വിതരണാനുമതി ലഭിക്കാത്തതുമൂലം കേരളത്തിലെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് ക്വിന്റൽ കണക്കിന് അരി. കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി ഈ വർഷം ഡിസംബർ വരെ നീട്ടിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിട്ടും ഇതുസംബന്ധിച്ച് യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ആലപ്പുഴ ജില്ലയിൽ 60 ചാക്ക് അരിയാണ് വിതരണാനുമതി കാത്ത് കിടക്കുന്നത്.
കൂടുതൽ വാർത്തകൾ: മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി: രണ്ടാം സ്ഥാനം എറണാകുളം ജില്ലാ പഞ്ചായത്തിന്
പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്ക് കൊവിഡ് സമയത്ത് അനുവദിച്ച അരി മൂന്ന് മാസത്തോളമായി സൂക്ഷിക്കുകയാണെന്നും ഇനിയും താമസിച്ചാൽ അരി ഭക്ഷ്യയോഗ്യമല്ലാതാകുമെന്നും വ്യാപാരികൾ പറയുന്നു. നിലവിൽ റേഷൻ കടകളിൽ പച്ചരി മാത്രമാണ് സ്റ്റോക്കുള്ളത്. ഉപഭോക്താക്കൾക്ക് അരി വാങ്ങാൻ ജനുവരി 10 വരെ സമയം നൽകിയിരുന്നു. എന്നാൽ ഭക്ഷ്യസാധനങ്ങൾ പൂർണമായി വിതരണം ചെയ്യാൻ സാധിച്ചില്ല. പുഴുക്കലരി ക്ഷാമമാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രതിസന്ധി. വെള്ള കാർഡുകാർക്ക് 6 കിലോ അരിയാണ് നൽകുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണം അവസാനിച്ചത്. എന്നാൽ ഇത് ഈ വർഷം ഡിസംബർ വരെ തുടരുമെന്ന് കേന്ദ്ര സർക്കാർ ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ റേഷൻ വിതരണത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ നിന്നും ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ നിയമസഭയിൽ പറഞ്ഞു.