പുതിയ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ദിനമായ ഏപ്രിലിൽ എൽപിജി സിലിണ്ടറിൻ്റെ വില കുറഞ്ഞു.പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 32 രൂപയാണ് കുറഞ്ഞത്. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായുള്ള 3 മാസത്തെ വില വർധനവിന് ശേഷമാണ് ഇന്ന് പാചകവാതക വില കുറയുന്നത്.കൊച്ചിയിൽ 1775 രൂപയാണ് പുതുക്കിയ വില. അഞ്ചുകിലോ സിലിണ്ടർ വിലയിലും 7.50 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ വില 1764.50 രൂപയാണ്. മാർച്ചിൽ സിലിണ്ടറിന് 25.50 രൂപ വർധനവ് ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ 14 രൂപയുടെയും ജനുവരിയിൽ 1.50 രൂപയുടെയും വർധനവാണു ഉണ്ടായിട്ടുള്ളത്.
2.സുനാമിക്ക് സമാനമായ കള്ളക്കടൽ പ്രതിഭാസം സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ടു ദിവസം കൂടി ഈ പ്രതിഭാസം തുടരുമെന്നും അതിനാൽ തീരപ്രദേശ നിവാസികളും മത്സ്യതൊഴിലാളികളും ജാഗ്രതപാലിക്കണമെന്നുമാണ് അറിയിപ്പ്. കടൽ തീരത്ത് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ കടലേറ്റം ആലപ്പുഴ, തിരുവന്തപുരം , കൊല്ലം ജില്ലകളിലാണ് ഏറെ ദുരിതംവിതച്ചത്. ഒട്ടേറെ വീടുകളിൽ വെള്ളംകയറുകയും, വള്ളങ്ങളും ബോട്ടുകളും ഒഴുകിപ്പോവുകയും, നിരവധി വള്ളങ്ങൾക്ക് കേടുപാട് സംഭവിക്കുകയും തീരദേശറോഡിൽ ഗതാഗതം താറുമാറാകുകയും ചെയ്തിട്ടുണ്ട്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുക,മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക ,മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക,ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ
2.രാജ്യാന്തര വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ കൊക്കോ വിപണി. ഉണക്ക കൊക്കോയുടെ വില 250ൽ നിന്ന് 800 രൂപക്ക് മുകളിലേക്കുയർന്നു. ഒരു വർഷത്തിനിടയിൽ 200 ശതമാനത്തോളമാണു വർധനവുണ്ടായിരിക്കുന്നത്. അന്താഷ്ട്ര മാർക്കറ്റില്‍ ടണ്ണിന് കഴിഞ്ഞ മാസം 2400 ഡോളർ എന്ന നിലയില്‍ നിന്ന് ഉയർന്ന് ഇപ്പോള്‍ എണ്ണായിരം ഡോളറിന് മുകളിലായി.പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം മൂലം ലോകത്ത് കൊക്കോയുടെ 70 ശതമാനവും ലഭ്യമാക്കുന്ന ഘാന, ഐവറി കോസ്റ്റ് രാജ്യങ്ങളിൽ ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് വിലകുത്തനെ ഉയരാൻ കാരണം. ഉയർന്ന വില ഒരു വർഷത്തേക്ക് എങ്കിലും തുടരുമെന്നാണ് വിപണി നൽകുന്ന സൂചന. കേരളത്തിൽ കൊക്കോ കൃഷിയുടെ 40 ശതമാനവും ഇടുക്കി ജില്ലയിൽ നിന്നാണ്. ഇന്ത്യയിൽ ഒരു ഹെക്ടറിലെ വിളവ് ഒരു വർഷം ശരാശരി 560 കിലോയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോയുടെ ലഭ്യത കുറഞ്ഞതോടെ ചോക്ലേറ്റ് കമ്പനികൾ പ്രതിസന്ധിയിലാണ്. 500 ഗ്രാം ചോക്ലേറ്റ് നിർമിക്കാൻ 400 കൊക്കോ കുരു എങ്കിലും വേണം. ഒരു മരത്തിൽനിന്ന് ഒരു വർഷം പരമാവധി കിട്ടുന്നത് 2500 കുരു എന്നാണ് പഠനം. കേരളത്തിൽ വിളവെടുപ്പ് കാലമല്ലാത്തതിനാൽ വിലവർദ്ധനവ് കേരളത്തിലെ കർഷകർക്ക് അധികം ഗുണം ചെയ്യില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വയനാട്ടിൽ പ്രകൃതി സൗഹാര്‍ദ തെരഞ്ഞെടുപ്പിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹാര്‍ദ തെരഞ്ഞെടുപ്പ് നടത്തുന്നതിൻ്റെ ആവശ്യകതയും മാര്‍നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സ്വീപ്പുമായി സഹകരിച്ചാണ് ഹരിത മാതൃകാ ബൂത്ത് ഒരുക്കിയത്.വുഡ്, ഓല, കയര്‍, വൈക്കോല്‍ തുടങ്ങി പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് മാതൃക പോളിംഗ് ബൂത്ത് നിര്‍മിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രം പരിചയപ്പെടുന്നതിനും ബൂത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ജൈവ, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകളും ബൂത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങള്‍, പ്രകൃതി സൗഹാര്‍ദ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ലഘുലേഖ, പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ ബൂത്തില്‍ വിതരണം ചെയ്യുന്നുണ്ട്.ഏപ്രില്‍ 26 വരെ സിവില്‍ സ്റ്റേഷനില്‍ ബൂത്ത് പ്രവര്‍ത്തിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, എന്‍.ആര്‍.ഇ.ജി.എ പ്രോഗ്രാം ഓഫീസര്‍ പി.സി.മജീദ്, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ പി. ജയരാജന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ അനുപമ, നവ കേരളമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, സ്വീപ് നോഡല്‍ ഓഫീസര്‍ പി.യു സിത്താര, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ. റഹിം ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.