1. സംസ്ഥാനത്തെ റബർ സബ്സിഡി 180 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റബർ സബ്‌സിഡി ഉയർത്തുമെന്ന് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി നടപ്പാക്കിയത്. വിപണി വിലയിൽ കുറവുവരുന്ന തുകയാണ് സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നത്. സംസ്ഥാനത്തെ റബർ കർഷകർക്ക് ഉൽപാദന ബോണസായി 24.48 കോടി രൂപ കൂടി നൽകും. ഇതോടെ റബർ ബോർഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവൻ പേർക്കും സബ്‌സിഡി ബാങ്ക് അക്കൗണ്ടിലെത്തും.
2. റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ. ഐ. സിക്കും ഐ. ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. ഇടുക്കി ജില്ലയിലെ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തുന്ന മത്സ്യക്കുഞ്ഞുങ്ങളും ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളും അലങ്കാര മത്സ്യക്കുഞ്ഞുങ്ങളും വില്‍പനക്ക്. മാര്‍ച്ച് 19, 20 തീയതികളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വില ഈടാക്കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 8075301290, 9847485030, 04682214589 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
4. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മാർച്ച് 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയാകാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ താപനില 38°C വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ താപനില 37 °C വരെയും ഉയർന്നേക്കാം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: റബർ വിലയിലെ വർധനവ്: കയറ്റുമതി വർധിപ്പിക്കാനൊരുങ്ങി റബർ ബോർഡ്