Updated on: 8 October, 2022 10:53 PM IST

1. ദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടി കേരളം. 2021ലെ പ്രധാനമന്ത്രി ആവാസ്‌ യോജന അർബൻ അവാർഡിൽ കേരളം സ്വന്തമാക്കിയത് മൂന്ന് പുരസ്കാരങ്ങൾ. രണ്ട്‌ പുരസ്കാരങ്ങൾ സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലും ഭവനപദ്ധതിയുടെ മാതൃകയ്ക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചു. നഗരസഭകളിൽ മട്ടന്നൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി. കേരളം നടത്തിയ മികവേറിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്‌ പുരസ്കാരമെന്ന് മന്ത്രി എം.ബി രാജേഷ്‌ പറഞ്ഞു. കേന്ദ്രവിഹിതവും സർക്കാർ വിഹിതവും ഉപയോഗപ്പെടുത്തിയാണ് സംസ്ഥാനത്ത് പദ്ധതികൾ നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഒരാൾക്ക് നാലു ലക്ഷം രൂപയാണ് വീട്‌ വയ്ക്കാൻ സംസ്ഥാന സർക്കാർ നൽകുന്നത്‌. പ്രധാനമന്ത്രി ആവാസ്‌ യോജനയിൽ ഉൾപ്പെടുന്നവർക്ക് ഒന്നരലക്ഷം രൂപ മാത്രമാണ്‌ കേന്ദ്രം നൽകുന്നത്. ഇതിൽ രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ്‌ നൽകുന്നത്‌. പദ്ധതി പ്രകാരം കേരളത്തിൽ അനുമതി ലഭിച്ചത് 1,23,246 വീടുകൾക്കാണ്.

ബന്ധപ്പെട്ട വാർത്തകൾ: റവന്യൂകമ്മി സഹായധനമായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി അനുവദിച്ചു; കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും

2. കർഷകർക്ക് ആശ്വാസമായി പാലക്കാടൻ മട്ടയ്ക്ക് വില ഉയർന്നു. പാലക്കാടൻ മട്ട എന്നറിയപ്പെടുന്ന ജ്യോതി നെല്ലിന് പൊതുവിപണിയിൽ താങ്ങുവിലയേക്കാൾ ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. മട്ട കിലോക്ക് പുതിയ നെല്ലിന് 32 രൂപയും പഴയ നെല്ലിന് 30 രൂപയും വിലയുണ്ട്. ഉരുണ്ട മട്ട പുതിയ നെല്ലിന് 29 രൂപയും പഴയ നെല്ലിന് 27 രൂപയുമാണ് വില. സപ്ലൈകോയിൽ കിട്ടുന്ന താങ്ങുവില കിലോഗ്രാമിന് 28 രൂപ 20 പൈസയാണ്. കൂടുതൽ കർഷകരും ഒന്നാംവിളയ്ക്ക് തെരഞ്ഞടുത്ത വെള്ള ഉമ നെല്ലിന് കിലോക്ക് 18 മുതൽ 20 രൂപ വരെയാണ് വില.

3. മാതൃഭൂമി കാർഷിക മേള 2022ന് തുടക്കം. പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടി കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ വി. രവീന്ദ്രനാഥ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കാർഷികരംഗം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എന്ന വിഷയത്തിൽ എഴുത്തുകാരനും ഭക്ഷ്യ കാർഷിക വിദഗ്ധനുമായ ദേവീന്ദർ ശർമ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് മേള നടക്കുന്നത്. മാതൃഭൂമി റിപ്പോർട്ടർമാർ പകർത്തിയ ചിത്രങ്ങളും വിവിധയിനം ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന 130 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.

4. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകി സംസ്ഥാനതലത്തിൽ പന്തളം നഗരഭ ഒന്നാം സ്ഥാനം നേടി. കൊട്ടാരക്കര, കായംകുളം നഗരസഭകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും ഒറ്റപ്പാലം നഗരസഭ സ്വന്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ കണക്ക് പ്രകാരം 34,476 തൊഴിൽ ദിനങ്ങളാണ് ഒറ്റപ്പാലം നഗരസഭ നൽകിയത്. കൂടാതെ, 2.22 കോടിയുടെ പ്രവൃത്തികൾ കഴിഞ്ഞ സാമ്പത്തിക വർഷം നഗരസഭ പൂർത്തിയാക്കി.

5. വയനാട് കരടിപ്പാറയിലെ തേയില ഫാക്ടറി സന്ദർശിച്ച് ജില്ലാ കളക്ടര്‍ എ. ഗീത. ചെറുകിട തേയില കര്‍ഷകരുടെ കാര്‍ഷിക സംരംഭമാണ് ഓര്‍ഗാനിക് ഗ്രീന്‍ ടീ ഫാക്ടറി. തേയില ഉത്പാദനം, ഫാക്ടറി പ്രവര്‍ത്തനം, വിപണനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കളക്ടർ കര്‍ഷകരുമായി ചർച്ച നടത്തി. സര്‍ട്ടിഫൈഡ് ഓര്‍ഗാനിക് തേയില ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ കർഷകർക്ക് ഉറപ്പ് നൽകി.

6. കോട്ടയം ജില്ലയിൽ മത്സ്യകൃഷി പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പുതിയ റെയറിംഗ് കുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി കുളം നിർമ്മാണം, ഓരുജല മത്സ്യ കൃഷിയ്ക്കുള്ള ഇൻപുട്ടുകൾ, അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലനയൂണിറ്റ് , ബയോ ഫ്ലോക്ക് , റീ സർക്കുലേറ്ററി സിസ്റ്റം, മത്സ്യ വിപണനത്തിനുള്ള ഇൻസുലേറ്റഡ് വെഹിക്കിൾ, ത്രീ വീലർ വിത്ത് ഐസ് ബോക്സ് എന്നിവയാണ് പദ്ധതികൾ. ഈ മാസം 15നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് 04829 291550, 0481 2566823, 0482 2299151 നമ്പറുകളിൽ ബന്ധപ്പെടാം.

7. ശുദ്ധമായ പാലുല്‍പ്പാദനം വിഷയത്തിൽ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം. അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററിൽ, ഈ മാസം 13, 14 തീയതികളിലാണ് പരിശീലനം നടക്കുക. താൽപര്യമുള്ളവർ 04734 266869, 9495390436 നമ്പറുകളുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച കർഷകർക്കാണ് അവസരം.

8. കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി നടത്തുന്ന കർഷക അവാർഡുകളിലേക്ക് അപേക്ഷിക്കാം. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ തൃശൂർ ഒല്ലുക്കര ബ്ലോക്കിലെ ഏറ്റവും നല്ല കാർഷിക കർമ്മസേനാംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, നല്ല കർഷക-കർഷകൻ, കുട്ടി കർഷകൻ, ഹരിത സ്കൂൾ , മികച്ച കാർഷിക മാധ്യമ റിപ്പോർട്ടിങ്ങ്, മികച്ച രീതിയിൽ നവീന കൃഷി രീതി പിന്തുടരുന്ന കർഷകൻ, മികച്ച കർഷക സൗഹൃദ ബാങ്ക്, സംയോജിത കൃഷിയിടം, മികച്ച പ്രാഥമിക കാർഷിക സഹകരണ സംഘം എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നൽകും. താൽപര്യമുള്ളവർ ഈ മാസം 13ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പ് അതാത് കൃഷി ഭവനുകളിൽ അപേക്ഷ സമർപ്പിക്കണം.

9. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ദുബായ് മിറക്ക്ൾ ഗാർഡൻ ഉടൻ തുറക്കും. അപൂർവമായി കാണപ്പെടുന്ന നൂറോളം ഇനം പുഷ്പങ്ങളാണ് ഗാർഡന്റെ പ്രത്യേകത. 72,000 ചതുരശ്ര അടി വിസ്തൃതിയിൽ 15 കോടി പൂക്കൾ പൂന്തോട്ടത്തിലുണ്ടെന്നാണ് കണക്ക്. എമിറേറ്റ്സ് എ 380 വിമാനത്തിൻറെ മാതൃകയിൽ പൂക്കൾകൊണ്ട് നിർമിച്ച കൂറ്റൻ വിമാനം, മല, കാർട്ടൂൺ കഥാപാത്രങ്ങൾ, കൂടാതെ ലേക് പാർക്ക്, ഫ്ലോട്ടിംങ് ലേഡി പ്രതിമ തുടങ്ങിയവ ഗാർഡന്റെ മറ്റ് പ്രത്യേകതകളാണ്. വേനൽകാല ഇടവേളക്കുശേഷം ഈ മാസം 10 മുതൽ ഗാർഡനിലേക്ക് സഞ്ചാരികളെ പ്രവേശിക്കും.

10. കേരളത്തിൽ തുലാവർഷം നേരത്തെ എത്തില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, ബംഗാൾ ഉൾക്കടലിലെ കാലാവസ്ഥ മാറ്റങ്ങളുടെ ഫലമായി വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മഴയുടെ തീവ്രതയെ കുറിച്ച് സൂചനകളില്ല.

English Summary: Relief for farmers Palakkadan matta prices have gone up more malayalam agriculture news
Published on: 08 October 2022, 05:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now