'റീബില്‍ഡ് കേരള 2021' കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ജൈവകര്‍ഷക കൂട്ടായ്മ

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ജൈവകര്‍ഷക കൂട്ടായ്മ. ഇടുക്കി, കോട്ടയം ജില്ലകളിലെ 5000 ത്തിലധികം വരുന്ന ജൈവ കര്‍ഷകരുടെ കൂട്ടായ്മയായ മണര്‍കാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 'കേരള പുനര്‍നിര്‍മ്മാണം 2021 ന് ' തുടക്കമിടുന്നു. ജൈവകൃഷിയിലൂടെ ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയിടങ്ങളും ജീവനോപാധികളും പുനര്‍നിര്‍മിക്കുന്നതിനു വേണ്ട പിന്തുണയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നവംബര്‍ 26 ന് ഇടുക്കിയിലെ ഇടിഞ്ഞമലയില്‍ നടക്കുന്ന 'റീബില്‍ഡ് കേരള 2021' ഉദ്ഘാടനചടങ്ങില്‍ രാജ്യത്താകമാനമുള്ള നൂറോളം ജൈവകര്‍ഷകര്‍ പങ്കെടുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയം സുഗന്ധവിളകളുടെ ജൈവരീതിയില്‍ തയ്യാറാക്കിയ രണ്ടു ലക്ഷം തൈകള്‍ നട്ടുകൊണ്ടാണ് ഉദ്ഘാടനം പൂര്‍ത്തിയാവുകയെന്ന് മാസ് പ്രസിഡന്റ് ബിജുമോന്‍ കുര്യന്‍ പറഞ്ഞു. ജൈവ കര്‍ഷക കൂട്ടായ്മ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയുടെ കാര്‍ഷികമേഖലയിലൊട്ടാകെ ഒരു ചലനം സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസിന്റെ ഇടിഞ്ഞമലയിലുള്ള മാതൃകാത്തോട്ടത്തിലും ജില്ലയിലെ രണ്ട് മുനിസിപ്പാലിറ്റികളിലും 52 പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു ലക്ഷത്തോളം ചെറുകിടഇടത്തരം കര്‍ഷകരുടെ കൃഷിയിടങ്ങളിലുമായാണ് തൈകളുടെ നടീല്‍ ക്രമീകരിച്ചിരിക്കുന്നത്. പിന്നീട് കേരളത്തിലുടനീളമുള്ള കര്‍ഷകരിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും. ജൈവ വൈവിധ്യ മേഖലയായ പശ്ചിമഘട്ടത്തിന് ഈ പദ്ധതി പ്രയോജനം നല്‍കും, കാലാവസ്ഥാ മാറ്റത്തിന്റെ ഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
ഔഷധസസ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കാപ്പി, കൊക്കോ തുടങ്ങിയവയുടെ തൈകളാണ് ആദ്യഘട്ടത്തില്‍ നല്‍കുക. തൈകള്‍ സൗജന്യമായി നല്‍കുന്നതിനു പുറമെ ഇവയുടെ ജൈവകൃഷിക്കുള്ള വിവിധ സഹായങ്ങളും മാസ് ലഭ്യമാക്കും. ജൈവകൃഷി, തൊഴില്‍, പരിസ്ഥിതി വിനോദസഞ്ചാരമേഖലയിലെ അവസരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കാര്‍ഷിക വികസനത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്ത ഘട്ടങ്ങളിലായി നിരവധി പദ്ധതികള്‍ നടപ്പാക്കും. മൂന്നു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.
ഇടുക്കിയിലെ ഓരോ ഗ്രാമത്തിലെയും കമ്പ്യൂട്ടര്‍വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ നേതൃത്വത്തിലുള്ള 100 'ഇ-സേവാമഹിള' ബൂത്തുകളുടെ സേവനവും സൊസൈറ്റി ലഭ്യമാക്കും. കര്‍ഷകര്‍ക്ക് അവരുടെ രേഖകള്‍ നിയമാനുസൃതമാക്കാനും, ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ നല്‍കാനും, ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കര്‍ഷകരുടെ മൊബൈലില്‍ ലഭ്യമാക്കാനും ഇതുവഴി സാധ്യമാകും.
English Summary: Rebuild Kerala 2021
Share your comments