സപ്ലൈ ഓഫീസുകളിൽ പോകാതെ റേഷൻകാർഡ് ലഭ്യമാകുന്ന ഇ-റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്തു പുതുവർഷത്തിൽ തുടങ്ങും. അപേക്ഷകന്റെ മൊബൈൽഫോണിലും ഇ-മെയിലിലും ലഭിക്കുന്ന ലിങ്കുവഴി റേഷൻകാർഡ് ഡൗൺലോഡുചെയ്ത് പ്രിന്റെടുക്കാമെന്നതാണു പ്രത്യേകത.
സുരക്ഷാ ഓഡിറ്റുകൂടി പൂർത്തിയാക്കിയാൽ സംവിധാനം നിലവിൽവരും. തിരുവനന്തപുരം ജില്ലയിലായിരിക്കും ആദ്യം.
പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കുപുറമെ, നിലവിലുള്ളവർക്കും ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. രണ്ടുപേജിൽ കുടുംബാംഗങ്ങളുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയുള്ളതാണ് ഇ-റേഷൻ കാർഡ്. ഇതു പോക്കറ്റിൽ മടക്കിവെക്കാൻ കഴിയും. എ.ടി.എം. കാർഡ് രീതിയിലുള്ള കാർഡാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
22 പേജുള്ള നിലവിലെ റേഷൻകാർഡ് ഇതോടെ പഴങ്കഥയാകും. സർക്കാർ ആനുകൂല്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കു റേഷൻകാർഡ് എളുപ്പത്തിൽ നൽകാൻ പുതിയസംവിധാനത്തിലൂടെ കഴിയും. ആദ്യഘട്ടത്തിൽ അക്ഷയകേന്ദ്രങ്ങൾ വഴിയേ അപേക്ഷിക്കാനാവൂ. പിന്നീട് വ്യക്തികൾക്കുനേരിട്ട് അപേക്ഷനൽകി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സംവിധാനംവരും.