1. സംസ്ഥാനത്തെ മുഴുവൻ അതിദരിദ്രർക്കും റേഷൻ കാർഡ് അനുവദിക്കാനൊരുങ്ങി പൊതുവിതരണ വകുപ്പ്. ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ നിർദേശത്തെ തുടർന്ന് 64,006 അതിദരിദ്രരെയാണ് തദ്ദേശ വകുപ്പ് കണ്ടെത്തിയത്. ഇവരിൽ 7,317 കുടുംബങ്ങൾക്ക് അടുത്ത വർഷം ജനുവരിയോടെ റേഷൻ കാർഡ് ലഭ്യമാക്കാനാണ് തീരുമാനം. ആദ്യം വെള്ള കാർഡ് നൽകിയ ശേഷം മാനദണ്ഡങ്ങൾക്കനുസരിച്ച് മഞ്ഞ, പിങ്ക് കാർഡുകളിലേക്ക് മാറ്റും. കണ്ടെത്തിയ കുടുംബങ്ങളിൽ 4,889 പേർക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ റേഷൻ കാർഡ് നൽകാനാകാത്ത സാഹചര്യമാണ്. അതേസമയം ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി മാറ്റിയ മുൻഗണനാ കാർഡുകൾ ദരിദ്ര വിഭാഗത്തിന് കൈമാറാനാണ് പൊതുവിതരണ വകുപ്പിന്റെ നീക്കം.
ബന്ധപ്പെട്ട വാർത്തകൾ: Aadhaar card update: ആധാർ കേടുകൂടാതെ സൂക്ഷിക്കണം: UIDAI..കൃഷി വാർത്തകൾ
2. കുറ്റ്യാടി മണ്ഡലത്തിലെ 'നെൽവയലുകൾ കതിരണിയും' പദ്ധതി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പാടങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കാന്‍ ചെറുകിട ജലസേചന വിഭാഗം തയ്യാറാക്കിയ പദ്ധതിയാണിത്. എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററാണ് മുഖ്യമന്ത്രി പിണറായി വിജയന് 61.78 കോടി രൂപയുടെ പദ്ധതി കൈമാറിയത്. പദ്ധതിക്ക് അംഗീകാരം നല്‍കി മണ്ഡലത്തിലെ ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും എല്‍.എല്‍.എ അറിയിച്ചു. മണിയൂര്‍, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി എന്നീ പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
3. കാർഷിക വായ്‌പ എടുത്ത കർഷകർ കടക്കെണിയിൽ അല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാർഷിക മേഖലയിലെ വാർഷിക നിഷ്‌ക്രിയ ആസ്തി 4.2 ശതമാനം മാത്രമാണെന്നും വായ്പാ തിരിച്ചടവ് കൃത്യമാണെന്ന് ഇത് സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആയതിനാൽ കർഷകരിൽ ഭൂരിഭാഗവും കടക്കെണിയിലാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
4. സംരംഭക വർഷം പദ്ധതിയിലൂടെ കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത് കൃഷി-ഭക്ഷ്യ സംസ്‌കരണ മേഖലയിലെന്ന് വ്യവസായമന്ത്രി പി.രാജീവ്. ഈ മേഖലയിൽ 17,958 പുതിയ സംരംഭങ്ങൾ രൂപപ്പെടുകയും, 1818 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു. 58,038 പേർക്കാണ് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭ്യമായതെന്നും മന്ത്രി അറിയിച്ചു. ഒരു വർഷത്തിനിടെ 1 ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി വഴി ഇതിനോടകം 1,01,353 സംരംഭങ്ങൾ ആരംഭിച്ചത് ചരിത്രനേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. കൊച്ചുമോൻ, അച്ചൻകുഞ്ഞു എന്നിവർ ചേർന്നാണ് കൃഷി ചെയ്തത്. കോഴഞ്ചേരി കൃഷി ഓഫീസർ രമേഷ് കുമാറിന്റെ മേൽ നോട്ടത്തിൽ ജൈവവളം ഉപയോഗിച്ച് വഴുതന, പടവലം, വെണ്ട, കോവൽ, ചീര, വെള്ളരി, പയർ, വാഴ, നെല്ല് തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്.
6. വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ആദ്യ വർഷത്തെ 25 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. സംയോജിത വിളപരിപാലന മുറകളിലൂടെ നാളികേരത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കാനുള്ള നിരവധി സഹായങ്ങളാണ് കർഷകർക്ക് ലഭ്യമാകുന്നത്. മൂല്യ വർദ്ധിത ഉൽപന്നങ്ങളിലൂടെ കർഷകന് അധിക വരുമാനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി നിർവഹണത്തിന്റെ ഭാഗമായി എല്ലാ വാർഡുകളിലും കേര സമിതി രൂപീകരിച്ചിട്ടുണ്ട്. 3 വർഷക്കാലം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ഇത്.
7. കോഴിക്കോട് മേപ്പയൂരിൽ കർഷകർക്കായി കൃഷിപാഠശാല സംഘടിപ്പിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പരിശീലന ഏജന്‍സിയായ ആത്മയുടെയും മേപ്പയൂർ കൃഷിഭവന്റെയും നേതൃത്വത്തിലാണ് പാഠശാല സംഘടിപ്പിച്ചത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കർഷകർക്ക് ക്ലാസുകൾ എടുത്തു. പരിപാടിയോടനുബന്ധിച്ച് കർഷകർക്ക് സൗജന്യമായി ഹൈബ്രിഡ് മുളകിൻ തൈകൾ വിതരണം ചെയ്തു.
8. ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്തില്‍ അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കം. ഓരോ ഭവനങ്ങളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലത്ത് 50 പേരടങ്ങുന്ന സംഘം ജൈവ കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ചീര, ബീന്‍സ്, പയര്‍, തക്കാളി, വഴുതന എന്നിങ്ങനെ അഞ്ചിനം പച്ചക്കറി വിത്തുകളും രണ്ടിനം പഴവര്‍ഗങ്ങളുടെ കൃഷിയുമാണ് ആരംഭിച്ചത്. കൂടാതെ ജില്ലയിലെ ഗ്രാമീണ വാര്‍ഡുകളില്‍ നിന്നും കുറഞ്ഞത് മൂന്ന് സെന്റില്‍ പോഷക തോട്ടങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന 50 കുടുംബങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
9. കാര്‍ഷിക ജോലികള്‍ എളുപ്പമാക്കാന്‍ വയനാട്ടിലെ പാടത്തും പറമ്പിലും ഇനി ഡ്രോണുകള്‍ പറക്കും. വളമിടലും മരുന്ന് തളിക്കലും ഉൾപ്പെടെ കാര്‍ഷിക ജോലികള്‍ ചെയ്യുന്ന ആധുനിക ഡ്രോണുകളെ പരിചയപ്പെടുത്തിയ കൃഷി വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിന്റെ പ്രദര്‍ശനം ശ്രദ്ധേയമായി. പൊഴുതനയിൽ സംഘടിപ്പിച്ച ജില്ലയിലെ ആദ്യ പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വിളയുടെ വളര്‍ച്ച, പരിപാലനം, വളവും കീടനാശിനിയും പ്രയോഗിക്കല്‍ എന്നിവ കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകും എന്നതാണ് ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ നേട്ടം. തൊഴിലാളികളുടെ ലഭ്യത കുറവിനും ഡ്രോൺ പരിഹാരമാണ്.
10. വയനാട് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ വനികരന്‍ പദ്ധതിക്ക് തുടക്കം. ‘സെന്ന’ പോലുള്ള കളചെടികള്‍ വേരടക്കം പിഴുത് മാറ്റുന്നതിനും, മുളയും വൃക്ഷതൈകളും നട്ട്, 3 മുതല്‍ 5 വര്‍ഷം വരെ പരിപാലനം ഉറപ്പ് വരുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ റിസര്‍വ് വനത്തിലെ 15 ഹെക്ടര്‍ പ്രദേശത്ത് തൈകൾ നടും. വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കടമ്പക്കാട്, കോളൂര്‍, കളിച്ചിറ എന്നീ കോളനികളിലെ 82 തൊഴിലാളികൾ വൃക്ഷത്തൈകള്‍ നട്ടു. തൊഴിലുറപ്പ് തൊഴിലാളികളാണ് വളപ്രയോഗം, നനയ്ക്കല്‍ തുടങ്ങിയ പ്രവൃത്തനങ്ങൾ കൈകാര്യം ചെയ്യുക. വനം വകുപ്പിന്റെ നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച 3000 മുളതൈകളും, 1000 വൃക്ഷതൈകളുമാണ് നട്ടത്. തൈ നടുന്നതിനൊപ്പം മണ്‍ബണ്ടും നീര്‍കുഴികളും നിർമിക്കുന്നതിനാൽ ജലലഭ്യതയും ഉറപ്പാക്കാൻ സാധിക്കും.
11. കോഴിക്കോട് ജില്ലയിൽ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. സെമിനാറുകള്‍, കന്നുകാലി പ്രദർശനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
12. പത്തനംതിട്ട ഇലന്തൂര്‍ ഗവ.വി.എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിർവഹിച്ചു. പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുവാന്‍ മിയവാക്കി മാതൃകയിലുള്ള സ്വാഭാവിക വനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ ഒരു മീറ്റര്‍ സ്‌ക്വയര്‍ ഭൂമിയില്‍ 5 മരം എന്ന കണക്കില്‍ ഇടതൂര്‍ന്ന രീതിയിലാണ് മരങ്ങള്‍ നടുന്നത്. ഇതില്‍ ഒരു വന്‍മരം, രണ്ട് ചെറുമരം, രണ്ട് കുറ്റിച്ചെടി എന്നിവ ഉള്‍പ്പെടും. നടുന്നതിനു മുമ്പ് ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റിയതിനു ശേഷം മേല്‍മണ്ണുമായി ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ്, കുമ്മായം ഇവ കൂട്ടിച്ചേര്‍ക്കുന്നു. വിദ്യാ വനത്തില്‍ അഞ്ചു സെന്റില്‍ 115ല്‍ പരം സ്പീഷീസില്‍ ഉള്ള 430 തൈകളാണ് നടുന്നത്.
13. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ 15, 17, 18 വാർഡുകളിലാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. ഒച്ചിനെ കെണിവച്ച് പിടിക്കുന്നതിനായി ഗോതമ്പ് പൊടി, ശർക്കര, തുരിശ്, യീസ്റ്റ് എന്നിവ ചേർത്ത് തയാറാക്കുന്ന മിശ്രിതം ഒച്ച് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ എത്തിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. ഒച്ചിനെ നശിപ്പിക്കുന്ന രീതി സംബന്ധിച്ച ബുക്ക് ലെറ്റുകൾ പഞ്ചായത്ത് വിതരണം ചെയ്തു. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കുമരകം കൃഷി വിജ്ഞാന കേന്ദ്രവും, ആരോഗ്യ പ്രവർത്തകരും പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
14. ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ഹരിയാനയിലെ മന്ദോര ഗ്രാമത്തിൽ ഫീൽഡ് ഡേ സംഘടിപ്പിച്ച് ഐസിഎആർ. ICAR-IARI സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. IARIയിലെ വിദഗ്ധരുമായി കർഷകർക്ക് സംവദിക്കാനുള്ള മികച്ച അവസരമായിരുന്നു ഇത്. രണ്ടായിരത്തോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
15. കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മാൻഡൂസ് ചുഴലിക്കാറ്റായി മാറിയതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കേരളത്തിന് പുറമെ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങളിലും മുന്നറിയിപ്പുണ്ട്. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.