Updated on: 27 December, 2022 5:29 PM IST

1. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം തുടരുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിന് ജാഗ്രതാ നിർദേശം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോമോറിൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരള-ലക്ഷദ്വീപ്-തമിഴ്നാട് തീരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകും..കൃഷി വാർത്തകൾ

2. സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. കിലോയ്ക്ക് 200 രൂപ വരെയാണ് വില. കോഴിത്തീറ്റയുടെ വില വർധനവും പരിപാലന ചെലവുമാണ് വില വർധനവിന്റെ പ്രധാന കാരണം. പക്ഷിപ്പനി കർഷകരെ ബാധിച്ചെങ്കിലും വിലയിൽ കുറവ് ഉണ്ടായില്ല. കഴിഞ്ഞ മാസം 120 രൂപയായിരുന്നു കോഴിയിറച്ചിയുടെ വില. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കോഴിത്തീറ്റയ്ക്ക് ഇപ്പോൾ വില 2,350 രൂപയാണ്. പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ചോളം കർഷകരുടെ സമരം മൂലം വിളവെടുപ്പ് നടക്കാത്ത സാഹചര്യത്തിലാണ് കോഴിത്തീറ്റയ്ക്ക് വില കൂടിയത്.

3. കേരളത്തിലെ 5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 3 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും, 2 ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചു. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി, കണ്ണൂർ പി.എച്ച്.സി. കോട്ടയം മലബാർ, കൊല്ലം പി.എച്ച്.സി. ചവറ എന്നിവ പുതുതായി അംഗീകാരവും, കണ്ണൂർ എഫ്.എച്ച്.സി. ആലക്കോട് തേർത്തല്ലി, തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര എന്നിവ പുന: അംഗീകാരവും നേടി. ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു.

4. റബ്ബർ കർഷകർക്കായി കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് മന്ത്രി കത്തയച്ചു. സ്വാഭാവിക റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി കാരണം ആഭ്യന്തര ഉൽപ്പാദനത്തിൽ ഉണ്ടായ തകർച്ചയും ഉൽപ്പാദനത്തിലെ ഇടിവും റബ്ബർ കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കിയതായി മന്ത്രി കത്തിൽ പറഞ്ഞു. ഉൽപാദനച്ചെലവ് കണക്കിലെടുത്ത് റബ്ബർ കിലോയ്ക്ക് 250 രൂപയെങ്കിലും ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

5. 'നിറവ്' പദ്ധതി കാർഷിക സംസ്‌കാരത്തിന്റെ അടയാളമെന്ന് മന്ത്രി വി.എൻ വാസവൻ. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടനത്തോടനുബന്ധിച്ച് പച്ചക്കറി കൃഷി, പുഷ്പകൃഷി, നെൽകൃഷി എന്നിവയിൽ മികച്ച വിളവ് നേടിയ ഗ്രൂപ്പുകളെയും കർഷകരെയും പഞ്ചായത്തുകളെയും മന്ത്രി ആദരിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 300 ഏക്കറിലാണ് കൃഷി ചെയ്തത്. രണ്ടാം ഘട്ടത്തിൽ 500 ഏക്കറിലായി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.

6. എറണാകുളം എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ 45 ഏക്കർ പാടശേഖരത്തിൽ ഡ്രോൺ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി പദ്ധതി പ്രകാരം ചാഴിശല്യ നിയന്ത്രണത്തിനായി ഫിഷ് അമിനോ ആസിഡാണ് തളിച്ചത്. എടയ്ക്കാട്ടുവയൽ ജൈവ എന്ന ഗ്രൂപ്പാണ് ഫിഷ് അമിനോ ആസിഡ് നിർമ്മിച്ചത്.

7. അപൂര്‍വ ഇനം കിഴങ്ങ് വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കില്‍ ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ സന്ദര്‍ശനം നടത്തി. കുടുംബശ്രീ മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ നിർവഹിച്ചു. നൂറ്റമ്പതില്‍ പരം വൈവിധ്യമാര്‍ന്ന കിഴങ്ങുകളുടെ സംരക്ഷണ കേന്ദ്രമാണ് തിരുനെല്ലി ഇരുമ്പുപാലത്ത് സ്ഥിതി ചെയ്യുന്ന നൂറാങ്ക്.

8. വയനാട് ജില്ലയിൽ ആദ്യമായി എത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് നെല്‍ക്കതിര്‍ ചെണ്ടുകള്‍ നൽകി സ്വീകരണം. പുതുതായി വിളവെടുത്ത ഗന്ധകശാല നെല്‍ക്കതിരുകള്‍ ചേര്‍ത്തു കെട്ടിയ കതിര്‍ ചെണ്ടുകള്‍ നല്‍കിയാണ് എടത്തന ട്രൈബല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മന്ത്രിയെ വരവേറ്റത്. ഭൗമസൂചികയില്‍ ഇടം നേടിയ വയനാടിന്റെ സ്വന്തം സുഗന്ധ നെല്‍ക്കതിർ ഉപയോഗിച്ച് കാട്ടിക്കുളം സ്വദേശി അനീഷാണ് ചെണ്ട് നിർമിച്ചത്.

