1. കുറച്ച് വൈകിയാണെങ്കിലും, ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് കാലെടുത്തു വയ്ക്കുകയാണ് റേഷൻ കടകളും. കേരളത്തിലെ എല്ലാ റേഷൻ കടകളിലും 1 മാസത്തിനകം ക്യൂ ആർ കോഡ് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. നിലവിൽ 40 ശതമാനത്തോളം റേഷൻ കടകളിൽ ഡിജിറ്റൽ പേയ്മെന്റ് സൗകര്യം ഉണ്ട്, എല്ലാ റേഷൻ കടകളിലും ഈ സൌകര്യം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. എല്ലാവരെയും ഒരേ ശൃഖലയിൽ ചേർത്താണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തും. കേരളത്തിൽ 14,148 റേഷൻ കടകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
കൂടുതൽ വാർത്തകൾ: ആശ്വാസമില്ല! പാചക വാതക സിലിണ്ടർ വില വീണ്ടും കൂട്ടി
2. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ ഇപ്പോൾ അവസരം. കൊല്ലം ജില്ലയിലുള്ളവർ, അംശദായമടച്ച് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍/വാട്ട്‌സ്ആപ്: 9746822396, 7025491386, 0474 2766843.
3. പത്തനംതിട്ട ജില്ലയിലെ ഒന്നര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ തിരികെ സ്‌കൂളിലേക്ക് പദ്ധതിയുടെ ഭാഗമാകുന്നു. കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന ശാക്തീകരണ പരിപാടിയാണ് ‘തിരികെ സ്‌കൂളില്‍’. ഓരോ പ്രദേശത്തും കണ്ടെത്തുന്ന വിദ്യാലയങ്ങളിലേക്ക് അയല്‍ക്കൂട്ടങ്ങള്‍ എത്തിച്ചേരും. പൂര്‍ണമായും ഒരു ദിവസം മുഴുവനും സ്‌കൂളില്‍ ചിലവഴിക്കുന്ന തരത്തിലാണ് പരിശീലനം നടക്കുക. രാവിലെ 9.30ന് ആരംഭിക്കുന്ന സ്‌കൂള്‍ അസംബ്ലിയ്ക്ക് ശേഷം അഞ്ച് വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ക്ലാസുകള്‍ നടക്കും. ഇടവേളകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള സമയവും ഉണ്ടാകും. ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള ഒഴിവുദിവസങ്ങളില്‍ ആണ് സ്‌കൂളുകള്‍ ചേരുന്നത്.
4. ഇടുക്കി ജില്ലയിൽ വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ക്ക് അപേക്ഷ നൽകാം. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ ആറ് ശതമാനം പലിശനിരക്കില്‍ ഉദ്യോഗസ്ഥ അല്ലെങ്കില്‍ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നല്‍കുന്നത്.
www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം ഇടുക്കി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 3.5 ശതമാനം പലിശ നിരക്കില്‍ മൂന്ന് കോടി രൂപ വരെ വായ്പ അനുവദിക്കും. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും, ഹരിത കര്‍മ്മ സേന ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.