1. News

പിഎം കിസാൻ ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം..കൃഷി വാർത്തകളിലേക്ക്

13-ാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾ നിർബന്ധമായും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Darsana J

1. PM Kisan ഗുണഭോക്താക്കൾ ശ്രദ്ധിക്കുക. 13-ാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾ നിർബന്ധമായും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. കൂടാതെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളും അടിയന്തരമായി നൽകണം. ReLIS പോര്‍ട്ടലില്‍ ഉള്ളവര്‍ക്ക് ഇതിനായി സംസ്ഥാന കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ വിവരങ്ങൾ നൽകാൻ സൗകര്യമുണ്ട്. ReLIS പോര്‍ട്ടലില്‍ ഇല്ലാത്തവര്‍ അപേക്ഷയും വിവരങ്ങളും നേരിട്ട് കൃഷി ഭവനില്‍ സമര്‍പ്പിക്കണം. ഇകെവൈസി അപ്ഡേറ്റ് ചെയ്യാത്ത കർഷകർക്ക് കഴിഞ്ഞ തവണയും തുക ലഭിച്ചിരുന്നില്ല.

PM Kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc ഉടൻ തന്നെ പൂർത്തിയാക്കണം. പിഎം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്ത അര്‍ഹതയുള്ള കര്‍ഷകര്‍ സ്വന്തമായോ, അക്ഷയ / പൊതു സേവന കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകർക്കായി 2018 ഡിസംബര്‍ മുതലാണ് പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 3 തവണയായി 6000 രൂപ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കടകളിൽ പുഴുക്കലരിയില്ല, പച്ചരി മാത്രം..കൂടുതൽ കൃഷി വാർത്തകൾ

2. ടൂറിസം രംഗത്തും ആരോഗ്യ രംഗത്തും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്. കോവിഡാനന്തര ടൂറിസത്തിലും, പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാർഡ് ലഭിച്ചത്. 90.5 പോയിന്റ് നേടിയാണ് കേരളം ടൂറിസം അവാര്‍ഡിന് അര്‍ഹത നേടിയത്. കാരവാന്‍ ടൂറിസം, ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള്‍ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്‍ഡിന് തെരഞ്ഞെടുത്തത്. 183.8 സ്‌കോര്‍ നേടിയാണ് ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനം നേടിയത്.

3. പാൽ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. പാലക്കാട് എടത്തറ കോട്ടയില്‍ ജില്ലാ ക്ഷീര സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാല്‍, മുട്ട, മാംസം, പച്ചക്കറി എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്നത് പാലക്കാട് ജില്ലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

4. അക്ഷയ കേന്ദ്ര സംരംഭകർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ആലപ്പുഴയിൽ അക്ഷയ കേന്ദ്രങ്ങളുടെ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫീസുകളെ ആശ്രയിക്കാതെ തന്നെ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകുന്ന ഇടമാണ് അക്ഷയ കേന്ദ്രങ്ങളെന്നും ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങി പ്രവർത്തിക്കുന്ന രീതിയിൽ അക്ഷയ കേന്ദ്രങ്ങൾ മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

5. കുറ്റ്യാടി നാളികേര പാർക്ക് യാഥാർഥ്യമാകുന്നു. പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ വകുപ്പ് ആരംഭിക്കുന്ന നാളികേര ഭക്ഷ്യസംസ്കരണ പാർക്ക് 2024ൽ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. കേരളം സംരംഭക സൗഹാർദ സംസ്ഥാനമായി മാറിയിട്ടുണ്ടെന്നും ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ലക്ഷ്യം എട്ട് മാസം കൊണ്ട് പൂർത്തീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6. ക്രേസ് ബിസ്കറ്റ്സ് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ആരംഭിച്ച ക്രേസ് ബിസ്കറ്റ്സ് ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 150 കോടി രൂപ മുതൽമുടക്കിൽ ഒരുലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആൻ്റ് കൺഫക്ഷനറി ഫാക്ടറിയാണ് ക്രേസ് ബിസ്കറ്റ്സ്. ജി സി സി, ആഫ്രിക്ക, ഫാർ ഈസ്റ്റ് രാജ്യങ്ങളിലെല്ലാം സൂപ്പർ മാർക്കറ്റ് ശൃംഖലകളുള്ള ആസ്കോ ഗ്ലോബലിൻ്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. കിനാലൂരിലെ KSIDC ഇൻ്റസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്.

7. ഭക്ഷ്യ-പൊതുവിതരണ സംവിധാനങ്ങൾ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. എറണാകുളത്ത് നടന്ന ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്കാണുള്ളതെന്നും ഭക്ഷ്യ-പൊതു വിതരണ സംവിധാനത്തിലെ അവകാശങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ കൂടുതല്‍ അറിയാനും അതിലെ ന്യൂനതകള്‍ പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

8. ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തു. തൃശൂരിൽ നടന്ന പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തുക കൈമാറി. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മൃഗസംരക്ഷണ വകുപ്പ് സജ്ജമാണെന്നും പന്നിപ്പനിയെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് കൃഷി പുനരാരംഭിക്കാനുള്ള എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂർ ജില്ലയിൽ നിലവിൽ ചേർപ്പ്, അതിരപ്പിള്ളി, കോടശ്ശേരി കടങ്ങോട് എന്നീ പഞ്ചായത്തുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

9. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് നാളെ നടക്കും. തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.

