Updated on: 4 December, 2020 11:18 PM IST
Vishukkani

കോവിഡ് കാലത്തെ വിഷു

ആളും ആരവവും പൂത്തിരിയും മത്താപ്പൂവും കണിയും കൈനീട്ടവും വിഷുപ്പുടവയുമെല്ലാം മാറിനില്‍ക്കുന്നൊരു മേടവിഷു എന്റെ ഓര്‍മ്മയില്‍ ആദ്യത്തേതാണ്. കൊറോണ എന്ന സൂക്ഷ്മാണു ലോകത്തിന് സമ്മാനിച്ച കോവിഡ്-19 ന്നെ ഭീകര പകര്‍ച്ചവ്യാധി കൂട്ടം കൂടിയും ആഘോഷിച്ചും ജീവിച്ച മനുഷ്യരെ ഒറ്റയാന്മാരാക്കി വീട്ടിനുള്ളില്‍ അടച്ചിരിക്കുന്ന 2020 ന്റെ വിഷു ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല.

കാര്‍ഷിക സമൃദ്ധിയുടെ കാലം

കുട്ടിക്കാലത്ത് കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായിരുന്നു വിഷു. കൃത്യമായും വിഷുവിന്റെ വരവറിയിച്ച് മാര്‍ച്ച് മാസം അവസാനിക്കും മുന്നെ കണിക്കൊന്ന പൂത്തുലയും. സ്വര്‍ണ്ണച്ചാമരം വീശുന്ന ചാരുതയാര്‍ന്ന കാഴ്ചയാണത്. ഗ്രാമത്തിലെവിടെയും കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്നുണ്ടാവും. വീടുകളില്‍ കിഴങ്ങു വര്‍ഗ്ഗങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞതിനാല്‍ കാച്ചിലും ചേമ്പും കിഴങ്ങുമൊക്കെ ധാരാളം കാണും. പത്തായം നിറഞ്ഞ് നെല്ല്. അത് ആറു മാസത്തോളം കഴിക്കാനുണ്ടാവും. അതില്‍ നിന്നും അളന്നെടുത്ത നെല്ല് മുറ്റത്ത് വലിയ അടുപ്പില്‍ ചെമ്പുകലത്തില്‍ പുഴുങ്ങും. പുഴുങ്ങിയ നെല്ല് പനമ്പായില്‍ ചിക്കിയുണക്കി മില്ലില്‍ അരിയും ഉമിയും തവിടുമാക്കും. ഉമി നീറ്റി പല്ലുതേക്കാനുള്ള കരിയുണ്ടാക്കും. തവിടും തേങ്ങയും ശര്‍ക്കരയും പഴവും ചേര്‍ന്നാല്‍ രുചികരമായ കൂട്ടാവും. ചമ്പാവരിയുടെ സദ്യയാണ് വിഷുവിന് പ്രധാനം

നന്മയുടെ എണ്ണമണം

മലബാറില്‍ ഓണത്തേക്കാള്‍ കേമം വിഷുവാണ്. തെക്കന്‍ കേരളത്തില്‍ ഓണം കഴിഞ്ഞാല്‍ പിന്നെ വിശേഷം വിഷുതന്നെ. ഇരുപ്പൂ കൃഷിക്കിടയില്‍ പാകി കിളിപ്പിച്ച എള്ള് ഉണക്കി മാറ്റി വച്ചിട്ടുണ്ടാകും. എള്ളാട്ടുന്നതും ഏപ്രിലില്‍ തന്നെ. എള്ളെണ്ണ കേടാകില്ല, അതുകൊണ്ടാകാം അതിനെ നല്ലെണ്ണ എന്നു വിളിക്കുന്നതും. എള്ളിന്‍ പിണ്ണാക്ക് പശുക്കള്‍ക്കായി മാറ്റി വയ്ക്കും. എള്ളും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന എള്ളുണ്ടയും വിഷുക്കാലത്തിന്റെ ഓര്‍മ്മകളില്‍ നിറയുന്നൊരനുഭവമാണ്. എള്ളെണ്ണ തേച്ചാണ് കുളി. കുളി എന്നാല്‍ കുളത്തിലെ കുളിയാണ്. ഇന്നത്തെ പോലെയുള്ള ഷവര്‍ ബാത്തല്ല.

