കേന്ദ്രസര്‍ക്കാരിൻ്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ കര്‍ഷകരുമായി ആദ്യ കരാര്‍ ഒപ്പിട്ട് റിലയൻസ്. മിനിമം താങ്ങുവിലയെക്കാള്‍ ഉയര്‍ന്ന വിലയിൽ നെല്ല് ഏറ്റെടുക്കാനാണ് റിലയൻസും കര്‍ണാടകയിലെ കര്‍ഷകരും തമ്മിൽ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
കര്‍ണാടകയിലെ റായ്ചൂര്‍ ജില്ലയിലെ സിന്ധനൂര്‍ താലൂക്കിലെ കര്‍ഷകരിൽ നിന്ന് ആയിരം ക്വിൻ്റൽ നെല്ല് ഏറ്റെടുക്കാനാണ് റിലയൻസ് റീടെയിൽ ലിമിറ്റഡും കര്‍ഷകരും തമ്മിൽ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
സ്വസ്ഥ്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനിയുമായി ഒരാഴ്ച മുൻപാണ് റിലയൻസ് കരാര്‍ ഒപ്പിട്ടതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
ഈ സ്ഥാപനം പ്രധാനമായും എണ്ണ വ്യാപാരത്തിലാണ് ശ്രദ്ധേ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും പുതുതായി നെല്ല് സംഭരണത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നുവെന്നും ഇതിനോടം 1100ഓളം നെൽകര്‍ഷകര്‍ സ്ഥാപനത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കര്‍ണാടക സര്‍ക്കാര്‍ നെല്ലിന് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവിലയായ 1868 രൂപയിൽ നിന്ന് ക്വിൻ്റലിന് 82 രൂപ വീതം അധികം നല്‍കാമെന്നാണ് റിലയൻസ് റീടെയിൽ ലിമിറ്റഡ് കരാറിൽ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ നെല്ലിൽ 16 ശതമാനത്തിലധികം ഈര്‍പ്പമുണ്ടാകരുതെന്ന് നിര്‍ദേശമുണ്ട്. കൂടാതെ ഓരോ നൂറ് രൂപയുടെ ഇടപാടിനും കര്‍ഷകര്‍ക്ക് 1.5 ശതമാനം കമ്മീഷൻ നല്‍കുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ സിന്ധനൂരിലെ വെയര്‍ഹൗസിലേയ്ക്ക് നെല്ല് എത്തിക്കാനുള്ള ചാക്കുകളുടെ വില നല്‍കേണ്ടത് കര്‍ഷകരാണ്.
സംഭരണകേന്ദ്രത്തിൽ എത്തിക്കുന്ന നെല്ലിൻ്റെ നിലവാരം ഒരു മൂന്നാം കക്ഷിയെ ഉപയോഗിച്ച് പരിശോധിക്കുമെന്നും ഇത് തൃപ്തികരമാണെങ്കിൽ റിലയൻസ് പ്രതിനിധികള്‍ നെല്ല് ഏറ്റെടുക്കുമെന്നും എസ്എഫ്പിസി എംഡി മല്ലികാര്‍ജുൻ കൽകാദിന്നി അറിയിച്ചു.
നിലവിൽ 500 ക്വിൻ്റലോളം നെല്ല് കേന്ദ്രത്തിലുണ്ടെന്നും ഇത് ഏതു സമയവും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.