10. ജൈവകൃഷിയില്‍ മാതൃകയായി അണ്ടൂര്‍ക്കോണം പഞ്ചായത്ത്. വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്ത് ആരംഭിച്ച ജൈവ പച്ചക്കറി കൃഷി നൂറുമേനി വിജയം നേടി രണ്ടാം ഘട്ടത്തിലെത്തി. 18 ഏക്കറിൽ ആരംഭിച്ച കൃഷി 26 ഏക്കറിലേക്ക് വ്യാപിപ്പിച്ചു. ഇവിടെ ഉൽപാദിപ്പിക്കുന്ന പച്ചക്കറികള്‍ 'അണ്ടൂര്‍ക്കോണം ഗ്രാമ്യ പച്ചക്കറി' എന്ന ബ്രാന്‍ഡിലാണ് നിലവിൽ വിപണിയിലെത്തുന്നത്. പാവയ്ക്ക, ചീര, പയര്‍, പടവലം, വെള്ളരി, കറിവേപ്പില, വഴുതന തുടങ്ങിയ എല്ലാത്തരം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട് . പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ശാസ്ത്രീയമായ കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്.

11. ജലദൗർലഭ്യത്തിന് പരിഹാരമായി അമ്പല്ലൂരിൽ ഹൈഡ്രോജൽ ക്യാപ്സ്യൂൾ കൃഷിരീതി ആരംഭിച്ചു. അളകപ്പനഗർ പഞ്ചായത്തിലെ കൃഷിപാഠശാലയിലെ വാഴത്തോട്ടത്തിലാണ് പരീക്ഷണം നടത്തുന്നത്. പാലക്കാട് കൃഷി വിഞ്ജാന കേന്ദ്രമാണ് ഹൈഡ്രോജൽ ക്യാപ്സ്യൂൾ വികസിപ്പിച്ചെടുത്തത്. മണ്ണിലെ ജലാംശം നിർനിർത്തുന്നതിന് പുറമെ പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന സ്റ്റാർച്ച് അധിഷ്ടിതമായ ചേരുവ കാപ്സ്യൂളിൽ അടങ്ങിയിട്ടുണ്ട്. 34 ഗ്രാം തൂക്കമുള്ള കാപ്സ്യൂളിന്റെ വില 3 രൂപയാണ്.

12. വെള്ളാവൂരിലെ കർഷകർക്ക് കേരഗ്രാമം പദ്ധതിയിലേക്ക് പുതിയതായി ചേരാൻ അവസരം. ഇതിനായി കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം കൃഷിഭവനിൽ സമർപ്പിക്കണം. സബ്സിഡി നിരക്കിൽ തെങ്ങുകൾക്ക് ഒരു വർഷത്തേക്ക് വളം വാങ്ങാൻ ഉള്ള പെർമിറ്റ്, ജൈവവളം ഉപയോഗിക്കുന്നതിന് സബ്സിഡി തുക എന്നീ ആനുകൂല്യങ്ങൾ പദ്ധതി പ്രകാരം ലഭ്യമാകും.

13. ഇടുക്കിയിൽ മുള, ഈറ്റ ഉത്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പമെന്റാണ് പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. 12 ദിവസം നടന്ന പരിശീലനത്തിൽ നാളിയാനി, കോഴിപ്പിള്ളി, തടിയനാല്‍ ഊര് കൂട്ടങ്ങളില്‍ നിന്ന് 24 പേര്‍ പങ്കെടുത്തു.

14. ഒറ്റത്തവണ നട്ടാൽ 4 വർഷം വരെ വിളവെടുക്കാൻ സാധിക്കുന്ന നെല്ല് വികസിപ്പിച്ചെടുത്ത് ചൈന. നെൽകൃഷിയ്ക്ക് നിലമൊരുക്കൽ തുടങ്ങി എല്ലാ പ്രക്രിയകൾക്കും ചെലവും സമയവും ധാരാളം ആവശ്യമാണ്. ഇതിന് പരിഹാരമായാണ് ബഹുവർഷ നെല്ലിനമായ PR 23 ചൈനയിലെ യുനാൻ സർവകലാശാല കണ്ടുപിടിച്ചത്. പിആർ 23 ഒരുതവണ നട്ടാൽ 4 വർഷം കൊണ്ട് 8 തവണ വിളവെടുക്കാൻ സാധിക്കും. ഓരോ വിളവെടുപ്പിന് ശേഷവും വേരുകൾ പൊട്ടിമുളയ്ക്കുകയും ഇത് നെൽചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. സാധാരണ നെല്ലിനങ്ങളെ അപേക്ഷിച്ച് ഹെക്ടറിന് 6.8 ടൺ വിളവ് ലഭിക്കുമെന്നാണ് ചൈനയുടെ വാദം. ചൈനയിലെ നാൽപതിനായിരത്തിലധികം കർഷകർ ഈ ഇനം നെല്ല് കൃഷി ചെയ്തതതായാണ് റിപ്പോർട്ട്.

15. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം പടിഞ്ഞാറ് ശ്രീലങ്കയിലേക്ക് നീങ്ങുമെന്നും കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: PM Kisan beneficiaries to link bank accounts with Aadhaar more Agriculture malayalam News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds