ചന്ദനത്തിന്റെ വെള്ള മൂല്യവർദ്ധിത ഉത്പന്നമാക്കി വിറ്റഴിക്കാൻ തീരുമാനം. ചന്ദനത്തിന്റെ വെള്ള ഫയർ ബ്രിക്കറ്റാക്കി വിറ്റഴിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ക്ലാസ് XV-ൽ ഉൾപ്പെട്ട സാപ് വുഡ് ചന്ദനത്തെ (ചന്ദന വെള്ള) വീണ്ടും ചെറുതാക്കി ഫയർ ബ്രിക്കറ്റ് ആക്കി വിറ്റഴിക്കാനാണ് തീരുമാനം.
ബന്ധപ്പെട്ട വാർത്തകൾ: 2 ലക്ഷം രൂപ വരെ സബ്സിഡിയോട് കൂടിയ വായ്പയ്ക്ക് അപേക്ഷിക്കാം
ചന്ദനവെള്ള ചിപ്സ് ബ്രിക്കറ്റ്സ് കൂടി ഉൾപ്പെടുത്തി കേരള ഫോറസ്റ്റ് കോഡിൽ ഭേദഗതി വരുത്തും. ചന്ദനവെള്ള അതേപടി വിറ്റഴിക്കുന്നതിന് മറ്റിനങ്ങളെ അപേക്ഷിച്ച് വിപണി സാധ്യത കുറവാണ്. മറയൂർ ചന്ദന ഡിപ്പോയിൽ കെട്ടിക്കിടക്കുന്ന ചന്ദന വെള്ള ചിപ്സ് വിറ്റഴിക്കുന്നതിന് വിപണി സാധ്യത വർധിപ്പിക്കാനാണ് ഇത് മൂല്യവർദ്ധിത ഉൽപന്നമാക്കി മാറ്റുന്നത്. രണ്ട് വർഷത്തിനുള്ളിൽ ചന്ദനവെള്ള വിറ്റഴിച്ചില്ലെങ്കിൽ അവ ചിതൽ പിടിച്ചും കറുപ്പുനിറം ബാധിച്ചും നശിച്ചു പോകും. ഇപ്പോൾ ഏതാനും മരുന്ന് നിർമ്മാണ കമ്പനികൾ മാത്രമാണ് ഇത് വാങ്ങുന്നത്. ഇത്തരത്തിൽ നശിച്ചുപോകാൻ ഇടയുള്ള സാധനങ്ങൾ മൂല്യവർദ്ധനവ് വരുത്തി വിൽപന നടത്തുന്ന പ്രവർത്തികൾ വനാശ്രിത കൂട്ടായ്മയായ വന സംരക്ഷണ സമിതി, വന വികാസ ഏജൻസി എന്നിവയ്ക്ക് ഏറ്റെടുത്തു നടത്താവുന്നതും ഇതുവഴി വനാശ്രിത സമൂഹത്തിന് കൂടുതൽ തൊഴിലവസരങ്ങളും വരുമാനവും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചന്ദനവെള്ള ചിപ്സ് ബ്രിക്കറ്റ് ആക്കി വിൽപന നടത്തുമ്പോൾ കിലോ ഗ്രാമിന് 500 മുതൽ 1,000 രൂപ വരെ വില ലഭിക്കാൻ സാധ്യതയുണ്ട്. ചന്ദനവെള്ള ഫയർ ബ്രിക്കറ്റ് ആക്കി നൽകുമ്പോൾ പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുമെന്നും മതപരമായ ചടങ്ങുകളിൽ വരെ ഇത് ഉപയോഗിക്കാൻ സാധിക്കുമെന്നും വനം വകുപ്പ് കരുതുന്നു. ഉപയോഗ ശൂന്യമാകുന്ന ചന്ദനവെള്ള ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ ഗണ്യമായ റവന്യൂ വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.