മൂവാറ്റുപുഴ: റീബില്‍ഡ് കേരളം 2020-21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ആയവന ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം എല്‍ എ നിര്‍വ്വഹിച്ചു.
പ്രളയാനന്തര കേരള പുനര്‍ നിര്‍മ്മാണമെന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനായി റീബില്‍ഡ് കേരളം പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ജീവനോപാധികള്‍ നല്‍കുന്നതാണ് പദ്ധതി.
പദ്ധതിക്കായി 50-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ സമീപകാലത്തുണ്ടായ മഹാപ്രളയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകരെ വീണ്ടും ക്ഷീര കാര്‍ഷീക മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പശു വളര്‍ത്തലിനായി രണ്ട് പശുക്കളെ ഉള്‍പ്പെടുന്ന 30-യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 60,000-രൂപയാണ് നല്‍കുന്നത്.
കിടാരി വളര്‍ത്തലിന് ഒരുവയസ് പ്രയമായ പശുക്കിടാവിനെ വാങ്ങുന്നതിന് എട്ട് യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 15,000-രൂപയും, ആട് വളര്‍ത്തുന്നതിന് ആറ് ആടുകളെ വീതം 10-യുണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 25,000-രൂപയും, പന്നി വളര്‍ത്തുന്നതിന് 10-പന്നിക്കുഞ്ഞുങ്ങളെ എട്ട് യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 50,000-രൂപയും, കോഴി വളര്‍ത്തുന്നതിന് രണ്ട് മാസം പ്രായമായ അഞ്ച് കോഴി വീതം 140-യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 500-രൂപ വീതവും, തീറ്റപ്പുല്‍ കൃഷിയ്ക്ക് 52-യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 10,000-രൂപയും, പശു തൊഴുത്ത് നിര്‍മ്മാണത്തിന് (എസ്റ്റിമേറ്റ് തുകയുടെ 50-ശതമാനം ) 10-യൂണിറ്റിുകള്‍ക്ക് യൂണിറ്റ് ഒന്നിന് 25,000-രൂപയും, കാലിത്തീറ്റയ്ക്കായി രണ്ട് ചാക്ക് വീതം ആറ് മാസത്തേയ്ക്ക് 90-യൂണിറ്റുകള്‍ക്ക് യൂണിറ്റ് ഒന്നിന് 6000-രൂപ.എന്നീ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ.ഗോപകുമാര്‍.എ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,
പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജന്‍ കടക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മെഴ്‌സി ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഭാസ്‌കരന്‍ നായര്‍, ജൂലി സുനില്‍, രഹ്ന സോബിന്‍, ആയവന വെറ്റിനറി സര്‍ജന്‍ ഡോ.ബോബിപോള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍,രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രാസപദാർത്ഥങ്ങൾ ചേരാത്ത മത്സ്യവുമായി മത്സ്യഫെഡിന്റെ ആറ് ഫിഷ് മാർട്ടുകൾ കൂടി ആരംഭിക്കുന്നു