ഫാം ടൂറിസത്തിന്റെ സാധ്യതകൾ മുൻനിർത്തി അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം. കേരളത്തിലെ ഏക ജൈവ സർട്ടിഫൈഡ് ഫാമായ തുരുത്ത് ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
വിവിധ വികസന പ്രവർത്തനങ്ങൾക്കായി 9 കോടി രൂപ അനുവദിച്ച് പ്രവർത്തനങ്ങളുടെ ടെൻഡർ നടപടി പൂർത്തിയായി കഴിഞ്ഞതായി അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം തന്നെ യാത്രാ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഫാമിലേക്ക് പാലവും, ബോട്ട് ജെട്ടിയും, മതിൽക്കെട്ടുകളും റോഡുകളും തൊഴുത്തും നിർമിക്കുന്നതിന് കൃഷി വകുപ്പിന്റെ ആർ.ഐ.ഡി.എഫ് ഫണ്ടിൽ നിന്ന് 6.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപയുടെ പുതിയ ബോട്ട് വാങ്ങും. ശതാബ്ദി കവാടത്തിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ വകയിരുത്തി ബോട്ട് ജെട്ടി സ്ഥാപിക്കും.
ഫാമിന്റെ തൂമ്പത്തോട് വശത്തുള്ള അതിർത്തി സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുകയും ഇവിടെ മറ്റൊരു ബോട്ടുജെട്ടി നിർമ്മിക്കുകയും ചെയ്യും . കാലടി- ദേശം റോഡിൽ നിന്നും തൂമ്പകടവിലേക്ക് അപ്രോച് റോഡ് നിർമിക്കുന്നതിന് രാഷ്ട്രീയ കൃഷിവികാസ് യോജന (RKVY) പദ്ധതിയിൽ 2.3114 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
ഊർജ്ജ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഫാമിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനും, ഓഫീസിന്റെ പ്രവർത്തനങ്ങൾ സൗരോർജത്തിൽ ആക്കുന്നതിനും ജില്ലാ പഞ്ചായത്ത് നാല് ലക്ഷം രൂപ അനേർട്ടിന് കൈമാറിയിട്ടുണ്ട്.
ഓഫീസും ജലസേചന സൗകര്യങ്ങളുമടക്കം എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരമേല്‍ക്കൂര സ്ഥാപിച്ച് അതിലൂടെ പ്രവര്‍ത്തിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
പരമ്പരാഗത നെല്ലിനങ്ങളുടെ വിത്ത് ലഭിക്കുന്ന കേരളത്തിലെ ഏക കേന്ദ്രമാണ് ആലുവ വിത്തുൽപാദന കേന്ദ്രം. വിത്തിന്റെ ആവശ്യം കഴിഞ്ഞു മിച്ചംവരുന്ന നെല്ല് മൂല്യവര്‍ധനവിലൂടെ പലതരം ഉൽപ്പന്നങ്ങളാക്കി ഇവിടുന്ന് വില്‍പ്പന നടത്തുന്നുണ്ട്. പൂര്‍ണമായും ജൈവരീതിയിലാണ് ഇവിടുത്തെ കൃഷി. തവിട് നിലനിര്‍ത്തിയാണ് ജീവനി അരിയും രക്തശാലി അരിയും പുട്ടുപൊടിയും അവലും അടക്കമുള്ള ഉൽപ്പന്നങ്ങള്‍ തയ്യാറാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്ന് കൂൺകൃഷിയിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ ഭീമ ഇനം കൃഷി ചെയ്യൂ..
ജൈവകൃഷിക്കാര്‍ക്കായി ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം,ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ച് വളര്‍ച്ചക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന പഞ്ചഗവ്യം, കുണപ്പജല,വെര്‍മിവാഷ്, അമിനോഭിഷ് എന്നിവയും ജിവാണു വളമായ മൈക്കോറൈസ,കീടവികര്‍ഷിണിയായ എക്‌സ്‌പ്ലോഡ് (XPLOD) എന്നിവയെല്ലാം ഓര്‍ഡര്‍ പ്രകാരം ഇവിടുന്ന് നല്‍കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഞങ്ങളും കൃഷിയിലേക്ക്: കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണമെന്ന് പിണറായി വിജയൻ
സീസണനുസരിച്ച് മഞ്ഞല്‍പൊടി, രാഗി, ചിയാ (SUPEROOD). വെളിച്ചെണ്ണ, മത്സ്യം, മുട്ട എന്നിവയും ഇവിടെ വില്‍പ്പനക്കായി ലഭ്യമാക്കാറുണ്ട്.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ശാസ്ത്രീയമായ കൃഷിരീതി കർഷകർക്ക് പരിചയപ്പെടുത്തുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച "ഹെൽത്തി റൈസ് ത്രു എക്കോളജിക്കൽ എൻജിനീയറിങ് പ്രാക്ടീസസ് ഇൻ ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റം" എന്ന പുസ്തകത്തെ കുറിച്ച് ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കൃഷി അസിസ്റ്റൻറ് ഡയറക്ടർ ലിസിമോൾ.ജെ. വടക്കൂട്ട് വാർത്താസമ്മേളനത്തിൽ സംസാരിച്ചു. പരിസ്ഥിതി ദിനത്തിൽ കൃഷി മന്ത്രി പി. പ്രസാദ്,നടൻ മമ്മൂട്ടിക്ക് ആദ്യ പ്രതി നൽകി പ്രസിദ്ധീകരിച്ച പുസ്തകം പരിസ്ഥിതിക്കും, ഭക്ഷ്യ സുരക്ഷക്കൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ട രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്.