സാധാരണ ഇളനീരിനെ അടിമുടി പുതിയതാക്കി 'റോയല്‍ കരിക്ക്' എന്ന പേരോടുകൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുല്‍ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും.നാട്ടില്‍ സുലഭമായി കിട്ടുന്ന ഇളനീര്‍ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയില്‍നിന്നാണ് 'റോയല്‍ കരിക്ക്' ജന്മമെടുക്കുന്നത്. വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ള യുമായി പങ്കുവെച്ചു.സംഗതികൊള്ളാമെന്ന് തോന്നിയപ്പോള്‍, തന്റെ മൊബൈല്‍ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേര്‍ന്നു.നമ്മുടെ നാട്ടില്‍ തെങ്ങുകള്‍ ധാരാളം ഉണ്ടെങ്കിലും തമിഴ്നാട്ടില്‍നിന്നുള്ള ഇളനീരാണ് കടകളില്‍ എത്തുന്നതില്‍ അധികവും.കര്‍ഷകരില്‍നിന്ന് നേരിട്ട് വലിയ നാടന്‍ ഇളനീര്‍ ശേഖരിച്ച് കടകളില്‍ എത്തിച്ചായിരുന്നു 'റോയല്‍ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാന്‍ കടക്കാര്‍ക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടത്തിൽ പരാജയപ്പെട്ടങ്കിലും പദ്ധതിയില്‍നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല.
ഗുണമേന്മയുള്ള നാടന്‍ ഇളനീര്‍ ശീതീകരിച്ച് അതില്‍ വിളവെടുപ്പ് തീയതിമുതല്‍ പരമാവധി ഉപയോഗദിവസം വരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീര്‍) ഇളനീരിനെ വിപണിയില്‍ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാല്‍, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതല്‍ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറില്‍ വെക്കാനും മറ്റും കടക്കാര്‍ക്ക് ബുദ്ധിമുട്ടായി. അതുകൊണ്ടും ആശയത്തെ കൈവിടാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജന്‍ ഇളനീരിന് ഇവര്‍ ജന്മംനല്‍കി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാന്‍ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാന്‍ സൗകര്യം, ഒപ്പം കടക്കാര്‍ക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയല്‍ കരിക്ക് വിപണിയില്‍ ചലനമുണ്ടാക്കി. കര്‍ഷകരില്‍നിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതല്‍ വെള്ളമുള്ളതുമായ വലിയ നാടന്‍ ഇളനീര്‍ ആണ് ഇവര്‍ ശേഖരിക്കുന്നത്.
തെങ്ങില്‍നിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേല്‍ക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്‌ട്രോ ഇട്ട് കുടിക്കാന്‍വേണ്ടി പ്രത്യേകം നിര്‍മിച്ച ചാലില്‍ മരത്തിന്റെ ക്വാര്‍ക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാര്‍ക്ക് താഴേക്ക് അമര്‍ത്തിയാല്‍ കരിക്ക് കുടിക്കാന്‍ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലില്‍ ഒന്നുകൂടെ അമര്‍ത്തിയാല്‍ മൃദുവായ ചിരട്ട അടര്‍ന്നുമാറുന്നു. ഇതോടെ ഉള്‍ക്കാമ്പും യഥേഷ്ടം കഴിക്കാനാകും. നാളീകേര വികസന ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയല്‍ കരിക്കി'ന് രൂപംനല്‍കിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയല്‍ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ഇവർക്ക് പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.
ഫോൺ: 90486325