1. ഡിസംബറിൽ കേരളത്തിൽ പെയ്തത് റെക്കോർഡ് മഴ. കഴിഞ്ഞ 25 വർഷത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ മാസമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡിസംബർ 1 മുതൽ 18 വരെ 84.7 മി.മി മഴയാണ് രേഖപ്പെടുത്തിയത്. 1997ന് ശേഷം ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്. 3 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ മഴ ലഭിച്ചത്. സാധാരണ ഡിസംബർ മാസങ്ങളിൽ 34.8 മില്ലിമീറ്റർ മഴയാണ് ശരാശരി ലഭിക്കുക. എന്നാൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മാൻഡസ് ചുഴലിക്കാറ്റായി മാറിയതിന്റെ ഫലമായാണ് മഴ ശക്തമായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം 1946ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 202.3 മി.മി മഴയാണ് അന്ന് രേഖപ്പെടുത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: പിഎം കിസാൻ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം..കൃഷി വാർത്തകളിലേക്ക്
2. ഇസ്രായേൽ സന്ദർശിച്ച് കൃഷി പഠിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരം. ഇസ്രായേൽ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന സാങ്കേതിക വിദ്യകൾ മനസിലാക്കി നാട്ടിലെ കൃഷിയിടങ്ങളിൽ പ്രാവർത്തികമാക്കുന്നതിന് താൽപര്യമുള്ള കർഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കാനുള്ള പദ്ധതിക്കാണ് സംസ്ഥാന കൃഷിവകുപ്പ് തുടക്കമിടുന്നത്. വാട്ടർ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകൾ, മൈക്രോ ഇറിഗേഷൻ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകൾ, ഹൈടെക് കൃഷിരീതികൾ, പോളി ഹൗസ് എന്നീ മേഖലകളിലെ സാങ്കേതിക വിദ്യകളിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇസ്രായേൽ. താൽപര്യമുള്ള കർഷകർ ഈ മാസം 29ന് മുമ്പ് കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ വഴി അപേക്ഷ നൽകണം. കാർഷിക മേഖലയിൽ 10 വർഷത്തിലേറെ പരിചയമുള്ള 50 വയസിന് താഴെയുള്ള 20 കർഷകർക്കായിരിക്കും അവസരം ലഭിക്കുക. ഇന്ന് മുതൽ കർഷകർക്ക് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.
3. ആലപ്പുഴ ജില്ലയിൽ കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, വിപണനം എന്നിവ ലക്ഷ്യമിട്ട് നാല് പദ്ധതികൾ കൂടി വരുന്നു. ചെറുകിട സംസ്കരണ യൂണിറ്റ്, പ്രാഥമിക സംസ്കരണ പദ്ധതികൾ, കൊപ്ര ഡ്രയർ, വിപണത്തിന് സൗ രോർജ സംവിധാനമുള്ള വാഹനങ്ങൾ എന്നീ പദ്ധതികൾ ആരംഭിക്കാൻ സർക്കാർ സാമ്പത്തിക സഹായം നൽകും. പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, കാർഷികോൽപാദക സംഘങ്ങൾ എന്നിവയ്ക്ക് പദ്ധതികൾ നൽകാം. ജില്ലയിൽ പദ്ധതികൾക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 50 ശതമാനം തുക സബ്സിഡി ലഭിക്കും. 20 ലക്ഷം രൂപ ചെലവുള്ള പദ്ധതികളാണ് പരിഗണിക്കുക.
4. ഓച്ചിറ ബ്ലോക്കിൽ ക്ഷീര കർഷകസംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ക്ഷീരവികസന വകുപ്പിന്റെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ഗ്രാമപഞ്ചായത്തുകൾ, ക്ഷീരസഹകരണ സംഘങ്ങൾ, ആത്മ, മിൽമ, കേരള ഫീഡ്സ്, സഹകരണ ബാങ്കുകൾ എന്നിവയുടെ അംഗങ്ങൾ, ക്ഷീരകർഷകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
5. ഹോട്ടലുകൾക്ക് ഗ്രേഡിംഗ് നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. പഴകിയ ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന തടയുക, ഭക്ഷ്യവിഷ ബാധ ഒഴിവാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഗ്രേഡിംഗ് നടപ്പാക്കാനുള്ള നിയമം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.
6. ഗോത്ര മേഖലയില്‍ നിന്നും നൂറ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് തുടക്കം. വയനാട് ജില്ലയിൽ നടപ്പിലാക്കിയ ‘ബണ്‍സ’ ക്യാമ്പയിനിലൂടെയാണ് നൂറ് സംരംഭങ്ങള്‍ രൂപീകരിച്ചത്. സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദാണ് പ്രഖ്യാപനം നടത്തിയത്. ഗോത്ര മേഖലയിലെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് ഊരുകളില്‍ വികസനം സാധ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷന്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി മൈക്രോ സംരംഭം, RKID, SVEP എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പ്രത്യേക ക്യാമ്പയിനാണ് ‘ബണ്‍സ’.