കണിയൊരുക്കം

അമ്മയും അമ്മുമ്മയും ചേര്‍ന്ന് തലേദിവസം തന്നെ കണിയൊരുക്കി വയ്ക്കും. ഓട്ടുവിളക്ക് ചാരവും പുളിയുമിട്ട് തേച്ചുമിനുക്കുമ്പോള്‍ മുഖം കാണാമെന്നു തോന്നും. അത്ര ഗുണമേന്മയായിരുന്നു അന്നത്തെ ഓട്ടുപകരണങ്ങള്‍ക്ക്. ഓടിന്റെ തന്നെ തളിക. തളികയില്‍ സ്വര്‍ണ്ണ കസവുള്ള പുതിയ മേല്‍മുണ്ട് വയ്ക്കും. പറമ്പില്‍ നിന്നെടുത്ത വെള്ളരിയും തേങ്ങയും ചെമ്പഴുക്കയും ചെറിയ ചക്കയും ആഞ്ഞിലിച്ചക്കയും പഴങ്ങളും കണിക്കൊന്നയും സ്വര്‍ണ്ണമോതിരവും സ്വര്‍ണ്ണ മാലയും കണ്ണാടിയും ശ്രീകൃഷ്ണന്റെ കുഞ്ഞുപ്രതിമയും നാണയവുമൊക്കെ കണിയുടെ ഭാഗമായുണ്ടാവും. ചന്ദനത്തിരി കത്തിക്കാനായി വാഴയുടെ തണ്ട് പകുതി കീറി അതില്‍ തിരികള്‍ കുത്തി നിര്‍ത്തും. എഴുതിരിയിട്ട് വിളക്കും തയ്യാറാക്കി വയ്ക്കും. വെളുപ്പിന് അമ്മയും അമ്മുമ്മയും കൂടി വിളക്കു കൊളുത്തിയ ശേഷം ഓരോരുത്തരെയായി വിളിച്ച് കിടപ്പുമുറിയില്‍ നിന്നും കണ്ണുപൊത്തി മുന്‍വശത്തെ മുറിയില്‍ കൊണ്ടുവന്ന് കണി കാണിക്കും.
Kaineettom

വിഷുക്കൈനീട്ടം

കുളി കഴിഞ്ഞു വരുമ്പോള്‍ അച്ഛന്‍ വിഷുക്കൈനീട്ടം തരും. പിന്നെ ഇഡലിയും സാമ്പാറും ചമ്മന്തിയും പഴവും അവിലുമൊക്കെയായി പ്രഭാത ഭക്ഷണം. പുതുവസ്ത്രം ഉണ്ടാവാറില്ല. അത് ഓണത്തിനും സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തിലുമായിരുന്നു കിട്ടിയിരുന്നത്. പിന്നീട് അയല്‍വീടുകളിലേക്കാണ് യാത്ര. എല്ലായിടത്തുനിന്നും വിഷുക്കൈനീട്ടം കിട്ടും.5 പൈസ, 10 പൈസ,25 പൈസ,50 പൈസ എന്നിങ്ങനെ ഒരു രൂപ വരെ കിട്ടാറുണ്ട്. ഏകദേശം ഒരു വര്‍ഷത്തേക്ക് അനാമത്ത് ചിലവിനുള്ള, പ്രത്യേകിച്ചും,ബഞ്ചിലിരുന്ന് സിനിമകള്‍ കാണാനുളള തുക സ്വരൂപിക്കാന്‍ വിഷു സഹായിച്ചിരുന്നു. അക്കാലത്ത് കണ്ട ആ തുട്ടുകളുടെ മഹത്വം പിന്നീട് വന്ന പണത്തിനൊന്നുമുണ്ടായില്ല എന്നു പറയാം.
Vishu sadya

വിഷുസദ്യ

ഉച്ചയ്ക്ക് ഗംഭീര സദ്യയാണ്. പരിപ്പും പപ്പടവും സാമ്പാറും അവിയലും തോരനും എരിശ്ശേരിയും പുളിശ്ശേരിയും രസവും മോരും പച്ചടിയും കിച്ചടിയും മാങ്ങ ഉപ്പിലിട്ടതും പ്രഥമനുമൊക്കെ ചേര്‍ന്ന ഓണ സദ്യക്ക് തുല്യമായ വിഷുസദ്യ. അന്നൊക്കെ ഇത്തരം സദ്യ വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഉണ്ടാവുകയുള്ളു. ഹോട്ടലില്‍ ഭക്ഷണം കഴിക്കുക, കുട്ടികളെ കല്യാണ സദ്യക്ക് കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങള്‍ അന്ന് ഉണ്ടായിരുന്നില്ല. ഉച്ച കഴിഞ്ഞ് നേരെ തീയറ്ററിലേക്കാണ്. ഒരു സിനിമ കാണുന്നതോടെ ആ വര്‍ഷത്തെ വിഷു കഴിയുകയായി. മലബാറിലെ പോലെ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന രീതി തിരുവിതാംകൂറിലുണ്ടായിരുന്നില്ല.
English Summary: Remembering Vishu -vishu ormma
Published on: 14 April 2020, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now