9. ആലപ്പുഴയിൽ തരിശുരഹിത കരുവാറ്റാ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന പുല്ലാംകുഴി ചാലിൽ വിത ഉത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിൻ്റെയും കൃഷി വകുപ്പിൻ്റെയും സഹായത്തോടെ 35 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. വിത ഉത്സവത്തിന്റെ ഉദ്ഘാടനം കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ നിർവഹിച്ചു. തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന മണിരത്ന ഇനം വിത്താണ് വിതച്ചത്.

10. ആലപ്പുഴ ജില്ലയിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി പരിശീലനം സംഘടിപ്പിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റും വ്യവസായ വാണിജ്യ വകുപ്പും ചേർന്നാണ് 10 ദിവസത്തെ പരിശീലനം നടത്തുന്നത്. ജനുവരി 17 മുതൽ 28 വരെ കളമശ്ശേരിയിലെ KIED ക്യാമ്പസ്സിലാണ് പരിശീലനം നടക്കുക. 5,000/ രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവർക്ക് KIED വെബ് സൈറ്റ് വഴി ജനുവരി 26 ന് മുൻപ് അപേക്ഷ നൽകാം. തിരെഞ്ഞെടുക്കുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 

11. പിണ്ടിമനയിലെ തരിശുപാടങ്ങള്‍ കതിരണിയുന്നു. ഒരു മാസത്തിനിടയില്‍ പഞ്ചായത്തിലെ രണ്ട് ഹെക്ടറോളം തരിശു നിലങ്ങളാണ് കൃഷിയോഗ്യമാക്കി നെല്‍കൃഷി ആരംഭിച്ചത്. നെല്‍കൃഷിക്ക് പുറമെ കൂണ്‍ കൃഷി വ്യാപിപ്പിച്ച് വിവിധ തരത്തിലുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യവും കർഷകർക്കുണ്ട്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

12. വയനാട്ടിലെ കാർഷിക ഗ്രാമമായ ചേകാടിയിൽ ഗന്ധകശാല കൃഷി കുറയുന്നു. വന്യജീവികളുടെ ആക്രമണവും ഉൽപാദന ചെലവിന്റെ വർധനവുമാണ് കൃഷി കുറയാനുള്ള പ്രധാന കാരണം. 250 ഏക്കർ വയലാണ് ഇവിടെയുള്ളത്. പൂർണമായും ഗന്ധകശാല കൃഷി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 50 ഏക്കറിൽ മാത്രമാണ് ഗന്ധകശാല കൃഷി ചെയ്യുന്നത്. കൂടാതെ വിപണിയിൽ ഗന്ധകശാലയുടെ വ്യജന്മാർ ഇടം പിടിച്ചതും കർഷകർക്ക് തിരിച്ചടിയായി.

13. കന്നുകാലികളിൽ വ്യാപകമായി ചർമമുഴ ബാധിച്ചത് പാലക്കാട് ജില്ലയിലെ കർഷകരെ ആശങ്കയിലാക്കുന്നു. ജില്ലയിലെ 18ഓളം പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ 1 ലക്ഷത്തലധികം കന്നുകാലികളിൽ നാലായിരത്തോളം കന്നുകാലികൾക്ക് രോഗം ബാധിച്ചു. അമ്പതിലധികം കന്നുകാലികൾ രോഗം മൂലം മരിച്ചു. നിലവിൽ മലപ്പുറം, തൃശൂർ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

14. ഇന്ത്യയിലെ കാർഷിക കയറ്റുമതിയിൽ 11.97 ശതമാനം വർധനവ്. നടപ്പുവർഷമായ ഏപ്രിൽ-ഒക്‌ടോബർ മാസങ്ങളിൽ കാർഷിക, കാർഷികാനുബന്ധ കമ്മോഡിറ്റി കയറ്റുമതി 11.97 ശതമാനം വർദ്ധിച്ച് 3,021 കോടി ഡോളറിൽ എത്തിയതായാണ് റിപ്പോർട്ട്. ഗോതമ്പ്, ബസ്മതി അരി, കോട്ടൺ,​ ആവണക്കണ്ണ,​ കാപ്പി,​ പഴവർഗങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. 2021-22ലെ കയറ്റുമതി വരുമാനം 2,698 കോടി ഡോളറായിരുന്നുവെന്ന് കാർഷിക മന്ത്രാലയം അറിയിച്ചു.

15. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾക്ക് ബെഹ്റൈനിൽ തുടക്കം. ഇതിന്റെ ഭാഗമായി കാ​ർ​ഷി​ക പുരോഗതി ലക്ഷ്യമിട്ട് പു​തി​യ ഭൂ​മി അ​നു​വ​ദി​ക്കാൻ കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടതായി ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു. പ്രാദേശിക കാർഷികോൽപന്നങ്ങളുടെ ഉൽപാദനം വർധിപ്പിക്കുക, സു​സ്ഥി​ര​മാ​യ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ കാർഷിക മേള സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

English Summary: Rain alert warning in South Kerala more malayalam agriculture news
Published on: 27 December 2022, 05:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now