍ എല്ലാ അവസരങ്ങളും സജ്ജമായി എന്നും കൃത്യമായി മനസ്സിലാക്കുന്നു എന്നത് ഇന്നും ഒരു അതിശയമാണ്. മഴ തുടങ്ങുമ്പോള്‍ “കൊറ കൊക്ക് കൊറ കൊക്ക്” എന്ന് നിര്‍ത്താതെ കരച്ചില്‍ തുടങ്ങുന്ന ആണ്‍ തവളകള്‍ പക്ഷെ പുറത്തു വരാതെ മണ്ണിനടിയില്‍ ഉള്ള തുരംഗങ്ങളില്‍ ഇരുന്നാണ് കരയുന്നത്. ഇവയെ തപ്പി പോകുമ്പോള്‍ ശബ്ദം കേള്‍ക്കുമെങ്കിലും നാം അടുത്തു പോകുമ്പോള്‍ കരച്ചില്‍ പതുക്കെ പതുക്കെ മണ്ണിനടിയിലേക്ക് പിന്‍വാങ്ങുന്നത് കേള്‍ക്കുവാന്‍ സാധിക്കും.
നേരെ മറിച്ചു പ്രജനനം നടക്കുന്ന ദിവസങ്ങള്‍ ആണെങ്കില്‍ ഒരു പരിധി വരെ അടുത്ത് പോയാലും അവ താഴോട്ട് പോകാറില്ല. മുതിര്‍ന്ന പെണ് തവള ഒറ്റ ദിവസം മാത്രമേ പുറത്തു വരികയുള്ളൂ , അതും പ്രജനനത്തിനു ശേഷം മണ്ണിനടിയിലെക്കു മടങ്ങുകയും ചെയ്യും . നാലായിരത്തോളം മുട്ടകള്‍ വരെ പെണ് തവളകളില്‍ കണ്ടിട്ടുണ്ട്. കരച്ചില്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പെണ് തവള തിരഞ്ഞെടുത്ത ആണ്‍ തവളയുമായി ഇണ ചേര്‍ന്നതിനു ശേഷം ആണിനെ ചുമന്നു കൊണ്ട് പെണ് തവള അരുവിയില്‍ എത്തും. അരുവിയിലെ പൊത്തുകളിലും വിടവുകളിലും കയറിയതിനു ശേഷം മുട്ടയിടല്‍ ആരംഭിക്കും.
മുഴുവന്‍ മുട്ടകള്‍ ഇട്ടതിനു ശേഷം ഇവ രണ്ടും വെവ്വേറെ ആയും രണ്ട് പേരും ഒരുമിച്ചും തിരിച്ച് മണ്ണിനടിയിലെക്കു മടങ്ങുകയാണ് പതിവ്. ഇനി മുട്ടയിടാന്‍ അടുത്ത വര്ഷം മാത്രം പുറത്തേക്ക്. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പാതാളത്തില്‍ നിന്ന് വരുന്ന ഇവയെ ജന്തു ലോകത്തെ മഹാബലി എന്ന് വിളിക്കാം. ആറു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞു സക്കര്‍ മീനുകളെ പോലെ ഒഴുക്കുള്ള വെള്ളത്തില്‍ പറ്റിപിടിച്ചു നില്‍ക്കുവാന്‍ സാധിക്കുന്ന വാല്‍മാക്രികള്‍ ആകും. ഈ സമയത്തിനുള്ളില്‍ വലിയ മഴ പെയ്താല്‍ മുട്ടകള്‍ മുഴുവന്‍ നശിച്ചു പോകും.
അതുപോലെ തന്നെ മഴ വൈകിയാലും ചൂടില്‍ മുട്ടകള്‍ വരണ്ടുണങ്ങി പോകും. രണ്ടായിരത്തിപതിനൊന്നു മുതല്‍ ഞങ്ങളുടെ സംഘം പഠിക്കുന്ന സ്ഥങ്ങളില്‍ ഉള്ള എല്ലാ വര്‍ഷത്തെയും പ്രജനനം എടുത്താല്‍ മുകളില്‍ പറഞ്ഞ രണ്ടു തരത്തില്‍ ഉള്ള പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. നേരെ മറിച്ചു കൂടുതല്‍ വര്‍ഷങ്ങളിലും പാതാള തവളകളുടെ ക്ലോക്ക് അല്ലെങ്കില്‍ കാലാവസ്ഥ നിരീക്ഷണം തെറ്റാറില്ല എന്ന് മാത്രമല്ല കൃത്യമായി ഏഴാമത്തെ ദിവസം ആകുമ്പോഴേക്കും കനത്ത മഴ ആകുകയും വിരിഞ്ഞിറങ്ങിയ വാല്‍മാക്രികള്‍ ഒഴുക്കില്‍ വെള്ളച്ചാട്ടത്തിന്റെ പലയിടങ്ങളിലെക്ക് മാറുകയും ചെയ്യുന്നതായി രേഖപെടുത്തിയിട്ടുണ്ട്. അവിടന്ന് നൂറു നൂറ്റിപത്തു ദിവസങ്ങള്‍ക്കുളില്‍ വാല്‍മാക്രികള്‍ വിരിഞ്ഞു തവള കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലെക്കു പോകും.
പശ്ചിമഘട്ടമലനിരകളുടെ കാലാവസ്ഥ അനുസരിച്ച് പരിണമിച്ചതാകാം ഇവ എന്ന് തോന്നിക്കുമാറാണ് പാതാള തവളയുടെ പ്രജനനവും ജീവിത രീതികളും. മഴക്കാലത്ത് കുത്തി ഒലിക്കുന്ന എന്നാല്‍ വേനലില്‍ വറ്റിവരളുന്ന പാറക്കെട്ടുകള്‍ ഉള്ള അരുവികള്‍/വെള്ളച്ചാട്ടങ്ങള്‍ ആണ് ഇവയുടെ ആവാസവ്യവസ്ഥ. അത്തരത്തില്‍ ഉള്ള അരുവികള്‍ ആദ്യ മഴയ്ക്ക് പുനര്‍ജനിക്കുമ്പോള്‍ പ്രജനനം നടത്തുന്നതിലൂടെ ജലത്തിലെ മത്സ്യങ്ങള്‍ അടക്കം ഉള്ള മറ്റു ശത്രുക്കളെ ഇവ പാടെ ഒഴിവാക്കുന്നു.