തിരുവനന്തപുരം: റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ (Revenue Deficit Grant-RDG) എട്ടാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ധന വിനിയോഗ വകുപ്പ് അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചിരിക്കുന്നത്. കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും.
2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ ചെയ്ത സഹായധനം 12 തുല്യ പ്രതിമാസ ഗഡുക്കളായി ധന വിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിക്കും. 2022 നവംബർ മാസത്തെ എട്ടാം ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആകെ റവന്യൂകമ്മി സഹായധനം 57,467.33 കോടി രൂപയായി ഉയർന്നു.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്ക് സ്വന്തം വീട്ടിൽ തന്നെ സംരംഭം തുടങ്ങാം - ഒരു ലക്ഷം ധനസഹായം ലഭിക്കും
ഭരണഘടനയുടെ 275-ാം അനുച്ഛേദ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് റവന്യൂകമ്മി സഹായധനം നൽകുന്നത്. സംസ്ഥാനങ്ങളുടെ റവന്യൂ അക്കൗണ്ടുകളിലെ കമ്മി നികത്താൻ തുടർച്ചയായി ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾ പ്രകാരം സംസ്ഥാനങ്ങൾക്ക് സഹായധനം അനുവദിക്കുന്നു.
2022-23 കാലയളവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ റവന്യൂകമ്മി സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ.