1. കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്തെ 7 ജില്ലകളിൽ 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണിത്. കൊല്ലം ജില്ലയിലെ പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപസൂചിക മാപ്പ് പ്രകാരം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും 40 മുതൽ 45 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. അതേസമയം, കൊടും ചൂടിന് ആശ്വാസമായി വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ പ്രതീക്ഷിക്കാം.
2. കർഷകർ ആവശ്യപ്പെടുന്ന സ്ഥലത്ത് പരിശോധന ഉറപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. നെല്ല് സംഭരണത്തിന് പ്രത്യേക നീരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഉടനടി പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. തണ്ണീർപന്തൽ എല്ലാ സഹകരണ ബാങ്കുകളിലും ഒരുക്കുമെന്ന് മന്ത്രി വി എൻ വാസവൻ. എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൽ സഹകരണവകുപ്പിന്റെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ സഹകരണ സംഘം പ്രസിഡന്റുമാരും ഉദ്യാഗസ്ഥരും പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും, വ്യാപാര തെരുവുകളിലും 'തണ്ണീർ പന്തലുകൾ' ആരംഭിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
4. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യം കുറയുകയാണ്. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
5. കേരളത്തിൽ കശുവണ്ടി സംഭരണ കേന്ദ്രങ്ങളുടെ അഭാവം മൂലം കർഷകർ വലയുന്നു. കശുവണ്ടിക്ക് സർക്കാർ 114 രൂപ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ശേഖരണത്തിനായി മലയോര മേഖലകളിൽ സംഭരണ കേന്ദ്രങ്ങളില്ലാത്തതാണ് കർഷകർക്ക് തിരിച്ചടിയായത്. വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും 150 മുതൽ 200 രൂപ വരെ കശുവണ്ടിക്ക് താങ്ങുവില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും 114 രൂപ മാത്രമാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ പൊതുവിപണിയിൽ 120 രൂപക്കടുത്ത് വിലയുണ്ടായിരുന്ന കശുവണ്ടിക്ക് 114 രൂപയായി കുറഞ്ഞു. വില ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നത്.
6. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പെരുമ്പറയില്‍ ഇക്കോ പാര്‍ക്ക് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ഒരുങ്ങുന്നു. 90 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് ഒരുക്കുന്നത്. ആംഫി തിയേറ്റര്‍, കുട്ടികളുടെ ഉദ്യാനം, പഴശ്ശി ജലാശയത്തില്‍ ബോട്ട് സവാരി, ബോട്ട് ജെട്ടി നിര്‍മ്മാണം, ഇരിപ്പിടങ്ങള്‍ തുടങ്ങി ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്. കേരളത്തിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
7. മലപ്പുറം-തൃശൂർ ജില്ലകളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് ആരംഭിക്കുന്നു.
ചിറവല്ലൂർ, ആമയം, നന്നംമുക്ക്, സ്രായിക്കടവ്, പ്രദേശങ്ങളിലാണ് നെൽകൃഷി കൂടുതലുള്ളത്. വിളവ് പൂർത്തിയായ പതിനായിരത്തിലേറെ ഏക്കർ കൃഷിയിടങ്ങളിലാണ് ഇപ്പോൾ പുഞ്ച കൊയ്ത്ത് തുടങ്ങിയത്. നീലേ പടവ്, തെക്കേ കെട്ട്, ചേറായം കോൾ പടവ്, എടമ്പാടം തുടങ്ങിയ കോൾ പടവുകളിലാണ് കൊയ്ത്ത് ആരംഭിച്ചത്.
8. വണ്‍ വീക്ക് വണ്‍ ലാബ് മില്ലറ്റ് ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് തുടക്കം.
പാപ്പനംകോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസില്‍ സംഘടിപ്പിച്ച ഫെസ്റ്റിവെലിന്‍റെ ഉദ്ഘാടനം സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറൽ ഡോ. എന്‍. കലൈസെല്‍വി നിര്‍വ്വഹിച്ചു. പ്രദര്‍ശനം ഈ മാസം 18 വരെ തുടരും. ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുക, ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ. ഫെസ്റ്റിവെലിന്‍റെ ഭാഗമായി സംഘടിപ്പിച്ച കര്‍ഷകസംഗമത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുത്തു.
9. മനാമയിലെ അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. സ്കൂളിലെ ഹോർട്ടികൾചർ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ മേൽനോട്ടത്തിൽ കൃഷി ചെയ്ത ബ്രോക്കോളി, കോളിഫ്ലവർ, കാബേജ്, കാലെ തുടങ്ങിയ ശൈത്യകാല പച്ചക്കറികളാണ് വിളവെടുത്തത്. കാർഷികോൽപന്നങ്ങൾ വിറ്റുകിട്ടിയ തുക ചാരിറ്റി സംഘടനകൾക്ക് നൽകാനാണ് തീരുമാനം.
10. കേരളത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ മാസം 16 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. അതേസമയം, ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കൂടുതൽ വാർത്തകൾ: അഗ്നിബാധ തടയുന്നതിന് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു