1. ജൂൺ മുതൽ 10 ലക്ഷം മുൻഗണന കാർഡുകാർക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. 35 ലക്ഷം മുൻഗണന കാർഡ് ഉടമകൾ കേരളത്തിലുണ്ട്. സംസ്ഥാനത്തെ 6,228 റേഷൻ കടകൾ വഴിയാകും ധാന്യ പൊടി വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂർത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് മന്ത്രി നിർവഹിച്ചു. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷൻ കടകൾ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാനാണ് തീരുമാനം.
2. കോഴിഫാം തുടങ്ങാൻ മുടങ്ങിക്കിടന്ന ലൈസൻസ് ഉടൻ അനുവദിച്ച് കരുതലും കൈത്താങ്ങും അദാലത്ത്. തുറവൂർ സ്വദേശികളായ കെ.സി ജോസും ഭാര്യ മേരിയും 6 വർഷമായി കോഴിഫാം നടത്തുകയാണ്. നാളുകളായി മുടങ്ങിക്കിടക്കുന്ന സംരംഭക ലൈസൻസ് ലഭിക്കണമെന്ന് ആവശ്യവുമായാണ് ഇരുവരും എറണാകുളത്ത് സംഘടിപ്പിച്ച അദാലത്തിൽ എത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി പി. പ്രസാദാണ് ലൈസൻസ് നൽകിയത്.
കൂടുതൽ വാർത്തകൾ: കർഷകന് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അദാലത്ത്
3. വനം വന്യജീവി വകുപ്പ് നടപ്പിലാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്തു. നോര്‍ത്ത് വയനാട് വനം ഡിവിഷനിൽ ഏഴ് കുടുംബങ്ങള്‍ക്ക് 21 ആടുകളെയാണ് വിതരണം ചെയ്തത്. തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. വനഗ്രാമങ്ങളില്‍നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ക്കായി നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത പരിപാടികളുടെ ഭാഗമായാണ് ആടുകളെ വിതരണം ചെയ്തത്.
4. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മാംഗോ മാനിയ ഫെസ്റ്റിന് തുടക്കം. 12 രാജ്യങ്ങളിൽ നിന്നായി 75 ഓളം വ്യത്യസ്തമായ മാങ്ങകളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ പ്രസിദ്ധമായ മാമ്പഴങ്ങളാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. മാമ്പഴത്തിന് പുറമെ വിവിധ മൂല്യവർധിത ഉൽപന്നങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 21ന് മേള സമാപിക്കും.
5. കേരളത്തിൽ താപനില കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യ-വടക്കൻ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട്, പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.