ഏതു കാലാവസ്ഥയിലും പച്ചക്കറി കൃഷിചെയ്യാവുന്ന സംവിധാനമാണ് മഴമറ. മഴക്കാല ആരംഭത്തോടെ പലരുടെയും കൃഷികൾ നശിക്കുകയും, നിക്ഷേപിച്ച തുകയുടെ പകുതിപോലും കിട്ടാത്ത അവസ്ഥയും സംജാതമാകുന്നു. ഇതിനൊരു പ്രശ്നപരിഹാര മാർഗമാണ് മഴ മറ സംവിധാനം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മഴയെ പ്രതിരോധിക്കാൻ പ്ലാസ്റ്റിക് കൊണ്ടുള്ള ആവരണം മേൽക്കൂരയായി പണിതു ഉയർത്തുന്നു.
വായു സഞ്ചാരം ഒരിക്കലും തടസ്സപ്പെടുന്നില്ല. പോളിഹൗസ് കൃഷി രീതിയെ വച്ച് താരതമ്യപ്പെടുത്തുമ്പോൾ ചുറ്റുപാടും മറക്കുന്ന രീതിയല്ല ഇവയുടെ. പോളിഹൗസ് സംവിധാനത്തെക്കാളും കുറഞ്ഞ മുതൽമുടക്കും, കൂടുതൽ വിളവും മഴമറ സംവിധാനത്തിലൂടെ ലഭ്യമാവുന്നു. സുതാര്യമായ ഈ പ്ലാസ്റ്റിക് കൂടാരം ഇന്ന് പലരും വീടിൻറെ ചോർച്ച മാറ്റാൻ ഉള്ള സംവിധാനമായി ദുരുപയോഗപ്പെടുത്തുന്നു എന്നത് ഒരു വസ്തുതയാണ്.
മഴക്കാലത്ത് നാടൻ പച്ചക്കറികൾ ലഭ്യമാകാൻ മഴമറ സംവിധാനമാണ് ഏറ്റവും ഫലപ്രദമായ വഴി. പയർ, തക്കാളി, വെണ്ട, സാലഡ് കുക്കുമ്പർ,മുളക് ഇനങ്ങൾ തുടങ്ങി എല്ലാത്തരം പച്ചക്കറികളും മട്ടുപ്പാവിൽ മഴമറ സംവിധാനം ഉപയോഗപ്പെടുത്തി കൃഷി ചെയ്യാം. ഒരു സെൻറ് മുതൽ 5 സെൻറ് വരെയുള്ള സ്ഥലം മഴമറ സംവിധാനത്തിനായി ഉപയോഗപ്പെടുത്താം. ചിലവ് കുറയ്ക്കാൻ നിങ്ങൾക്ക് ലഭ്യമാകുന്ന മുള, കവുങ്ങ് തുടങ്ങിയ തടികളും ഉപയോഗപ്പെടുത്താം.
ഒരു കിലോഗ്രാം യുവി സ്റ്റെബിലൈസ്ഡ് പോളിത്തീൻ ഷീറ്റ് ഉണ്ടെങ്കിൽ 5.6 ച. മീറ്റർ സ്ഥലം വരെ ആവരണം ചെയ്യാം. മധ്യ ഭാഗത്തു നിന്ന് ഏകദേശം നാലു മുതൽ നാലേകാൽ മീറ്റർ ഉയരം വരെ പൊക്കം ഉണ്ടാകുന്നു. ആർച്ച് രൂപത്തിൽ നിർമ്മിക്കുന്ന മഴമറ സംവിധാനം കാലാവസ്ഥയ്ക്ക് അനുയോജ്യവും, കൂടുതൽ വിളവ് തരുന്നതുമാണ്.ഇന്ന് കൃഷി പ്രേമികളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ മഴ മറ കൃഷി സംബന്ധിച്ച വിജയഗാഥകൾ നിരന്തരം നാം കേൾക്കുന്നു.
മഴയെന്നോ, വേനൽ എന്നോ ഭേദമില്ലാതെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ സർക്കാർ മഴമറ സംവിധാനം കൂടുതൽ സബ്സിഡി ഇളവോടുകൂടി ജനങ്ങളിലേക്ക് എത്തിക്കുന്നു. മഴമറ സംവിധാനത്തോടൊപ്പം ട്രിപ്പ് ഇറിഗേഷൻ പദ്ധതിയും സർക്കാർ നടപ്പിലാക്കിയതോടെ ഇതിൻറെ സ്വീകാര്യത വർദ്ധിച്ചുവെന്ന കാര്യം നിസംശയം പറയാം. പച്ചക്കറി കൃഷി രംഗത്ത് ഉൽപാദനം ഗണ്യമായ രീതിയിൽ വർദ്ധിപ്പിക്കാൻ ഈ സംവിധാനം ഉപകാരപ്രദം ആണെന്ന് കർഷകർ ഒന്നടങ്കം പറയുന്നു. പരമാവധി റെയിൻ ഷെൽട്ടർ സ്ഥാപിക്കുവാൻ 50000 രൂപ വരെ സർക്കാർ സബ്സിഡി നിലവിൽ നൽകുന്നുണ്ട്. ഇതിനെക്കുറിച്ച് നിങ്ങളുടെ അടുത്തുള്ള കൃഷി ഓഫീസുമായി ബന്ധപ്പെടുക.