1. സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്റില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം ഇന്ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് ആദ്യ വിൽപ്പന നൽകി. ശബരി കെ-റൈസ് ജയ അരി കിലോയ്ക്ക് 29 രൂപയും, മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിൽക്കുക. പൊതുജനങ്ങൾക്ക് നല്ല അരി കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സപ്ലൈക്കോ വഴി ശബരി കെ റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 5 കിലോ അരിയുടെ പാക്കറ്റാണ് നൽകുക. തിരുവന്തപുരം മേഖലയിൽ ജയ അരിയും എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് എന്നീ മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
2. റാണി കായൽ പാടശേഖരത്തിലെ വിളവെടുപ്പ് ഉത്സവം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. 139.16 ഹെക്ടർ നിലത്തിലെ കൊയ്ത്തിനാണ് തുടക്കമായത്. കര്‍ഷകര്‍ക്ക് പി.ആര്‍.സ്. സംവിധാനം വഴി നിശ്ചിത സമയത്തിനുള്ള പണം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ഷകരെ സഹായിക്കാത്ത ബാങ്കുകളുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉത്പാദനത്തില്‍ റാണി കായല്‍ കുട്ടനാട്ടില്‍ മുന്‍പന്തിയിലാണെന്നും ഗുണമേന്മയുള്ള ഭക്ഷണം നല്‍കുന്ന കുട്ടനാടന്‍ മണ്ണ് എല്ലാകാലത്തും സംരക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തോമസ് കെ. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് മറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
3. പാലക്കാട് ജില്ലയിൽ മുതലമട കൃഷിഭവന് കീഴിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ MIDH 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച സാലഡ് കുകുംബറിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ കൃഷി ഓഫീസർ പ്രദീപൻ നിർവഹിച്ചു. 4300 ചെടികളാണ് നട്ടിട്ടുള്ളത്. ഒരു ചെടിയിൽ നിന്നും 7 മുതൽ 10 kg വരെ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. രാമചന്ദ്രൻ എന്ന കർഷകനാണ് കൃഷി മികച്ച രീതിയിൽ വിജയകരമായി ചെയ്തു വരുന്നത്.
4. ചൂട് കൂടി ചുട്ട് പൊള്ളി കേരളം. സാധാരണ താപനിലയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ 38 ഡിഗ്രി വരെയും തൃശ്ശൂർ ജില്ലയിൽ 37 ഡിഗ്രിയും കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: മാർച്ച് 14 വരെ കേരളത്തിൽ താപനില സാധാരണയെക്കാൾ ഉയരാൻ സാധ്യത