7. നെല്ല് ഉൽപാദനം വർധിപ്പിക്കാൻ വയനാട്ടിൽ നെൽക്കൃഷി വികസന ഏജൻസി പുനസംഘടിപ്പിച്ചു. ഉൽപാദനം വർധിപ്പിക്കുക, നെൽകൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1996ലാണ് വയനാട് നെൽകൃഷി വികസന ഏജൻസി രൂപീകരിച്ചത്. പാടശേഖര സമിതിയിൽ നിന്നും വിദഗ്ധ കർഷകരിൽ നിന്നും തെരഞ്ഞെടുത്ത 7 പേരെ ഏജൻസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുകിട തോടുകളുടെ ആഴം കൂട്ടി, ജലസേചന ശേഷി വർധിപ്പിക്കാനും നെൽകൃഷി അടിസ്ഥാനമാക്കി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ഏജൻസി തീരുമാനിച്ചു.
8. കൊല്ലം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് പുരസ്‌കാരം നല്‍കുന്നു. പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകൾ, പ്രവര്‍ത്തന വിവരങ്ങൾ എന്നിവ സഹിതം ഈമാസം 24നകം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം പരിഗണിക്കുന്നതല്ല. അപേക്ഷ ഫോം സർക്കാർ മൃഗാശുപത്രികളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം.
9. പത്തനംതിട്ടയിൽ കോഴിക്കുഞ്ഞുങ്ങളെ സബ്സിഡി നിരക്കിൽ ലഭിക്കും. സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി വി.ബി 380 ഇനം കോഴിക്കുഞ്ഞുങ്ങളെ അടൂർ, പന്തളം, തിരവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, കോന്നി, കലഞ്ഞൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്യും.
10. സംസ്ഥാനത്ത് ആദ്യമായി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമെടുത്ത് മലപ്പുറത്തെ ജനകീയ ഹോട്ടല്‍ ജീവനക്കാര്‍. പീടികത്തൊഴിലാളി ക്ഷേമിനിധിയുടെ കീഴിലാണ് ജീവനക്കാരെ ഉള്‍പ്പെടുത്തിയത്. ക്ഷേമനിധി ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍ എം റെനീഷിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജാഫര്‍ എം കക്കൂത്ത് അപേക്ഷ കൈമാറി. കുടുംബശ്രീ ജില്ലാ മിഷനും ജനകീയ ഹോട്ടല്‍ സംരംഭകരുടെ കണ്‍സോര്‍ഷ്യമായ ഗാലക്‌സിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരംഭകരെയും തൊഴിലാളികളെയും ഇതിന്റെ ഭാഗമാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുകൾ ഉള്ളത് മലപ്പുറത്താണ്.
11. നാടൻ ഗ്രാമ്പുവിന്റെ വില വർധനവ് കർഷകർക്ക് ആശ്വാസമാകുന്നു. റബ്ബർ, ഏലം തുടങ്ങിയവയുടെ തുടർച്ചയായ വിലയിടിവിന് ഇടയിലും ഗ്രാമ്പു, കർഷകർക്ക് താങ്ങാകുന്നു. 500 രൂപയിൽ താഴെയായിരുന്ന നാടൻ ഗ്രാമ്പുവിന് ഇപ്പോൾ കിലോയ്ക്ക് 950 രൂപയാണ് വില. ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയതും ക്രിസ്മസ് വിപണിയുമാണ് ഗ്രാമ്പു ഡിമാൻഡ് ഉയർത്തിയത്. സിലോണിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്രാമ്പുവും നാടൻ ഗ്രാമ്പുവും ഇടകലർത്തിയാണ് വിൽപന നടത്തുന്നത്.
12. കോട്ടയത്ത് മുയൽ വളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിശീലനം നൽകുക. ഈ മാസം 22ന് രാവിലെ 10 മണി മുതൽ 5 മണി വരെ പരിശീലനം നടക്കും.
13. മാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നിവ വിദ്യാർത്ഥികൾക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
14. പരിസ്ഥി സംരക്ഷണത്തിന് പിന്തുണ നൽകാൻ മരങ്ങൾ നട്ടുപിടിപ്പിച്ച് കായിക താരങ്ങൾ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, വനവൽക്കരണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് ഷാർജയിൽ 100 മരങ്ങൾ നട്ടത്. ഷാർജ പരിസ്ഥിതി സംരക്ഷിത മേഖല അതോറിറ്റിയുടെയും UIMF 1-എച്ച് ടു ഒ വേൾഡ് ചാമ്പ്യൻഷിപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.